കോട്ടയം പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

Wednesday 8 January 2014 9:23 pm IST

കോട്ടയം: അഗ്രി ഹോര്‍ട്ടികല്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 52-ാമത് കോട്ടയം പുഷ്പമേള ഇന്നു മുതല്‍ 12 വരെ നാഗമ്പടം മൈതാനത്തു നടക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപൂര്‍വ്വ പുഷ്പങ്ങളുടെ ശേഖരം മേളയിലുണ്ടാകും. മലേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അപൂര്‍വ്വ ഓര്‍ക്കിഡ് ഇനങ്ങളും അഗ്ലോണിമ ചെടികളും പുഷ്പമേളയിലെത്തും. പൂര്‍ണമായും ശീതീകരിച്ച രണ്ടു പന്തലാണ് പൂക്ക ള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ശ്രീലങ്ക, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുഷ്പാലങ്കാര വിദഗ്ദ്ധരാണ് മേളയില്‍ പുഷ്പസംവിധാനം നിര്‍വ്വഹിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ദിനങ്ങളില്‍ കലാപരിപാടികള്‍, ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള സെമിനാര്‍, ക്വിസ് മത്സരം, തുടങ്ങിയവ നടക്കും. 11ന് സൊസൈറ്റി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 12ന് സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിനത്തില്‍ രാവിലെ പത്തരമുതലും മറ്റു ദിവസങ്ങളില്‍ രാവിലെ 9മുതല്‍ വൈകിട്ട് 8 വരെയും മേള സന്ദര്‍ശിക്കാം. പ്രവേശനം പാസ് മൂലം. കാന്‍സര്‍ രോഗികളായ വനിതകള്‍ക്കായുള്ള വിഗ്ഗിന് മുടി ദാനം ചെയ്യുന്നതിന് കൂടുതല്‍ മാതൃകകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് 10ന് രാവിലെ 11ന് നടക്കും. കിഡ്‌നി ഫൗണ്ടേഷന്റെ അവയവദാന ബോധവത്കരണത്തെക്കുറിച്ചുള്ള പരിപാടികള്‍ക്കായി ഒരു സ്റ്റാളും പുഷ്പമേളയില്‍ ഉണ്ട്. പത്രസമ്മേളനത്തില്‍ രേണു ജേക്കബ്, പുഷ്പ ബോസ്, സലില രാജഗോപാല്‍, അച്ചാ മ്മ ഈപ്പന്‍, ആന്‍സി ജേക്ക ബ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.