റയോണ്‍സ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓണത്തിന്‌ മുമ്പ്‌ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക

Thursday 25 August 2011 10:56 pm IST

പെരുമ്പാവൂര്‍: കഴിഞ്ഞ ഒമ്പത്‌ വര്‍ഷക്കാലമായി പെരുമ്പാവൂര്‍ നഗരസഭയ്ക്കകത്ത്‌ പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ഓണം ഉത്സവബത്തയും മറ്റ്‌ ആനുകൂല്യങ്ങളും ഇത്തവണ ഓണത്തിന്‌ മുമ്പ്‌ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നു. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യുന്നതിനായി ഇന്നലെ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബുബേബിജോണ്‍ നേരിട്ട്‌ യോഗം വിളിച്ചിരുന്നതാണ്‌ എന്നാല്‍ ആയോഗം നടക്കാതെ പോവുകയും സെപ്തംബര്‍ 3ലേക്ക്‌ മാറ്റുകയും ചെയ്തതാണ്‌ തൊഴിലാളികളില്‍ ആശങ്കക്ക്‌ ഇടവരുത്തിയിരിക്കുന്നത്‌.
രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ്‌ ഈ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടത്‌. കഴിഞ്ഞ ഓണത്തിന്‌ പൂട്ടിക്കിട്ടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന ഉത്സവബത്തയായി 1875 രൂപയും അതുകൂടാതെ മറ്റാനുകൂല്യങ്ങളുടെ ആദ്യഗഡുവായി 5000 രൂപയും ലഭിച്ചിരുന്നുവെന്നും പറയുന്നു. എന്നാല്‍ സെപ്തംബര്‍ 3ന്‌ ശേഷം 5,6,7 തീയ്യതികളില്‍ മാത്രമാണ്‌ ഓണത്തിന്‌ മുമ്പ്‌ പ്രവര്‍ത്തിദിനങ്ങളായിട്ടുള്ളത്‌. മൂന്ന്‌ ദിവസത്തിനുള്ളില്‍ ഈ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സാധിക്കുമോ എന്നതാണ്‌ തൊഴിലാളികളുടെ ആശങ്ക. ജൂലൈ 19നാണ്‌ അവസാനമായി യോഗം നടന്നത്‌ എന്നും അന്ന്‌ കമ്പനിയില്‍ നിന്നും പിരിഞ്ഞ്‌ പോയവര്‍ക്ക്‌ സര്‍വീസിലുള്ള വര്‍ക്കൊപ്പം ആനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌ യൂണിയനുകള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട്‌ യോഗങ്ങള്‍ ഒന്നും നടക്കാത്തതും തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌. 1992ന്‌ ശേഷം പിരിഞ്ഞു പോയവര്‍ക്കും, ജോലിയില്‍ തുടരുന്നവര്‍ക്കും, പിഎഫ്‌, ഗ്രാറ്റിവിറ്റി അടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ്‌ യൂണിയനുകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ഇന്നലെ യോഗം നടന്നിരുന്നെങ്കില്‍ എടുക്കുന്ന തീരുമാനം നടപ്പിലാക്കുന്നതിനും, പുനഃപരിശോധിക്കുന്നതിനും വളരെയേറെ സമയംകിട്ടുമായുരുന്നുവെന്നും യൂണിയന്‍ ഭാരവാഹികളും പറയുന്നു.