ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; വ്യോമ-റെയില്‍ ഗതാഗതം താറുമാറായി

Monday 6 January 2014 12:11 pm IST

ന്യൂദല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ കനത്ത മൂടല്‍മഞ്ഞില്‍ രാജ്യ തലസ്ഥാനം തണുത്ത് വിറയ്ക്കുന്നു. 2010 ന് ശേഷമുള്ള അതിശൈത്യം ദല്‍ഹിയിലെ വ്യോമ, റെയില്‍ ഗതാഗതത്തെ താറുമാറാക്കി. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിവരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. 89 സര്‍വ്വീസുകളാണ് ഇന്ന് പുലര്‍ച്ചെ മാത്രം റദ്ദാക്കിയത്. 13 അന്തര്‍ദേശീയ സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടും. 26 അന്താരാഷ്ട്ര സര്‍വ്വീസുകളും 14 ആഭ്യന്തര സര്‍വ്വീസുകളും യാത്ര വൈകുന്നുണ്ട്. അന്തരീക്ഷത്തിന്റെ പുരോഗതിയനുസരിച്ച് മാത്രമേ ഇന്ന് ഉച്ചയോടെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ. മൂടല്‍ മഞ്ഞ് ശക്തിയാര്‍ജ്ജിച്ചതോടെ റോഡ് ഗതാഗതവും താറുമാറായി. മൈനസ് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയ താപനില ഇന്ന് രാവിലെയായതോടെ ഉയര്‍ന്ന് 7 ഡിഗ്രി സെല്‍ഷ്യസിലെത്തി. മൂടല്‍മഞ്ഞിനൊപ്പുമുള്ള ശക്തമായ കാറ്റ് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ദല്‍ഹിയെക്കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞ് വീഴ്ച ശക്തമായതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയിലെ റോഡ് ഗതാഗതം നിലച്ചു. ശ്രീനഗര്‍ ദേശീയ പാത ഭാഗികമായി മാത്രമേ തുറന്നിട്ടുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.