അണ്ടര്‍ 19 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌: ഇന്ത്യ രാജാക്കന്മാര്‍

Saturday 4 January 2014 9:00 pm IST

ഷാര്‍ജ: ഇന്ത്യന്‍ കൗമാരനിര ഏഷ്യന്‍ ചാമ്പ്യന്മാരായി. 19 വയസ്സിന്‌ താഴെയുള്ളവര്‍ക്കായി നടന്ന ഏഷ്യാകപ്പ്‌ ക്രിക്കറ്റിലാണ്‌ വിജയ്‌ സോളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവ കിരീടം ചൂടിയത്‌. ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നടന്ന ഏറെ ആവേശകരമായ ഫൈനലില്‍ 40 റണ്‍സിന്‌ പാക്കിസ്ഥാനെ തകര്‍ത്താണ്‌ നീലക്കുപ്പായത്തിലെ കുട്ടിപ്പോരാളികള്‍ ഏഷ്യന്‍ രാജാക്കന്മാരായത്‌. ഗ്രൂപ്പ്‌ മത്സരത്തില്‍ പാക്കിസ്ഥാനോടേറ്റ പരാജയത്തിനുള്ള പകരം വീട്ടലുകൂടിയായി ഇന്ത്യയുടെ കിരീടധാരണം. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റിന്‌ 314 റണ്‍സ്‌ അടിച്ചുകൂട്ടി. മലയാളി താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ വിജയ്‌ സോളിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ്‌ ഇന്ത്യക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. ഇരുവരും 100 റണ്‍സെടുത്ത്‌ പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ പുറത്താകാതെ 102 റണ്‍സ്‌ നേടിയ കമ്രാന്‍ ഖുലാമിന്റെയും 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ സമി അസ്ലമിന്റെയൂം കരുത്തില്‍ തിരിച്ചടിച്ചെങ്കിലും 9 വിക്കറ്റ്‌ നഷ്ടത്തില്‍ 274 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നിലവിലെ ചാമ്പ്യന്മാരും ഇന്ത്യയാണ്‌.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി. സാംസണിന്റെയും നായകന്‍ വിജയ്‌ സോളിന്റെയും ബാറ്റിംഗ്‌ മികവിലാണ്‌ മികച്ച സ്കോറിലെത്തിയത്‌. 87 പന്തില്‍ എട്ട്‌ ഫോറും നാലു കൂറ്റന്‍ സിക്സറും ഉള്‍പ്പെട്ടതാണ്‌ സഞ്ജുവിന്റെ സെഞ്ചുറി. 120 പന്തില്‍ നിന്ന ഏഴ്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടങ്ങുന്നതാണ്‌ സോളിന്റെ ഇന്നിംഗ്സ്‌. സെഞ്ച്വറി നേടിയതിന്‌ തൊട്ടുപിന്നാലെ ഇരുവരും പുറത്തായി. സഫാര്‍ ഗോഹറിന്റെ പന്തില്‍ സഞ്ജുവിനെ മുഹമ്മദ്‌ ഉമര്‍ പിടിച്ച്‌ പുറത്താക്കി.കരാമത്‌ അലിയാണ്‌ വിജയ്‌ സോളിനെ പുറത്താക്കിയത്‌. ഓപ്പണര്‍ ബെയ്ന്‍സ്‌ 47 റണ്‍സെടുത്തു. അതേസമയം, മൂവരുമൊഴികെ ഇന്ത്യന്‍നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇവര്‍ക്ക്‌ പുറമെ ഹെര്‍വാഡ്കര്‍ (12), ഹൂഡ (13) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റ്‌ ബാറ്റ്സ്മാന്മാര്‍. അഞ്ച്‌ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. പാക്കിസ്ഥാനുവേണ്ടി സിയാ ഉള്‍ ഹഖ്‌, സഫര്‍ ഗോഹര്‍, കരാമത്‌ അലി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി. ടോസ്‌ നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന പാക്കിസ്ഥാന്‌ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടു. ഒരുഘട്ടത്തില്‍ 88 റണ്‍സെടുക്കുന്നതിനിടെ നാല്‌ വിക്കറ്റുകള്‍ അവര്‍ക്ക്‌ നഷ്ടമായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സമി അസ്ലമിനൊപ്പം കമ്രാന്‍ഗുലം ക്രീസിലെത്തിയയോടെ അവര്‍ മത്സരത്തിലേക്ക്‌ തിരിച്ചെത്തി.
ഇരുവരും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിട്ടതോടെ അവര്‍ കിരീടം സ്വപ്നം കാണുകയും ചെയ്തു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 181 റണ്‍സായപ്പോള്‍ 87 റണ്‍സെടുത്ത സമി അസ്ലമിനെ ആമിര്‍ ഖാനി സ്വന്തം പന്തില്‍ പിടികൂടിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. പിന്നീട്‌ കമ്രാന്‍ ഖുലാം ഒറ്റക്കാണ്‌ പാക്കിസ്ഥാനെ മുന്നോട്ട്‌ നയിച്ചത്‌. 18 റണ്‍സെടുത്ത ഹഫര്‍ ഗോഹര്‍ മാത്രമാണ്‌ കമ്രാന്‌ അല്‍പമെങ്കിലും പിന്തുണനല്‍കിയത്‌. മറ്റുള്ളവരൊക്കെ ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 274 റണ്‍സിലൊതുങ്ങി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത കമ്രാന്‍ 88 പന്തിലാണ്‌ സെഞ്ചുറി നേടിയത്‌. 12 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു കമ്രാന്റെ ഇന്നിംഗ്സ്‌. ഇന്ത്യക്ക്‌ വേണ്ടി കുല്‍ദീപ്‌ യാദവ്‌ മൂന്നും മിലിന്ദ്‌, ഹൂഡ, ഗാനി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.