രാഷ്ട്രീയ കേരളം ദേശീയഗാനത്തോട്‌ ചെയ്യുന്നത്‌

Wednesday 8 January 2014 9:15 pm IST

കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ നമ്മുടെ ദേശീയഗാനത്തോടുള്ള അവഗണനയുടെയും അവഹേളനങ്ങളുടെയും തുടര്‍ക്കഥയാണ്‌. പലതവണ ചൂണ്ടിക്കാണിച്ചിട്ടും അത്‌ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം നമ്മുടെ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഔദ്യോഗിക പരിപാടികളില്‍ ദേശീയഗാനം ആലപിക്കപ്പെടാതെ പോയതാണ്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്ന്‌ തോന്നുന്നു, അഖിലേന്ത്യാ സയന്‍സ്‌ കോണ്‍ഗ്രസ്സിന്റെ ഒരു വലിയ സമ്മേളനം തിരുവനന്തപുരത്ത്‌ നടന്നു. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സന്നിഹിതരായിരുന്നു. അന്ന്‌ ദേശീയഗാനം ആലപിക്കപ്പെട്ടില്ല. മാധ്യമങ്ങളടക്കം പലഭാഗത്ത്‌ നിന്നും വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ഭാരവാഹികളുടെ ഭാഗത്ത്‌ നിന്ന്‌ കിട്ടിയ മറുപടി സദസ്സ്‌ ദേശീയഗാനത്തെ വേണ്ട പോലെ ആദരിക്കുമോ എന്ന്‌ സംശയം ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌ എന്നായിരുന്നു. അതിശയകരമായി തോന്നി. ഭാരതത്തിലെ ഏറ്റവും പ്രബുദ്ധവര്‍ഗ്ഗത്തിന്റെ ദേശീയബോധവും ദേശാഭിമാനവും സംശയാസ്പദമാണെന്ന്‌ അധികാരികള്‍ കരുതുന്നു എന്നതല്ലേ ഇതിന്റെയര്‍ത്ഥം? ഇത്‌ ദേശീയഗാനത്തോടൊപ്പം അവരെയും അവഹേളിക്കലല്ലേ?
പിന്നീടൊരവസരത്തില്‍ ഒരു പൊതുപരിപാടിയില്‍ ദേശീയഗാനമാലപിക്കുമ്പോള്‍ സദസ്യര്‍ എങ്ങനെ നില്‍ക്കണം എന്നതിനെക്കുറിച്ച്‌ തിരുവനന്തപുരം പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍ ഇടപെട്ട്‌ നല്‍കിയ നിര്‍ദ്ദേശമാണ്‌ വിവാദവിഷയമായത്‌. കേന്ദ്രമന്ത്രി ദേശീയഗാനത്തെ അവഹേളിച്ചു എന്ന്‌ ആരോപിച്ച്‌ ഹൈക്കോടതിയില്‍ ചിലര്‍ പരാതി നല്‍കി. ഒടുവില്‍ തലനാരിഴയ്ക്ക്‌ കോടതി മന്ത്രിയെ ശിക്ഷയില്‍ നിന്നൊഴിവാക്കി. താന്‍ ദീര്‍ഘകാലം വിദേശങ്ങളില്‍ ആയിരുന്നത്‌ കൊണ്ടും ഇവിടുത്തെ ചിട്ടകള്‍ തീര്‍ത്തും വശമില്ലാതിരുന്നത്‌ കൊണ്ടും പിഴവുവന്നുപോയെങ്കില്‍ മാപ്പുനല്‍കണമെന്നും കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ശിക്ഷയില്‍ നിന്നൊഴിവാക്കിയത്‌.
ഇത്രയൊക്കെയായിട്ടും രാഷ്ട്രീയകേരളത്തിന്റെ മനസ്സ്‌ മാറ്റമില്ലാതെ തുടരുന്നുവെന്നല്ലേ ഏറ്റവുമൊടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്‌? തിരുവനന്തപുരത്തെ ഔദ്യോഗികപരിപാടികളില്‍ ദേശീയഗാനം ഒഴിവാക്കിയതിനെ പറ്റി വിമര്‍ശനങ്ങളുണ്ടായപ്പോള്‍ രണ്ട്‌ കാരണങ്ങളാണ്‌ ഔദ്യോഗിക പക്ഷത്ത്‌ നിന്നും ഉന്നയിച്ചത്‌. ഒന്ന്‌ സമയക്കുറവ്‌. രണ്ട്‌ പ്രധാനമന്ത്രിയുടെത്‌ ഔദ്യോഗികപരിപാടിയല്ല, രാഷ്ട്രീയപരിപാടിയാണ്‌.
ഈ രണ്ട്‌ കാരണങ്ങളും നിലനില്‍ക്കത്തക്കതല്ല, എന്ന്‌ കാണാം. ദേശീയഗാനാലാപനം പരിപാടിയില്‍ പ്രാധാന്യത്തോടെ അച്ചടിച്ച്‌ ചേര്‍ത്തിരുന്നു. യഥാസമയം പ്രധാനമന്ത്രി എഴുന്നേറ്റ്‌ പാടാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്തു. പക്ഷെ, പാടുന്ന ലക്ഷണം കാണാത്തതുകൊണ്ട്‌ പ്രധാനമന്ത്രി വേദിവിട്ട്‌ ഇറങ്ങിപ്പോയി. ആവശ്യമില്ലെങ്കില്‍ ഭാരവാഹികള്‍ എന്തിന്‌ ഇത്‌ പരിപാടിയില്‍ ചേര്‍ത്തു? പാടിയിരുന്നെങ്കില്‍ എന്ത്‌ കോട്ടം സംഭവിക്കുമായിരുന്നു? ദേശീയഗാനം ആലപിക്കുന്നതിനുള്ള നിബന്ധനകളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവിഭവ പരിശീലന വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശപത്രികയില്‍ ഇങ്ങനെ പറയുന്നു "ദേശീയഗാനത്തിന്റെ ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം പ്രധാനപരിപാടികളില്‍ ആലപിക്കാറുള്ളതാണ്‌ . അതിനെടുക്കുന്ന സമയം വെറും ഇരുപത്‌ സെക്കന്റ്‌ മാത്രം. മുഴുവന്‍ ഗാനവും പാടുമ്പോള്‍ അതിനെടുക്കുന്ന സമയം വെറും അന്‍പത്തിരണ്ട്‌ സെക്കന്റ്‌ മാത്രം.
ഇതിനനുസരിച്ച്‌ കേവലം ഇരുപത്‌ സെക്കന്റ്‌ പരിപാടിയില്‍ ചേര്‍ത്തിരുന്ന ദേശീയഗാനാലാപനത്തിന്‌ നീക്കിവച്ചിരുന്നെങ്കില്‍ വലിയ സമയനഷ്ടമൊന്നും വരുമായിരുന്നില്ലെന്നത്‌ വ്യക്തമാണ്‌. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരമന്ത്രമായിരുന്ന 'വന്ദേമാതര' ത്തിന്റെ സ്ഥാനത്ത്‌ 'ജനഗണമന' അംഗീകരിക്കാനുള്ള ഒരു പ്രധാന കാരണവും അത്‌ താരതമ്യേന വളരെ ഹ്രസ്വമാണ്‌ എന്നതായിരുന്നു. ദേശീയവികാരത്തെ ഉദ്ദീപിപ്പിക്കുന്നതും തലമുറകള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതും ആണല്ലോ ദേശീയഗാനാലാപനം. മറ്റൊരു രാജ്യവും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ദേശീയവികാരം ആപല്‍ക്കരമാണെന്നുള്ള ധാരണ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ടോ ആവോ!
പി. പരമേശ്വരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.