ജിഎസ്‌എല്‍വി ഭ്രമണപഥത്തില്‍

Sunday 5 January 2014 10:14 pm IST

ശ്രീഹരിക്കോട്ട (ആന്ധ്ര): സ്വന്തമായി നിര്‍മ്മിച്ച ക്രയോജനിക്‌ എഞ്ചിന്റെ സഹായത്തോടെ പുതിയൊരു വാര്‍ത്താ വിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച്‌ ഇന്ത്യ ചരിത്രം കുറിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്‌ആര്‍ഒയുടെ ഈ പരീക്ഷണ വിജയത്തോടെ മികച്ച ബിഹരാകാശ ശാസ്ത്ര ശേഷിയുള്ള ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും. ചന്ദ്രയാന്‍ വിക്ഷേപിച്ച്‌ ശാസ്ത്ര രംഗത്ത്‌ ലോകത്തെ അമ്പരപ്പിച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ വിജയത്തിനു മാറ്റുകൂട്ടുന്നതായി ഈ വിക്ഷേപണം.
ഇന്ത്യന്‍ വാര്‍ത്താവിനിമയ രംഗത്തെ വന്‍ കുതിച്ചു ചാട്ടത്തിനു രാജ്യത്തെ പ്രാപ്തമാക്കുന്നതാണ്‌ ജിസാറ്റ്‌-14 എന്ന ഉപഗ്രഹത്തിന്റെ ഭ്രമണപഥ പ്രവേശം. 1982 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ തയ്യാറാക്കിയ ജിഎസ്‌എല്‍വി-ഡി 5 (ജിയോസിങ്ക്രണസ്‌ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-ഡവലപ്മെന്റ്‌ 5) പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നതാണ്‌ ഇന്നലത്തെ വിക്ഷേപണത്തിലെ നേട്ടത്തിന്റെ മാധുര്യം ഇരട്ടിപ്പിക്കുന്നത്‌.
ഇന്നലെ വൈകിട്ട്‌ 4.18-ന്‌ ഉപഗ്രഹം വഹിച്ചുകൊണ്ട്‌ നീലാകാശത്തേക്കുയര്‍ന്ന ജിഎസ്‌എല്‍വി വരച്ച വെള്ളിരേഖ ഇന്ത്യയുടെ അഭിമാനനേട്ടത്തിന്റെ അടയാളമായി. വിക്ഷേപണ വിജയം ആഘോഷിച്ച്‌ ശാസ്ത്രജ്ഞര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.
മുമ്പു രണ്ടു വട്ടം പരീക്ഷണത്തില്‍ പരാജയപ്പെട്ട ക്രയോജനിക്‌ എഞ്ചിന്റെ ഇത്തവണത്തെ വിജയമാണ്‌ ഇന്നലത്തെ പരീക്ഷണത്തിന്റെ വലിയ പ്രാധാന്യം. 49.13 മീറ്റര്‍ പൊക്കമുള്ള, 414.75 ടണ്‍ ഭാരമുള്ള, ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്‌ എഞ്ചിന്‍ ഘടിപ്പിച്ചതാണ്‌ ഇന്നലെ വിക്ഷേപിക്കപ്പെട്ടത്‌. ഇതുവരെ ഫ്രാന്‍സിനെയും മറ്റു വിദേശ രാജ്യങ്ങളുടെയും ശാസ്ത്ര-സാങ്കേതിക സഹായങ്ങളാണ്‌ ഇന്ത്യ ആശ്രയിച്ചിരുന്നത്‌. ഇന്നലെയോടെ ഈ ശേഷിയുള്ള അമേരിക്ക,റഷ്യ,ജപ്പാന്‍,ചൈന,ഫ്രാന്‍സ്‌ എന്നിവയോടൊപ്പം എത്തി ഇന്ത്യയും.
ഈ വമ്പന്‍ പദ്ധതി സാധ്യമാക്കാന്‍ ഇന്ത്യക്ക്‌ 400 കോടി രൂപയുടെ ചെലവേ ഉണ്ടായുള്ളുവെന്നത്‌ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്നതാണ്‌. മാത്രമല്ല, ഇനിമേല്‍ ഉപഗ്രഹ വിഷേപണത്തിന്‌ മറ്റൊരു രാജ്യത്തിനും ഒരു പൈസപോലും ഇന്ത്യ നല്‍കേണ്ടതില്ല. ഇതുവരെ നമ്മുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ മറ്റു രാജ്യങ്ങളെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇതിനുള്ള വിക്ഷേപണക്കൂലിയായി വമ്പിച്ച തുകയാണ്‌ ആ രാജ്യങ്ങള്‍ക്കു നല്‍കിയിരുന്നത്‌.
വിക്ഷേപണ വിജയത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഈ മഹത്തായ നേട്ടത്തിന്‌ ഇസ്രോയുടെ മുഴുവന്‍ സംഘാംഗങ്ങളും പങ്കാളിയാണെന്ന്‌ ഇസ്രോ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. 20 വര്‍ഷത്തെ ഗവേഷണ പരീക്ഷണങ്ങളുടെയും അദ്ധ്വാനങ്ങളുടെയും വിജയമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.