എല്‍എന്‍ജി ടെര്‍മിനല്‍ പ്രതീക്ഷകള്‍ പൂവണിയുമോ

Friday 3 January 2014 10:07 pm IST

കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇന്ന്‌ രാജ്യത്തിന്‌ സമര്‍പ്പിക്കുന്ന പെട്രോനെറ്റ്‌ എല്‍എന്‍ജി ടെര്‍മിനല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വ്യവസായിക വികസനത്തിന്‌ കരുത്തു പകരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. ഊര്‍ജ്ജ മേഖലയിലും ഫെര്‍ട്ടിലൈസര്‍ വ്യവസായ രംഗത്തും ആണ്‌ എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രയോജനം ലഭിക്കുക. ജൈവ ഇന്ധനങ്ങള്‍ക്ക്‌ ചെലവേറിയതും ആണവോര്‍ജം പ്രതിഷേധത്തിനിടയാക്കുന്നതുമാണ്‌ എല്‍എന്‍ജിയെ പ്രിയങ്കരമാക്കുന്നത്‌. കൊച്ചി നഗരത്തിലെ വീടുകളില്‍ പൈപ്പുകള്‍ വഴി ഗ്യാസ്‌ എത്തിക്കുന്നതിനുള്ള പദ്ധതിയും ഇതോടെപ്പം പരിഗണനയിലുണ്ട്‌.
എല്‍പിജിയെക്കാള്‍ കുറഞ്ഞ ചെലവില്‍ പാചകവാതകം നല്‍കാന്‍ ഇതുവഴി കഴിയും. എന്നാല്‍ ഈ പദ്ധതികള്‍ പ്രായോഗികമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ്‌ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നത്‌. സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കോ അയല്‍ സംസ്ഥാനങ്ങലിലേക്കോ എല്‍എന്‍ജി എത്തിക്കാനുള്ള പൈപ്പ്‌ ലൈന്‍ സ്ഥാപിക്കല്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നഗരത്തില്‍ വാതക വിതരണത്തിനാവശ്യമായ പൈപ്പ്‌ ലൈനുകള്‍ സ്ഥാപിക്കാനും അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കാനും ഇനിയും വര്‍ഷങ്ങളെടുത്തേക്കും. 4500 കോടിയില്‍ പരം രൂപ ചെലവഴിച്ച്‌ പണിപൂര്‍ത്തിയാക്കിയ ടെര്‍മിനലിന്റെ സ്ഥാപിതശേഷിയുടെ എട്ട്‌ ശതമാനം മാത്രമാണ്‌ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്‌. കൊച്ചി- മംഗലാപുരം- ബാംഗ്ലൂര്‍ വാതകപൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. വന്‍ മുതല്‍ മുടക്കില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുനന ടെര്‍മിനല്‍ ഫലത്തില്‍ ഇപ്പോള്‍ കാര്യമായി പ്രയോജനപ്പെടാത്ത അവസ്ഥയാണ്‌.
ദീര്‍ഘവീക്ഷണത്തോടെ പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ടായ വീഴ്ചയാണ്‌ ടെര്‍മിനലിനെ നോക്കുകുത്തിയാക്കുന്നത്‌. ആസ്ത്രലിയയില്‍ നിന്നാണ്‌ കപ്പല്‍ മാര്‍ഗ്ഗം ടെര്‍മിനലിലേക്ക്‌ പ്രകൃതി വാതകം എത്തിക്കുന്നത്‌. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിന്‌ വരുന്ന ചെലവിനേക്കാള്‍ കൂടിയ തുകക്കാണ്‌ കരാറെന്നും ആക്ഷേപമുണ്ട്‌. കൂടിയ തുകക്ക്‌ പ്രകൃതി വാതകം വാങ്ങുന്നത്‌ മൂലം ഉണ്ടാകുന്ന നഷ്ടം നികത്തണമെങ്കില്‍ ടെര്‍മിനല്‍ പൂര്‍ണ്ണമായും ഉപയോഗക്ഷമാവണം. അതിനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ എല്‍ എന്‍ജി ടെര്‍മിനല്‍ വന്‍ ബാധ്യതയായി മാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.