ജിഎസ്‌എല്‍വി ഇന്ന്‌ കുതിക്കും

Saturday 4 January 2014 9:58 pm IST

ചെന്നൈ: തദ്ദേശീയ ക്രയോജനിക്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിഎസ്‌എല്‍വി ഡി-5ന്റെ കൗണ്ട്‌ ഡൗണ്‍ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ 11.18നാണ്‌ കൗണ്ട്‌ ഡൗണ്‍ ആരംഭിച്ചത്‌. ഇന്ന്‌ വൈകിട്ട്‌ 4.18നാണ്‌ വിക്ഷേപണം. 29 മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന കൗണ്ട്‌ ഡൗണ്‍ തുടങ്ങിയതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചു.
ഇതുവരെ ഇന്ത്യ നടത്തിയിട്ടുള്ള ജിഎസ്‌എല്‍വി വിക്ഷേപണങ്ങളെല്ലാം റഷ്യന്‍ നിര്‍മിത ക്രയോജനിക്‌ എഞ്ചിന്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഭൂഖണ്ഡാന്തര മിസെയില്‍ വിക്ഷേപണത്തിന്‌ ഇന്ത്യ ക്രയോജനിക്‌ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന ഭീതിയില്‍ അമേരിക്ക ഇത്‌ ഇന്ത്യക്ക്‌ കൈമാറാന്‍ വിസമ്മതിച്ചിരുന്നു. ക്രയോജനിക്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ നല്‍കാമെന്ന്‌ സമ്മതിച്ച റഷ്യയും അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ പിന്മാറിയിരുന്നു.
1990-കളിലാണ്‌ ക്രയോജനിക്‌ എഞ്ചിന്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ദൗത്യം ഇന്ത്യ തുടങ്ങിയത്‌. രാജ്യത്തിന്റെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്‌-14നെയാണ്‌ ജിഎസ്‌എല്‍വി ഡി-5 ഭ്രമണപഥത്തിലെത്തിക്കുക. ജി സാറ്റ്‌-14ന്റെ വിക്ഷേപണത്തോടെ ടെലി-വിദ്യാഭ്യാസം, ടെലി-മെഡിസിന്‍ മേഖലകളില്‍ രാജ്യം വിപ്ലവകരമായ നേട്ടമാണ്‌ ലക്ഷ്യമിടുന്നത്‌. 12 വര്‍ഷമാണ്‌ ജി സാറ്റ്‌-14ന്റെ ആയുസ്‌.
കാലാവധി പൂര്‍ത്തിയാക്കുന്ന എജ്യോൂസാറ്റ്‌ ഉപഗ്രഹത്തിന്‌ പകരമായാണ്‌ ജി സാറ്റ്‌-14 കുതിച്ചുയരുന്നത്‌. കഴിഞ്ഞ ഓഗസ്റ്റ്‌ 19ന്‌ നടക്കാനിരുന്ന ജി സാറ്റ്‌-14ന്റെ വിക്ഷേപണം ജിഎസ്‌എല്‍വി ഡി-5ലെ ഇന്ധനച്ചോര്‍ച്ച കാരണം അവസാന മണിക്കൂറില്‍ ഉപേക്ഷിച്ചിരുന്നു. ഖര, ദ്രാവക ക്രയോജനിക്‌ ഘട്ടങ്ങള്‍ താണ്ടിയുള്ള വിക്ഷേപണത്തിന്റെ രണ്ടാംഘട്ടത്തിലാണ്‌ ഇന്ധനച്ചോര്‍ച്ചയുണ്ടായത്‌. നാലര മാസങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഐഎസ്‌ആര്‍ഒ തദ്ദേശീയ ക്രയോജനിക്ക്‌ സാങ്കേതിക വിദ്യയുടെ തികവ്‌ ലോകരാഷ്ട്രങ്ങള്‍ക്ക്‌ മുന്നില്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌.പിഎസ്‌എല്‍വിയെ അപേക്ഷിച്ച്‌ കൂടുതല്‍ ഭാരവും വലുപ്പവുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാമെന്നതാണ്‌ ജിഎസ്‌എല്‍വിയുടെ പ്രത്യേകത. ഇന്ന്‌ നടക്കുന്ന വിക്ഷേപണം വിജയിച്ചാല്‍ രണ്ടാം ചൊവ്വാ ദൗത്യത്തിന്‌ ജിഎസ്‌എല്‍വിയായിരിക്കും ഉപയോഗിക്കുക.
1,982 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ്‌-14നെ വഹിക്കുന്ന ജിഎസ്‌എല്‍വിയുടെ നീളം 49.13 മീറ്ററാണ്‌. 414.75 കിലോഗ്രാം ഭാരവും ഉണ്ട്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ രണ്ട്‌ തവണ പരാജയപ്പെട്ട വിക്ഷേപണമാണ്‌ ഇന്ന്‌ നടക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.