വണ്‍വേ സംവിധാനം അവതാളത്തില്‍: സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി

Saturday 4 January 2014 9:51 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ടൗണിലെ വാഹന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി അധികൃതര്‍ ഒരുക്കിയ വണ്‍വേ പരിഷ്‌കാരസംവിധാനത്തില്‍ വാഹനങ്ങളും ജനങ്ങളും കുടുങ്ങി. നടുറോഡില്‍ കുടങ്ങിപ്പോയ പല സ്വകാര്യ ബസ്സുകളും ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ വാഹനയാത്രക്കാരും പെരുവഴിയിലായി. ജനുവരി 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം തിരിച്ചടിയായതോടെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ മാത്രം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് അധികൃതരെയും പോലീസിനെയും വെട്ടിലാക്കിയിരിക്കുന്നത്. മകരവിളക്ക് ആഘോഷത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്കും ഗണ്യമായി വര്‍ദ്ധിച്ചുവന്നതാണ് വണ്‍വേ സംവിധാനം പാടെ അവതാളത്തിലാകാനും വഴിയൊരുക്കിയത്. എന്നാല്‍ വണ്‍വേ സംവിധാനത്തിലെ പിഴവും, പോലീസിന്റെ അപാകതയുമാണ് ടൗണില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയിലുടനീളം ഗതാഗതക്കുരുക്കിലകപ്പെട്ടുപോയ എരുമേലിയില്‍ പിറ്റേന്നാണ് ഗതാഗതം സാധാരണരീതിയില്‍ പുനസ്ഥാപിക്കാനായത്. എരുമേലി എസ്‌ഐ ഇ.പി.റജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ നെട്ടോട്ടമോടുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. എരുമേലി ടിബി റോഡുവഴിയും എംഇഎസ് പ്രപ്പോസ് വഴിയും കണ്ണിമല- കൊരട്ടി വഴിയും വാഹനങ്ങള്‍ വണ്‍വേ സംവിധാനത്തില്‍ വഴിതിരിച്ചുവിടണമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മറ്റു പല സമാന്തരപാതകളും അറിയാവുന്ന യാത്രക്കാര്‍ അത്തരം വഴികളിലൂടെ എത്തിയതും തീര്‍ത്ഥാടക വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പോലീസുകാര്‍ വൈകിയതുമാണ് എരുമേലിയെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിക്കാന്‍ കാരണമായത്. ആര്‍ഡിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വണ്‍വേ സംവിധാനം കനത്ത പരാജയമാണ്. യാത്രാബസുകള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സാഹചര്യമെങ്കിലും ഒരുക്കി നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പേട്ടതുള്ളല്‍ പാതയിലെ വാഹനഗതാഗതം പൂര്‍ണമായും ഒഴിവാക്കണമെന്ന ഹൈന്ദവ സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതര്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കോ, സാധാരണയാത്രക്കാര്‍ക്കോ ഇതുമൂലം യാതൊരു ഗുണവും ലഭിക്കാത്ത തല തിരിഞ്ഞ വണ്‍വേ സംവിധാനം പാടെ പാളിപ്പോയ സംഭവം പോലീസിനെതിരെയുള്ള വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.