മന്‍മോഹന്‍ മുഖംമൂടിയില്ലാതെ

Wednesday 8 January 2014 9:20 pm IST

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ട്‌ 2002 ലെ ഗുജറാത്ത്‌ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക്‌ യാതൊരു പങ്കുമില്ലെന്ന അഹമ്മദാബാദ്‌ മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി ചരിത്രപരമാണ്‌. 'മോദിയെ കുറ്റവിമുക്തനാക്കി' എന്ന്‌ പല മാധ്യമങ്ങളും കോടതിവിധിയെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയത്‌ തികച്ചും വസ്തുതാവിരുദ്ധമായിരുന്നു. ഒരു കോടതിയിലും മോദിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ ഏതെങ്കിലും കേസില്‍ അദ്ദേഹം പ്രതിയാവുകയോ ചെയ്തിരുന്നില്ല. പ്രതിയാവുകയോ കുറ്റാരോപിതനാവുകയോ ചെയ്യാത്ത ഒരാളെ കുറ്റവിമുക്തനാക്കേണ്ട ആവശ്യമില്ലല്ലോ. തന്റെ ഭര്‍ത്താവ്‌ എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ മോദിക്കും മറ്റുമെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരിയായ സാക്കിയ ജാഫ്രിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ 2006 ല്‍ ടീസ്റ്റ സെതല്‍വാദിന്റെ സഹായത്തോടെ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ്‌ 190 അനുസരിച്ച്‌ മജിസ്ട്രേറ്റ്‌ കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. ഇത്‌ ചെയ്യാതെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ജാഫ്രി. സുപ്രീംകോടതിയാവട്ടെ നേരത്തെ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്‌ പരാതി കൈമാറി നിയമപ്രകാരമുള്ള നടപടിക്ക്‌ നിര്‍ദ്ദേശിക്കുകയായിരുന്നു. മോദിക്കും മറ്റ്‌ 62പേര്‍ക്കുമെതിരായ സാക്കിയ ജാഫ്രിയുടെ ഓരോ ആരോപണങ്ങളും പരിശോധിച്ച്‌ നൂറുകണക്കിന്‌ മൊഴികളെടുക്കുകയും വന്‍തോതില്‍ രേഖകള്‍ സമാഹരിക്കുകയും ചെയ്ത പ്രത്യേക അന്വേഷണസംഘം ഘട്ടംഘട്ടമായി സുപ്രീംകോടതിക്ക്‌ റിപ്പോര്‍ട്ടുകള്‍ നല്‍കി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സംഘം മുഖ്യമന്ത്രി നരേന്ദ്രമോദിയെ ഒമ്പത്‌ മണിക്കൂര്‍ ചോദ്യംചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിരുന്നു ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ ചോദ്യംചെയ്യുന്നത്‌.
മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ജസ്റ്റിസ്‌ അഫ്താഫ്‌ ആലം, ഡി.കെ. ജയിന്‍, ഇപ്പോഴത്തെ ചീഫ്ജസ്റ്റിസായ പി. സദാശിവം എന്നിവരടങ്ങുന്ന ബെഞ്ച്‌ അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി 2011 ഒക്ടോബറില്‍ അന്തിമ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഇതിനിടെ എസ്‌ഐടി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‌ എസ്‌ഐടി മറുപടി നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ രണ്ട്‌ റിപ്പോര്‍ട്ടുകളും സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം വിചാരണക്കോടതിയായ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇതിനെതിരെ പരാതിക്കാരിയായ സാക്കിയയുടെ പ്രതിഷേധ ഹര്‍ജിയും കോടതി സ്വീകരിച്ചു. രണ്ടുപേര്‍ക്കും പറയാനുള്ളത്‌ എന്താണെന്ന്‌ കോടതി കേട്ടു.
ഒരു വര്‍ഷക്കാലമെടുത്ത വിചാരണക്കുശേഷം മോദിയെ ആരോപണവിമുക്തനാക്കിക്കൊണ്ടുള്ള വിധി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതിയുടെതാണെങ്കിലും അത്‌ ചരിത്രപരമാണ്‌. ഒരര്‍ത്ഥത്തില്‍ അത്‌ സുപ്രീംകോടതി വിധിക്ക്‌ തുല്യമായ ഒന്നായിരുന്നു. 440 പേജ്‌ വരുന്ന വിധിന്യായം മോദിയുടെ നിരപരാധിത്വം മുന്‍കാല പ്രാബല്യത്തോടെ തെളിയിക്കുന്നതായിരുന്നുവെങ്കിലും കോടതി എന്താണ്‌ പറഞ്ഞതെന്ന്‌ മോദിവിരുദ്ധ മാധ്യമങ്ങള്‍ ജനങ്ങളില്‍നിന്ന്‌ ബോധപൂര്‍വം മറച്ചുപിടിച്ചു. മോദിക്കെതിരെ തുടര്‍ന്നും ആരോപണങ്ങളുന്നയിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു രാഷ്ട്രീയ സദാചാരത്തിനോ മാധ്യമധര്‍മത്തിനോ ചേരാത്ത ഈ നടപടി.
സാക്കിയയുടെ പരാതി "അവ്യക്തവും പൊതുസ്വഭാവമളള്ളതും" ആയിരുന്നുവെന്ന്‌ വിധിന്യായത്തില്‍ (പേജ്‌ 406 ല്‍) കോടതി ചൂണ്ടിക്കാട്ടി. പരാതിയില്‍ സാക്കിയ ജാഫ്രി ഉപയോഗിച്ച 'വംശീയ ഉന്മൂലനം', 'കൂട്ട നരഹത്യ' തുടങ്ങിയ വാക്കുകള്‍ നീക്കംചെയ്ത കോടതി അക്രമസംഭവങ്ങള്‍ നിയന്ത്രിക്കാന്‍ മോദി സ്വീകരിച്ച നടപടികളും നല്‍കിയ നിര്‍ദ്ദേശങ്ങളും (നിരോധനാഞ്ജ പ്രഖ്യാപിക്കല്‍, കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ്‌, ഉടന്‍തന്നെ സൈന്യത്തെ വിളിച്ചുവരുത്തല്‍ തുടങ്ങിയവ) കണക്കിലെടുക്കുമ്പോള്‍ ഹര്‍ജിക്കാരിയുടെ വാക്കുകള്‍ ശരിയാകില്ലെന്ന്‌ (പേജ്‌ 415-16) അഭിപ്രായപ്പെട്ടു. കലാപം നിയന്ത്രിക്കാന്‍ മോദി അനാസ്ഥ കാണിച്ചിട്ടില്ലെന്ന എസ്‌ഐടി റിപ്പോര്‍ട്ടിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രനും അംഗീകരിച്ചിട്ടുള്ളതാണെന്ന്‌ (പേജ്‌ 412) വിധിന്യായത്തില്‍ പറയുന്നു.
മോദി പോലീസിന്‌ നിയമവിരുദ്ധ നിര്‍ദ്ദേശം നല്‍കിയെന്ന്‌ പറയപ്പെടുന്ന മന്ത്രിസഭായോഗത്തില്‍ നടന്നതായി ഡിജിപി: കെ. ചക്രവര്‍ത്തി തന്നോട്‌ പറഞ്ഞുവെന്ന്‌ ഐപിഎസ്‌ ഓഫീസറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമോ തൃപ്തികരമോ അല്ലെന്ന്‌ (പേജ്‌ 101, പേജ്‌ 173) വിധിന്യായത്തില്‍ പറയുന്നു. പ്രസക്തമായ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്ന്‌ എസ്‌ഐടി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒമ്പത്‌ വര്‍ഷം കഴിഞ്ഞാണ്‌ ആരോപിക്കപ്പെടുന്ന സംഭവം നടന്നതായി അവകാശപ്പെട്ട്‌ സഞ്ജീവ്‌ ഭട്ട്‌ രംഗത്തുവന്നതെന്ന്‌ (പേജ്‌ 102) വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ക്രമസമാധാനനില വിലയിരുത്താനുള്ള യോഗം ഒരുതരത്തിലും രഹസ്യസ്വഭാവമുള്ളതായിരുന്നില്ല. എന്നിട്ടും സഞ്ജീവ്‌ ഭട്ട്‌ യുക്തിരഹിതമായി അവകാശപ്പെട്ടത്‌ താന്‍ രഹസ്യയോഗത്തില്‍ പങ്കെടുത്തുവെന്നാണ്‌ (പേജ്‌ 103). ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഭട്ട്‌ ഉള്‍പ്പെടുന്ന സംസ്ഥാന ഇന്റലിജന്‍സ്‌ ബ്യൂറോയിലെ എല്ലാ ഉദ്യോഗസ്ഥരോടും വിവരങ്ങളും തെളിവുകളും നല്‍കാന്‍ ഇന്റലിജന്‍സ്‌ മേധാവിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഞ്ജീവ്‌ ഭട്ട്‌ ഒരു വിവരവും നല്‍കിയിരുന്നില്ല. (പേജ്‌ 104). നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നതായി സഞ്ജീവ്‌ ഭട്ട്‌ തന്നോട്‌ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്‌ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആര്‍.ബി. ശ്രീകുമാര്‍ വ്യക്തമാക്കുകയുണ്ടായി. അതിനാല്‍ 1974 ലെ ഒരു സുപ്രീംകോടതി വിധിയനുസരിച്ച്‌ സഞ്ജീവ്‌ ഭട്ടും ആര്‍.ബി. ശ്രീകുമാറും വിശ്വസിക്കാവുന്ന സാക്ഷികളല്ലെന്ന എസ്‌ഐടി നിലപാട്‌ കോടതി അംഗീകരിക്കുകയാണെന്ന്‌ (പേജ്‌ 428) വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
സഞ്ജീവ്‌ ഭട്ടും ആര്‍.ബി. ശ്രീകുമാറും ആരോപിക്കുന്നതുപോലെ മോദി നിയമവിരുദ്ധ നിര്‍ദ്ദേശം നല്‍കിയെന്നതിന്‌ യാതൊരു തെളിവുമില്ലെന്ന്‌ കണ്ടെത്തിയ (പേജ്‌ 421-430) കോടതി ജനങ്ങളോട്‌ സംയമനം പാലിക്കാന്‍ ഓരോ ദിവസവും മോദി നടത്തിയ അഭ്യര്‍ത്ഥന എടുത്തുകാട്ടുകയുണ്ടായി. ഗോധ്രയില്‍ ചുട്ടുകൊല്ലപ്പെട്ട രാമഭക്തരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക്‌ കൊണ്ടുവരാന്‍ തീരുമാനിച്ചതാണ്‌ കലാപത്തിന്‌ വഴിവെച്ചതെന്ന ആരോപണം കോടതി തള്ളി (പേജ്‌ 107-127). രണ്ട്‌ കാരണങ്ങളാണ്‌ കോടതി ഇതിന്‌ ചൂണ്ടിക്കാട്ടിയത്‌. ഒന്ന്‌: മരിച്ചവരെല്ലാം അഹമ്മദാബാദ്‌ സ്വദേശികളായിരുന്നു. ഇവരുടെ ബന്ധുക്കളെല്ലാം ഗോധ്രയിലേക്ക്‌ വരുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ടായിരുന്നു. രണ്ട്‌: അഹമ്മദാബാദില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നത്‌ പുലര്‍ച്ചെ ഒരു മണിക്കും നാല്‌ മണിക്കും ഇടയിലാണ്‌. അതും നഗരത്തില്‍നിന്ന്‌ വളരെ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലും. വളരെകുറച്ച്‌ സമയം മാത്രമാണ്‌ മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ചത്‌. മന്ത്രിസഭാ യോഗത്തില്‍ മോദി നടത്തിയതായി പറയപ്പെടുന്ന 'ആക്ഷന്‍-റിയാക്ഷന്‍' പ്രയോഗം 'വളച്ചൊടിക്കപ്പെട്ടതും സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തതും തെറ്റായ നിഗമനങ്ങളിലേക്ക്‌ നയിക്കുന്നതുമാണെന്ന്‌" (പേജ്‌ 222) വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
2013 ഡിസംബര്‍ 26 നാണ്‌ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്‌ ബി.ജെ. ഗണത്ര മോദിയെ ആരോപണവിമുക്തനാക്കുന്ന വിധി പ്രഖ്യാപിച്ചത്‌. യാതൊരു തരത്തിലുള്ള അവ്യക്തതക്കോ ആശയക്കുഴപ്പത്തിനോ ഇടനല്‍കാതെ സത്യത്തിന്റെ വിളംബരമായിരുന്നു ഈ വിധി. ഏഴ്‌ ദിവസം കഴിഞ്ഞ്‌ ജനുവരി മൂന്നിന്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പദവിക്ക്‌ ചേരാത്ത തരംതാണ വിധത്തില്‍ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ മോദിയെ വിമര്‍ശിക്കുകയുണ്ടായി.
"ഞ്ഞാനൊരു ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന്‌ കരുതുന്നില്ല. അത്‌ ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബിജെപിക്കും അവരുടെ കൂട്ടാളികള്‍ക്കും തോന്നുന്നത്‌ പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളെ കൂട്ടക്കുരുതി നടത്താന്‍ കൂട്ടുനിന്നതാണോ കരുത്തിന്റെ തെളിവ്‌. രാജ്യത്തിനുവേണ്ടത്‌ ഇത്തരം കരുത്താണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല..." എന്നാണ്‌ മന്‍മോഹന്‍സിംഗ്‌ പറഞ്ഞത്‌. "മോദി പ്രധാനമന്ത്രിയാകുന്നത്‌ ദുരന്തമായിരിക്കു"മെന്ന്‌ പറഞ്ഞതിന്റെ വിശദീകരണമോ ന്യായീകരണമോ ആയിരുന്നു ഇത്‌.
മന്‍മോഹന്‍സിംഗിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍ പ്രകോപനപരവും നിലവാരമില്ലാത്തതുമാണെങ്കിലും അത്‌ കാര്യമാക്കേണ്ടതില്ല. കോണ്‍ഗ്രസുകാരനായ ഒരാളുടെ രാഷ്ട്രീയമാണ്‌ പ്രകോപനത്തിന്‌ കാരണമെങ്കില്‍ മന്‍മോഹന്‍ എന്ന വ്യക്തിയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്‌ നിലവാരമില്ലായ്മ. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ നിയമവിരുദ്ധമായും നിരുത്തരവാദപരമായും പ്രസ്താവനകള്‍ നടത്തുന്നത്‌ അംഗീകരിക്കാനാവില്ല. എന്തുകൊണ്ടാണ്‌ മന്‍മോഹന്‍സിംഗ്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ പരിശോധിക്കുമ്പോള്‍ വ്യക്തമായും മൂന്ന്‌ കാരണങ്ങള്‍ കണ്ടെത്താനാവും.
ഒന്ന്‌: അധികാരത്തില്‍ തുടര്‍ന്ന ഓരോ ദിവസവും ദുര്‍ബലനായ ഭരണാധികാരിയാണെന്ന പഴികേട്ട പ്രധാനമന്ത്രിയാണ്‌ മന്‍മോഹന്‍സിംഗ്‌. അധികാരത്തില്‍നിന്ന്‌ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍ താന്‍ കരുത്തനാണെന്ന്‌ തെളിയിക്കാന്‍ മന്‍മോഹന്‍സിംഗ്‌ മോഹിക്കുന്നു. തെളിഞ്ഞ രാഷ്ട്രീയ നിലപാടുകളിലൂടെയും ഇഛാശക്തിയുള്ള ഭരണത്തിലൂടെയും കരുത്തനെന്ന്‌ തെളിയിക്കപ്പെട്ട നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ അത്‌ തന്റെ കരുത്തായി ജനങ്ങള്‍ കരുതിക്കൊള്ളുമെന്ന്‌ മന്‍മോഹന്‍ വിചാരിക്കുന്നു. കഴിവുള്ളവരെ എതിര്‍ത്ത്‌ 'കാര്യപ്രാപ്തി' തെളിയിക്കുന്ന ഭീരുക്കള്‍ എല്ലാ രംഗത്തുമുള്ളതാണല്ലോ.
രണ്ട്‌: രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും ഭരണാധികാരിയെന്ന നിലയ്ക്കും സാമ്പത്തികവിദഗ്ധനെന്ന നിലയ്ക്കും പരാജയത്തിന്റെ പ്രതിരൂപമാണ്‌ താനെന്ന്‌ മറ്റാരെക്കാളും മന്‍മോഹന്‌ അറിയാം. തന്റെ ഭരണത്തെക്കുറിച്ച്‌ ചരിത്രം വിലയിരുത്തട്ടെ എന്ന്‌ അദ്ദേഹം പറയുന്നതില്‍ ഒരു ഭീരുവിന്റെ ഒളിച്ചോട്ടമുണ്ട്‌. പത്ത്‌ വര്‍ഷക്കാലത്തെ യുപിഎ ഭരണത്തിന്റെ പരാജയങ്ങളില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള എളുപ്പവഴി മോദിയെ കടന്നാക്രമിക്കുകയാണെന്ന്‌ മന്‍മോഹന്‌ വിദഗ്ധോപദേശം ലഭിച്ചിരിക്കാം.
മൂന്ന്‌: ഒരിയ്ക്കല്‍പ്പോലും ജനങ്ങളുടെ അംഗീകാരമില്ലാതെയാണ്‌ മന്‍മോഹന്‍സിംഗ്‌ ഒരു തവണ ഇന്ത്യയുടെ ധനമന്ത്രിയും രണ്ടുതവണ പ്രധാനമന്ത്രിയുമായത്‌. ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ച്‌ ജയിക്കാത്ത മന്‍മോഹനെ കോണ്‍ഗ്രസ്‌ പാര്‍ട്ടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ വിരുദ്ധധ്രുവത്തിലാണ്‌ മോദി നില്‍ക്കുന്നത്‌. മൂന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ ജയിച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായ യഥാര്‍ത്ഥ ജനനേതാവാണ്‌ മോദി.
പത്തുവര്‍ഷക്കാലത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തിരുന്ന മന്‍മോഹനെക്കാള്‍ പതിന്മടങ്ങ്‌ സ്വീകാര്യതയാണ്‌ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ മോദിക്കുള്ളത്‌. മാന്യന്റെ മുഖംമൂടിയണിഞ്ഞ മന്‍മോഹന്‍സിംഗിന്‌ ഇക്കാര്യത്തില്‍ കടുത്ത നിരാശയുണ്ട്‌. പ്രതിപക്ഷ ബഹുമാനമില്ലാതെ മോദിയെ വിമര്‍ശിച്ച്‌ ഈ നിരാശയ്ക്ക്‌ മറയിടാനാണ്‌ മന്‍മോഹന്‍സിംഗ്‌ ശ്രമിച്ചത്‌.
മുരളി പാറപ്പുറം e-mail: muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.