ഇന്ത്യയെ ലക്ഷ്യമിട്ട്‌ ചൈന ആണവ മിസെയിലുകള്‍ വിന്യസിക്കുന്നു: പെന്റഗണ്‍

Friday 26 August 2011 10:22 am IST

വാഷിംഗ്ടണ്‍: ചൈന അത്യന്താധുനിക ഖരഇന്ധന ന്യൂക്ലിയര്‍ മിസെയിലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സജ്ജീകരിക്കുന്നതായി പെന്റഗണ്‍ വെളിപ്പെടുത്തി. ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തില്‍ വിശ്വാസമില്ലായ്മയുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ അമേരിക്കന്‍ പ്രതിരോധ കാര്യാലയം ഈ വിവരം വെളിപ്പെടുത്തിയത്‌. ദ്രാവക ഇന്ധനമുള്ള സിഎസ്‌എസ്‌-2 ബാലിസ്റ്റിക്‌ മിസെയിലുകള്‍ക്ക്‌ പകരമാണ്‌ ചൈന ആധുനിക ഖര ഇന്ധനമുള്ള സിഎസ്‌എസ്‌-5 സമാഹരിച്ചിരിക്കുന്നത്‌. ഇന്തോ-ചീന അതിര്‍ത്തിയില്‍ റോഡ്‌ നിര്‍മാണത്തിനും മറ്റ്‌ അനുബന്ധ സൗകര്യ വികസനത്തിനുമായി ചൈന വന്‍ തുക ചെലവഴിക്കുന്നതായി പെന്റഗണ്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക്‌ ചൈനയും പാക്കിസ്ഥാനുമായുള്ള ചങ്ങാത്തത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ധാതുസര്‍വേ നടത്താന്‍ ചൈനക്ക്‌ ലഭിച്ച അനുമതിയില്‍ അവര്‍ക്ക്‌ അസംതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്‌. 2010 ല്‍ ഉന്നതതല ചര്‍ച്ചയിലൂടെ ചൈന ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ മുന്നേറ്റം നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ 60 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം നടത്തി പെന്റഗണ്‍ റിപ്പോര്‍ട്ട്‌ തുടര്‍ന്നു.