റോജര്‍ ഫെഡറര്‍ സെമിയില്‍

Friday 3 January 2014 8:05 pm IST

ബ്രിസ്ബെന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടി നേരിട്ട ഫെഡറര്‍ 2014-ലെ ആദ്യ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ബ്രിസ്ബെന്‍ അന്താരാഷ്ട്ര ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പാണ്‌ ഫെഡററുടെ തിരിച്ചുവരവിന്‌ സാക്ഷ്യം വഹിക്കുന്നത്‌. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം മാരിന്‍കോ മറ്റോസെവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ റോജര്‍ ഫെഡറര്‍ സെമിയിലേക്ക്‌ കുതിച്ചത്‌. 57 മിനിറ്റ്‌ മാത്രം നീണ്ടുനിന്ന തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ 6-1, 6-1 എന്ന സ്കോറിനാണ്‌ ടോപ്‌ സീഡ്‌ ഫെഡറര്‍ ഓസീസ്‌ താരത്തെ കീഴടക്കിയത്‌.
മറ്റൊരു പോരാട്ടത്തില്‍ രണ്ടാം സീഡ്‌ ജപ്പാന്റെ കി നിഷികോരി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെ തകര്‍ത്ത്‌ സെമിയില്‍ സ്ഥാനം പിടിച്ചു. രണ്ട്‌ മണിക്കൂറും 37 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ നിഷികോരി അവസാന നാലില്‍ എത്തിയത്‌. സ്കോര്‍ 6-4, 5-7, 6-2. മറ്റൊരു മത്സരത്തില്‍ എട്ടാം സീഡ്‌ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡി നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ഓസ്ട്രേലിയയുടെ സാമുവല്‍ ഗ്രോത്തിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഒരു മണിക്കൂറും ഒമ്പത്‌ മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-5, 6-4 എന്ന സ്കോറിനായിരുന്നു ജെര്‍മി ചാര്‍ഡിയുടെ വിജയം. ടോപ്‌ സീഡ്‌ റോജര്‍ ഫെഡററാണ്‌ സെമിയില്‍ ജെര്‍മി ചാര്‍ഡിയുടെ എതിരാളി.
ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റ്‌ 6-4, 6-2 എന്ന സ്കോറിന്‌ റുമാനിയയുടെ മാരിസ്‌ കോപിലിനെ പരാജയപ്പെടുത്തി അവസാന നാലില്‍ ഇടംപിടിച്ചു. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്നു. സെമിയില്‍ ഹെവിറ്റ്‌ നിഷികോരിയുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.