പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ കനത്ത സുരക്ഷാവലയം

Friday 3 January 2014 10:05 pm IST

കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇന്ന്‌ കൊച്ചിയില്‍. പെട്രോനെറ്റ്‌ എല്‍എന്‍ജി ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഞായറാഴ്ച മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബിന്റെ ശതാഭിഷേക ചടങ്ങും മന്‍മോഹന്‍സിംഗ്‌ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ വരവിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ്‌ കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്‌. നഗരത്തില്‍ മാത്രം 1500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്‌.
സംസ്ഥാനത്തെ മാവോയിസ്റ്റ്‌ സാന്നിധ്യവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും മുമ്പ്‌ ഇല്ലാത്ത വിധത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കാരണമായിട്ടുണ്ട്‌. പാചകവാതക വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതിന്‌ പിന്നാലെയുള്ള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന ആശങ്കയും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ പ്രേരിപ്പിച്ച കാര്യങ്ങളില്‍പ്പെടുന്നു.
ഇതിനിടെ, പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന്‌ സിപിഎം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെ ബഹിഷ്കരിക്കാന്‍ സിപിഐഎംഎല്‍ (റെഡ്ഫ്്ല‍ാഗ്‌) ആഹ്വാനം ചെയ്തിട്ടുണ്ട്‌.
ഇന്ന്‌ വൈകിട്ട്‌ പുതുവൈപ്പിനില്‍ എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന്‌ സമര്‍പ്പിക്കുന്ന ചടങ്ങിനുശേഷം അദ്ദേഹം കൊച്ചിയില്‍ തങ്ങും. നാളെ മാതൃഭൂമിയുടെ നവതിയാഘോഷ ചടങ്ങിലും എം.എം. ജേക്കബിന്റെ ശതാഭിഷേക പരിപാടിയിലും പങ്കെടുത്തശേഷം ദല്‍ഹിക്ക്‌ മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.