എല്‍എന്‍ജി: കേരളത്തെ മന്‍മോഹന്‍ കയ്യൊഴിഞ്ഞു

Saturday 4 January 2014 9:58 pm IST

കൊച്ചി: കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കയ്യൊഴിഞ്ഞു. വാതക പൈപ്പ്ലൈന്‍ ശൃംഖല വിപുലീകരിച്ച്‌ കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ പൂര്‍ണ പ്രയോജനം ലഭ്യമാക്കാന്‍ കേരളം മുന്നോട്ടു വരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ എന്‍ ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണമാകണമെങ്കില്‍ മംഗലാപുരം വരെ പൈപ്‌ ലൈന്‍ വേണം. 55 കിലോ മീറ്ററാണ്‌ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. 505 കി.മി പൂര്‍ത്തീകരിക്കേണ്ടതുണ്ട്‌.
ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ഇന്നലെ രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. 4500 കോടി ചെലവില്‍ പെട്രോനെറ്റ്‌ എല്‍എന്‍ജി ലിമിറ്റഡ്‌ ആണ്‌ ടെര്‍മിനല്‍ സ്ഥാപിച്ചത്‌. ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനമായിരുന്നു നടന്നത്‌. 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം സംഭരിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്‌. വാതകവിതരണം പൂര്‍ണതോതില്‍ നടത്തുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ അതിന്റെ 10 ശതമാനം ശേഷി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഇന്ത്യയിലെ രണ്ടാമത്തെ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനലാണ്‌ ഇന്നലെ കൊച്ചിയില്‍ തുറന്നുകൊടുത്തത്‌. 2004 ല്‍ ഗുജറാത്തിലെ ദെഹാജിലാണ്‌ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ ആരംഭിച്ചത്‌.
പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യത്തെ കേരള സന്ദര്‍ശന വേളയില്‍ താന്‍ പ്രഖ്യാപിച്ച രണ്ട്‌ സുപ്രധാന പദ്ധതികളിലൊന്നാണ്‌ എല്‍എന്‍ജി ടെര്‍മിനലെന്ന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ അനുസ്മരിച്ചു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുമായി പ്രത്യേകമായൊരു മാനസികബന്ധം തനിക്കുണ്ടെന്നു മന്‍മോഹന്‍സിംഗ്‌ പറഞ്ഞെങ്കിലും കേരളം പ്രതീക്ഷിച്ച തുടര്‍ സഹായങ്ങളൊന്നും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ അനന്തമായ വികസനസാധ്യതകള്‍ സാക്ഷാത്കരിക്കുന്നതില്‍ ടെര്‍മിനല്‍ സുപ്രധാന പങ്കു വഹിക്കുമെന്നതില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ സഹായകമാകുന്ന തരത്തിലാണ്‌ ടെര്‍മിനലിന്റെ സ്ഥാനം കൊച്ചിയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. ടെര്‍മിനലില്‍ നിന്നുള്ള വാതക പൈപ്പ്ലൈന്‍ ശൃംഖല പോകുന്ന പാതയുമായി ബന്ധപ്പെട്ട്‌ പുതിയൊരു വ്യവസായ ഇടനാഴി രൂപപ്പെടുമെന്നാണ്‌ പ്രതീക്ഷ. നഗരങ്ങളില്‍ വാഹന ഗതാഗതത്തിനും ഗാര്‍ഹിക ഉപഭോഗത്തിനുമുള്ള ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനും ടെര്‍മിനല്‍ വഴിയൊരുക്കും.
കിഴക്കു പടിഞ്ഞാറന്‍ വ്യാപാരപാതയില്‍ തന്ത്രപരമായ സ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന കേന്ദ്രമെന്ന നിലയില്‍ കപ്പല്‍ ഗതാഗതത്തിന്റെ കേന്ദ്രം കൂടിയാണ്‌ കൊച്ചിയെന്ന്‌ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്‍എന്‍ജി പോലുള്ള പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിക്കാന്‍ കൂടുതല്‍ കപ്പല്‍ സര്‍വീസുകള്‍ മുന്നോട്ടു വരുന്നത്‌ ഷിപ്പിങ്‌ വ്യവസായത്തിനും ഗുണകരമാകും. ഈ സാധ്യതകളെല്ലാം കണക്കിലെടുത്ത്‌ ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തേണ്ടത്‌ സുപ്രധാനമാണെന്നും ബന്ധപ്പെട്ട ഏജന്‍സികള്‍ ഇതിനായി മുന്നോട്ടു വരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിച്ചു. ഗവര്‍ണര്‍ നിഖില്‍ കുമാര്‍, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ടെക്സ്റ്റെയില്‍സ്‌ വകുപ്പ്‌ സഹമന്ത്രി പനബക ലക്ഷ്മി, കേന്ദ്ര ഭക്ഷ്യ സഹമന്ത്രി പ്രൊഫ. കെ.വി. തോമസ്‌, സംസ്ഥാന ്‌ തുറമുഖ മന്ത്രി കെ. ബാബു എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. പെട്രോളിയം വകുപ്പ്‌ സെക്രട്ടറിയും പെട്രോനെറ്റ്‌ ചെയര്‍മാനുമായ വിവേക്‌ റേ സ്വാഗതവും മാനേജിങ്‌ ഡയറക്ടര്‍ എ.കെ. ബല്യന്‍ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.