തേക്കടി ബോട്ട്‌ ദുരന്തം: ടൂറിസം വകുപ്പ്‌ ഗുരുതരവീഴ്ച്ച വരുത്തി

Thursday 25 August 2011 11:09 pm IST

തിരുവനന്തപുരം: തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ 45 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെടിഡിസിയ്ക്കും ടൂറിസം വകുപ്പിനും ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ചു അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍കുഞ്ഞ്‌ കമ്മീഷന്‍ ഇന്നലെ മുഖ്യമന്ത്രിയ്ക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
ബോട്ടിന്റെ രൂപകല്‍പനയില്‍ വീഴ്ചയുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാ ബോട്ടുകളില്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ല. കാര്യക്ഷമതയില്ലാത്ത ബോട്ടാണ്‌ കെടിഡിസി വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. യാതൊരു പരിശോധനയും നടത്താതെയാണ്‌ കെടിഡിസി ബോട്ട്‌ വാങ്ങിയത്‌. ബോട്ടിന്റെ കാര്യക്ഷമത സംബന്ധിച്ചു കെടിഡിസി പരിശോധന നടത്തിയില്ല. പരിശോധന സംബന്ധിച്ച ഐ.ആര്‍. എസ്‌ സര്‍ട്ടിഫിക്കറ്റും സ്റ്റെബിലിറ്റി ബുക്ക്‌ ലെറ്റും ഇല്ലാതെയാണ്‌ ബോട്ട്‌ വാങ്ങിയത്‌. ബോട്ട്‌ നിര്‍മാണത്തില്‍ നേവല്‍ ആര്‍ക്കിട്ടെക്ചര്‍ മേല്‍നോട്ടം വഹിക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല. ബോട്ട്‌ വാങ്ങിയശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയതോടെ ഇതിന്റെ ഘടനയില്‍ മാറ്റമുണ്ടായതായും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.കെടിഡിസി എം. ഡി കെ ജി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കര്‍, പ്ലാനിങ്‌ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍, കെടിഡിസിഡെപ്യൂട്ടി മാനേജര്‍ മനോജ്‌ മാത്യു, ചീഫ്‌ ബോട്ട്‌ ഇന്‍സ്പെക്ടര്‍ എം മാത്യു, ബോട്ട്‌ സൂപ്പര്‍വൈസര്‍ തേവന്‍, ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ബോട്ടിന്റെ ലസ്കര്‍ അനീഷ്‌, ബോട്ടിന്റെ നിര്‍മാതാക്കളായ ചെന്നൈ വിഗ്നേഷ്‌ മറൈന്‍ ടെക്നിക്കല്‍ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എം.ഡി എന്‍ എ ഗിരീഷ്‌ എന്നിവര്‍ ബോട്ട്‌ ദുരന്തത്തില്‍ കുറ്റക്കാരാണെന്നും കമ്മീഷന്‍ കണ്ടെത്തി.
പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ്‌ അപകടകാരണം. 75 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ ബോട്ടിനുള്ളൂ. എന്നാല്‍, ദുരന്തസമയത്തു ബോട്ടില്‍ 92 പേരുണ്ടായിരുന്നു. ആളുകള്‍ കൂടുതലും ബോട്ടിന്റെ മേല്‍ത്തട്ടിലായിരുന്നു. പെട്ടെന്നു വെട്ടിത്തിരിച്ചപ്പോള്‍ അമിതഭാരത്താല്‍ ബോട്ട്‌ 180 ഡിഗ്രി ചരിഞ്ഞതിനെത്തുടര്‍ന്ന്‌ അപകടത്തില്‍പ്പെടുകയായിരുന്നു. 88 ട്രിപ്പുകളാണ്‌ ഈ ബോട്ട്‌ നടത്തിയിട്ടുള്ളത്‌. ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാവാതിരുന്നതിലാണ്‌ മുമ്പ്‌ അപകടം സംഭവിക്കാതിരുന്നത്‌. പരിശീലനവും പ്രവര്‍ത്തിപരിചയവുമില്ലാത്ത ആളാണ്‌ ബോട്ട്‌ ഓടിച്ചത്‌. സ്രാങ്ക്‌ ഓടിക്കേണ്ട ബോട്ട്‌ പരിശീലനമില്ലാത്ത ഡ്രൈവര്‍ ഓടിക്കുകയായിരുന്നു. മരക്കുറ്റിയിലിടിച്ചല്ല ബോട്ട്‌ മുങ്ങിയത്‌. ബോട്ടിന്റെ തകിട്‌ വളഞ്ഞിരുന്നതു അപകടത്തിനിടയാക്കിയെന്നതും കമ്മീഷന്‍ തള്ളിക്കളഞ്ഞു. രക്ഷാപ്രവര്‍ത്തനസമയത്താണ്‌ ഇതു സംഭവിച്ചതെന്നാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍.
ബോട്ടില്‍ ആവശ്യമായ സുരക്ഷാസംവിധാനമില്ലാതിരുന്നതു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ദുരന്തസമയത്തു യാത്രക്കാര്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നില്ല. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു സര്‍ക്കാര്‍ മാരിടൈം ബോര്‍ഡ്‌ രൂപീകരിക്കണം. ബോട്ടുകളുടെ പരിശോധന, ഡ്രൈവര്‍മാരുടെ പരിശീലനം എന്നിവ മാരിടൈം ബോര്‍ഡ്‌ വഴി നടത്തണം. ദുരന്തത്തിനിരയാവുന്നവര്‍ക്കു ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. 232 പേജുള്ള റിപ്പോര്‍ട്ടില്‍ ദുരന്തമൊഴിവാക്കുന്നതിനു 22 നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.