അരി-ഗോതമ്പ്‌ സംഭരണത്തില്‍ തിരിച്ചടി

Tuesday 7 January 2014 9:48 pm IST

കൊച്ചി: ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ പ്രവര്‍ത്തന മൂലധനത്തിനായി ഹ്രസ്വകാല വായ്പയെടുക്കുന്നു. രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന്‌ 20,000 കോടി രൂപയാണ്‌ എഫ്സിഐ വായ്പയെടുക്കുന്നത്‌. ഇതിനിടെ കരുതല്‍ ശേഖരത്തിലേക്കുള്ള അരി സംഭരണത്തില്‍ എഫ്സിഐക്ക്‌ തിരിച്ചടി നേരിട്ടു. മുന്‍വര്‍ഷത്തെക്കാള്‍ സംഭരണത്തില്‍ കുറവുണ്ടായതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമത്തിന്‌ എഫ്സിഐയുടെ നിലവിലെ പ്രവര്‍ത്തനം തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു.
സര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തിനുള്ള ഭക്ഷ്യധാന്യ സംഭരണ-വിതരണ കേന്ദ്രമാണ്‌ എഫ്സിഐ. ഭക്ഷ്യധാന്യ കരുതല്‍ ശേഖരത്തോടൊപ്പം ഭക്ഷ്യസുരക്ഷയും ലഭ്യതയും ഉറപ്പാക്കുകയും വിപണി വില നിയന്ത്രണവും ആവശ്യവും നിറവേറ്റുകയെന്നതും എഫ്സിഐ പ്രവര്‍ത്തനത്തിലുള്‍പ്പെടും. കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ ഭക്ഷ്യധാന്യ സംഭരണം നടത്തി പൊതുവിതരണത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന എഫ്സിഐ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. സംഭരണ-വിതരണ വിലയിലെ അന്തരമാകുന്ന സബ്സിഡി തുകയും ഭക്ഷ്യധാന്യ സൂക്ഷിപ്പിലുണ്ടാകുന്ന പാകപ്പിഴ മൂലമുള്ള നഷ്ടവും എഫ്സിഐയുടെ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമാകുന്നതായാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇപ്രകാരം സബ്സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ 40,000 കോടി രൂപയാണ്‌ എഫ്സിഐക്ക്‌ ലഭിക്കാനുള്ളത്‌. ഇത്‌ ലഭിക്കുവാനുളള കാലതാമസവും തടസ്സങ്ങളും മൂലം ഏജന്‍സി പ്രവര്‍ത്തനം തകര്‍ച്ചയിലായതോടെയാണ്‌ ബാങ്കില്‍നിന്ന്‌ വായ്പയ്ക്ക്‌ എഫ്സിഐ തയ്യാറായത്‌. രാജ്യത്തെ വിവിധ മേഖലകളില്‍നിന്നുള്ള 62 ബാങ്കുകളുമായി എഫ്സിഐ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. 20,000 കോടി രൂപയാണ്‌ ഹ്രസ്വകാല വായ്പയായി താല്‍ക്കാലം സ്വീകരിക്കുകയെന്ന്‌ ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വായ്പ ലഭ്യമായില്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ രംഗത്ത്‌ വന്‍ വെല്ലുവിളിക്കൊപ്പം ഏജന്‍സി പ്രവര്‍ത്തനം നിലയ്ക്കാനും ഇടയാക്കുമെന്നും പറയുന്നു. എഫ്സിഐ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭക്ഷ്യസുരക്ഷയ്ക്കാവശ്യമായ അരി സംഭരണത്തില്‍ തിരിച്ചടി നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ 12.15 ശതമാനം അരിയും 15-20 ശതമാനം ഗോതമ്പും സര്‍ക്കാരിനുവേണ്ടി എഫ്സിഐ സംഭരിക്കാറുണ്ട്‌. ഒക്ടോബര്‍ , സപ്തംബര്‍ ഉല്‍പ്പാദനവര്‍ഷം കണക്കാക്കിയാണ്‌ സംഭരണം.
കാര്‍ഷികമേഖലയ്ക്ക്‌ ഇത്‌ ഏറെ ഗുണകരവുമാകാറുണ്ട്‌. എന്നാല്‍ 2013-14 വര്‍ഷത്തെ അരി സംഭരണത്തില്‍ വന്‍ തിരിച്ചടിയാണ്‌ എഫ്സിഐ നേരിട്ടത്‌. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ സംഭരണത്തെക്കാള്‍ എട്ട്‌ ശതമാനം അരിയും 16 ശതമാനം ഗോതമ്പുവിഹിതവും കുറഞ്ഞതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. 2013-14 വര്‍ഷം ഇതിനകം 16.36 ദശലക്ഷം ടണ്‍ അരിയാണ്‌ എഫ്സിഐ സംഭരിച്ചത്‌.
2012-13 വര്‍ഷം ഇതേ കാലയളവിലിത്‌ 17.78 ദശലക്ഷം ടണ്ണായിരുന്നു. 2012 നവംബര്‍ വരെ 40.5 ദശലക്ഷം ടണ്‍ ഗോതമ്പില്‍ നിന്ന്‌ 2013 നവംബറിലിത്‌ 34.1 ദശലക്ഷം ടണ്ണായും കുറഞ്ഞു. പഞ്ചാബ്‌, ഹരിയാന, ഒറീസ, തമിഴ്‌നാട്‌, ആന്ധ്ര, ഛത്തീസ്ഗഡ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യ സംഭരണം ഏറെയും നടത്തുന്നത്‌. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള സംഭരണത്തില്‍ മാത്രമാണ്‌ കാര്യമായി പുരോഗതിയുണ്ടായതെന്ന്‌ പറയുന്നു. പൊതുവിപണിയിലെ ഉയര്‍ന്ന വിലയും ഉല്‍പ്പാദന മേഖലയിലെ പ്രതീക്ഷക്ക്‌ മങ്ങലേറ്റതും തിരിച്ചടിക്ക്‌ കാരണമായതായാണ്‌ വിലയിരുത്തല്‍. ഭക്ഷ്യധാന്യ സംഭരണത്തില്‍ പ്രധാന ഉല്‍പ്പന്നമായ അരി, ഗോതമ്പ്‌ സംഭരണ തകര്‍ച്ച ഭക്ഷ്യസുരക്ഷാ നിയമ നടത്തിപ്പില്‍ സര്‍ക്കാരിന്‌ ആശങ്കയുണര്‍ത്തിയിട്ടുണ്ട്‌.
2011-12 വര്‍ഷം 35.06 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ്‌ എഫ്സിഐ സംഭരിച്ചത്‌. 2012-13 വര്‍ഷമിത്‌ 34.1 ദശലക്ഷം ടണ്ണായി കുറഞ്ഞു. 2013-14 ലെ നടപ്പുവര്‍ഷം 34.5 ദശലക്ഷം ടണ്ണാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. സംഭരണത്തിലെ ആദ്യഘട്ടത്തിലുണ്ടായ തിരിച്ചടി കണക്കാക്കിയാല്‍ നടപ്പുവര്‍ഷം പരമാവധി 32 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യശേഖരണം മാത്രമേ നടക്കൂവെന്നാണ്‌ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്‌. ഇത്‌ തുടരുകയാണെങ്കില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ധാന്യത്തിന്‌ സ്വകാര്യ മേഖലയെയോ ഇറക്കുമതിയെയോ ആശ്രയിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു.
എസ്‌. കൃഷ്ണകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.