ഐറിന്‍ കൊടുങ്കാറ്റ്‌ അമേരിക്കയിലേക്ക്‌

Friday 26 August 2011 10:20 am IST

വാഷിംഗ്ടണ്‍: ബഹാമാസില്‍ ശക്തിപ്രകടനത്തിനുശേഷം ഐറിന്‍ കൊടുങ്കാറ്റ്‌ അമേരിക്കയിലേക്ക്‌ നീങ്ങുകയാണ്‌. വര്‍ഗീകരണത്തില്‍ മൂന്നാം നമ്പറായി ശക്തിപ്പെട്ട കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കിലോമീറ്റര്‍ ആണ്‌. നോത്ത്‌ കരോലിനക്കടുത്തുള്ള ദ്വീപുകളില്‍നിന്ന്‌ ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌. അമേരിക്കയിലെ തീരപ്രദേശങ്ങളില്‍ ആളുകള്‍ കൊടുങ്കാറ്റിനെ നേരിടാന്‍ സാധന സാമഗ്രികള്‍ ശേഖരിച്ചുവെച്ചിരിക്കുകയാണ്‌. ബഹാമാസിന്റെ ഭാഗമായ മയഗുവാനു ദ്വീപില്‍ ഐറീന്‍ മേല്‍ക്കൂരകള്‍ക്കു തകരാറുണ്ടാക്കുകയും മരങ്ങള്‍ കടപുഴക്കുകയും ചെയ്തു. ദ്വീപിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായി പോലീസ്‌ വക്താവ്‌ വാര്‍ത്താ ലേഖകരെ അറിയിച്ചു. രണ്ടു തെക്കന്‍ ദ്വീപുകളിലും കാറ്റ്‌ നാശം വിതച്ചതായി ബഹാമാസിലെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ്‌ ഏജന്‍സിയുടെ തലവനായ ക്യാപ്റ്റന്‍ സ്റ്റീഫന്‍ റസ്സാല്‍ അറിയിച്ചു. അക്വിലിന്‍, ക്രൂക്ക്ഡ്‌ ദ്വീപുകളില്‍നിന്നാണ്‌ ആളുകളെ ഒഴിപ്പിച്ചത്‌. ഇവിടെ നൂറുകണക്കിന്‌ പേര്‍ താമസിക്കുന്നു. ബഹാമാസിലെ റോഡുകളില്‍ ഒരടിയോളം വെള്ളക്കെട്ടുണ്ടായി. തലസ്ഥാനമായ നാസ്വയില്‍ റോഡ്‌ ഗതാഗതം താറുമാറായി. ടൂറിസ്റ്റുകള്‍ വിമാനങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കെത്താന്‍ തിരക്കുകൂട്ടി കാറ്റിന്റെ ഗതിയില്‍നിന്ന്‌ കപ്പലുകള്‍ വഴിമാറി സഞ്ചരിച്ചു. ബഹാമാസിന്റെ വടക്കു പടിഞ്ഞാറന്‍ തീരങ്ങളില്‍ സമുദ്രജലം 11 അടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. റോഡ്‌ ഐലന്റിലും കൊടുങ്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. തീരപ്രദേശം തിരമാലകളില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. വടക്കന്‍ കരോലിന ദ്വീപില്‍ ആളുകള്‍ ഇന്ധനവും കാറ്റിനെ നേരിടാനുള്ള പ്ലൈവുഡും സംഭരിച്ചിട്ടുണ്ട്‌. ഒക്കറകോക്ക്‌, ഹട്ടെറാസ്‌ ദ്വീപുകളില്‍നിന്ന്‌ ഒഴിഞ്ഞുപോകാന്‍ വിനോദസഞ്ചാരികള്‍ക്ക്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.