കുമരകത്ത് വീണ്ടും സിപിഎം അക്രമം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Sunday 5 January 2014 9:33 pm IST

കുമരകം: സിപിഎം ഗുണ്ടകളുടെ അക്രമതാണ്ഡവം തുടരുന്നു. ചക്രം പടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ മാരകായുധങ്ങളുമായി സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞാണ് അക്രമം നടന്നത്. ചക്രം പടിയില്‍ കുമരകം മണ്ഡലത്തിന്റെ സാംഘിക് കഴിഞ്ഞശേഷം മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വടിവാള്‍, ഇരുമ്പുദണ്ഡ്, നെഞ്ചക്ക് തുടങ്ങിയ ആയുധങ്ങളുമായി പഞ്ചായത്ത് മെമ്പര്‍ കെ.ജി.ഷാലുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗുരുതരമായി മര്‍ദ്ദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ അപ്‌സര ജംഗ്ഷനില്‍ അപ്‌സര വീട്ടില്‍ ബിജു (35)നെയാണ് സംഘം ആദ്യം അക്രമിക്കുന്നത്. വൈകിട്ട് മൂന്നുമണിയോടെ ബൈക്കില്‍ പോകുകയായിരുന്ന ബിജുവിനെ മാര്‍ക്കറ്റ് ജംഗ്ഷനു സമീപം സിപിഎം ഗുണ്ടാസംഘം ബൈക്കു തടഞ്ഞു നിര്‍ത്തിയശേഷം ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ബിജുവിനെ ഓടിച്ചിട്ടു മര്‍ദ്ദിക്കുകയും കഴുത്തില്‍ക്കിടന്ന മൂന്നു പവന്റെ സ്വര്‍ണമാലയും അക്രമികള്‍ പറിച്ചെടുക്കുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി.ഷാലു,കെ.പി.അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. മെമ്പര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിവിധ ഭാഗങ്ങളില്‍ ഇരുപതില്‍ കുറയാതെയുള്ള മറ്റ് അക്രമകാരികളും നിലയുറപ്പിച്ചിരുന്നു. സിപിഎമ്മിന്റെ പഴയ പാര്‍ട്ടി ഓഫീസിനു സമീപത്തു വച്ച് ബൈക്കില്‍ പോകുകയായിരുന്ന റെജിയുടെ മകന്‍ വിഷ്ണു (24), പുറന്തേച്ചി വീട്ടില്‍ വിശാല്‍ (27) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റും. ഇവരുടെ ഹെല്‍മറ്റ് ഊരിമാറ്റിയതിനുശേഷമാണ് ഇവരെ മര്‍ദ്ദിച്ചത്. തലയ്ക്കു പുറകിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഹെല്‍മറ്റുകൊണ്ടുള്ള അടിയേറ്റിറ്റുണ്ട്. വിഷ്ണുവിനെയും വിശാലിനെയും മുപ്പതംഗ സംഘം മര്‍ദ്ദിച്ചവശനാക്കിയ ശേഷം കോട്ടത്തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം കരയില്‍ കയറാന്‍ ശ്രമിച്ചുവെങ്കിലും കെ.പി.അശോകനും കൂട്ടരും കല്ലുകൊണ്ട് ഇവരെ എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്ക് വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. മെമ്പര്‍മാര്‍ അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണ്. സംഘപ്രവര്‍ത്തനം ശക്തമായി നടക്കുന്നതില്‍ വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് ഗുണ്ടകളാണ് അക്രമവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷം തന്നെ തകര്‍ത്തിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് ശാസ്താംപറമ്പില്‍ ബിജുവിനും മര്‍ദ്ദനമേറ്റിരുന്നു. ബിജു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയെങ്കിലും ഇതുവരെ അക്രമകാരികളായ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുപോലും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇത് ഇവര്‍ക്ക് അക്രമം വീണ്ടും നടത്താന്‍ പ്രേരണ നല്‍കുന്നു. സമാധാന അന്തരീക്ഷം സംരക്ഷിച്ച് അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘപരിവാര്‍ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.