ബാലാമണിയമ്മ പുരസ്കാരം സമ്മാനിച്ചു

Tuesday 7 January 2014 9:51 pm IST

കൊച്ചി: മണ്ണും പെണ്ണും ആധുനികകാലത്തും ചൂഷണത്തിനുള്ള മൃദുവായ ഇരകളാണെന്നും ഈ വിഷയത്തില്‍ നാല്‍പ്പതുവര്‍ഷം മുന്‍പ്‌ പി. വല്‍സല എഴുതിയ നോവലുകള്‍ ഇന്നും പ്രസക്തമാണെന്നും നാഷണല്‍ ബുക്‌ ട്രസ്റ്റ്‌ ചെയര്‍മാനും പ്രശസ്ത സാഹിത്യകാരനുമായ സേതു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം പി. വത്സലയ്ക്കു സമ്മാനിച്ച ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നെല്ലുമായി കടന്നുവന്ന വത്സലയുടെ കൃതികള്‍ മലയാളസാഹിത്യത്തിലെ ഉണര്‍ത്തുപാട്ടുകളായിരുന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാരില്‍ ഏറ്റവും ശക്തയാണ്‌ പി. വല്‍സലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും ഉള്‍പ്പെട്ടതാണു പുരസ്കാരം. പ്രൊഫ. എം.കെ. സാനു പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത നിരൂപക ഡോ. എം. ലീലാവതി ബാലാമണിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. കവി എസ്‌. രമേശന്‍ നായര്‍, ഡോ. സുലോചന നാലപ്പാട്ട്‌, എം.കെ. ഹരികുമാര്‍, കെ. രാധാകൃഷ്ണന്‍, പ്രകാശ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
പുസ്തകോത്സവത്തിന്റെ അഞ്ചാംദിവസമായ ബുധനാഴ്ച വൈകീട്ട്‌ ആറിനു ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി ചര്‍ച്ച നടക്കും. ഡോ. കെ.ആര്‍. വിശ്വംഭരന്‍, പള്ളിയറ രാമന്‍, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്‌, സി.ആര്‍. നീലകണ്ഠന്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, എന്‍.സി. ഇന്ദുചൂഡന്‍ തുടങ്ങിയവര്‍ സംസാരിക്കും.എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ജനുവരി 13 വരെ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട്‌ 8.30 വരെയാണു പുസ്തകോത്സവം. പ്രവേശനം സൗജന്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.