സെറീനക്ക്‌ കിരീടം

Saturday 4 January 2014 9:00 pm IST

ബ്രിസ്ബെന്‍: നിലവിലെ കിരീട ജേത്രിയും ലോക ഒന്നാം നമ്പര്‍ താരവുമായ അമേരിക്കയുടെ സെറീന വില്ല്യംസ്‌ ബ്രിസ്ബെന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ്‌ കിരീടം നിലനിര്‍ത്തി. ഇന്നലെ നടന്ന ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസാരങ്കയെ തകര്‍ത്താണ്‌ സെറീന പുതുവര്‍ഷത്തിലെ ആദ്യ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയത്‌. ഒരു മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-4, 7-5 എന്ന സ്കോറിനാണ്‌ സെറീന വിജയം പിടിച്ചെടുത്തത്‌. ഇരുവരും ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 14-ാ‍ം വിജയമാണ്‌ സെറീനയുടേത്‌.
എതിരാളിക്ക്‌ കാര്യമായ അവസരങ്ങള്‍ നല്‍കാതെയായിരുന്നു സെറീനയുടെ മുന്നേറ്റം. അദ്യ സെറ്റ്‌ അനായാസം നേടിയ സെറീന രണ്ടാം സെറ്റില്‍ അസരങ്ക ഉര്‍ത്തിയ വെല്ലുവിളി തരണം ചെയ്ത്‌ വിജയം പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ച്ചയായ 22-ാ‍ം വിജയമാണ്‌ ബ്രിസ്ബെന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വിജയത്തോടെ സെറീന തന്റെ പേരില്‍ കുറിച്ചത്‌. ഈ മാസം 13ന്‌ സീസണിലെ ആദ്യ ഗ്രാന്റ്‌ സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കെ സെറീനയുടെ കിരീട നേട്ടം മറ്റ്‌ താരങ്ങള്‍ക്കുള്ള മുന്നറിപ്പാണ്‌.
സെമി ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മറിയ ഷറപ്പോവയെ കീഴടക്കിയാണ്‌ സെറീന ഫൈനലില്‍ എത്തിയിരുന്നത്‌. പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറും ടോപ്‌ സീഡുമായ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ബ്രിസ്ബെന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലല്‍ പ്രവേശിച്ചു. സെമിഫൈനലില്‍ എട്ടാം സീഡ്‌ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ്‌ ഫെഡറര്‍ കലാശക്കളിക്ക്‌ യോഗ്യത നേടിയത്‌. സ്കോര്‍ 6-3, 6-7 (3-7), 6-3. ആദ്യസെറ്റ്‌ അനായാസം സ്വന്തമാക്കിയ ഫെഡററെ ഞെട്ടിച്ചുകൊണ്ട്‌ ചാര്‍ഡി രണ്ടാം സെറ്റ്‌ സ്വന്തമാക്കി. ടൈബ്രേക്കറിനൊടുവിലാണ്‌ ചാര്‍ഡി രണ്ടാം സെറ്റില്‍ ഫെഡററെ കീഴടക്കിയത്‌. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ഫെഡറര്‍ മൂന്ന്‌ ഗെയിം മാത്രം വിട്ടുകൊടുത്ത്‌ മത്സരം സ്വന്തം പേരിലാക്കുകയായിരുന്നു.
മറ്റൊരു പോരാട്ടത്തില്‍ രണ്ടാം സീഡ്‌ ജപ്പാന്റെ കി നിഷികോരി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കി ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റും ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍ 7-5, 4-6, 3-6. ആദ്യ സെറ്റ്‌ സ്വന്തമാക്കിയശേഷമാണ്‌ നിഷികോരി ലെയ്ട്ടണ്‍ ഹെവിറ്റിന്‌ മുന്നില്‍ മത്സരം അടിയറവ്‌ വെച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.