കഠിനവേനലിന് ആശ്വാസമായി എലിക്കുളത്ത് കിണര്‍ റീചാര്‍ജ്ജിംഗ് തുടങ്ങി

Wednesday 8 January 2014 9:24 pm IST

പൊന്‍കുന്നം: പുരപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ ശുദ്ധീകരിച്ച് കിണറുകളില്‍ എത്തിക്കുന്ന റീചാര്‍ജിംഗ് പദ്ധതിക്ക് എലിക്കുളം പഞ്ചായത്തില്‍ തുടക്കമായി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസങ്ങള്‍ ലോറി വെള്ളത്തെമാത്രം ആശ്രയിച്ചിരുന്ന പഞ്ചായത്തിലെ നാല്പതു കുടുംബങ്ങളിലെ കിണറുകളില്‍ ഇക്കൊല്ലം മഴവെള്ളം എത്തും. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എലിക്കുളം കൃഷിഭവന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പതിനായിരം രൂപ ചെലവ് വരുന്ന കിണര്‍ റീചാര്‍ജിംഗിന് സബ്‌സിഡിയായി പഞ്ചായത്ത് അയ്യായിരം രൂപ അനുവദിക്കും. മഴവെള്ളത്തെ കിണറ്റിലേക്ക് ഇറക്കി ഉറവകള്‍ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്. എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും വളരെ നാളത്തെ പരിശ്രമഫലമായാണ് പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞത്. വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പിവിസി പൈപ്പുകള്‍ വഴി ഒരു ടാങ്കിലേക്ക് എത്തിക്കുന്നു. മെറ്റല്‍, മണല്‍, കരി എന്നിവ നിറച്ച ടാങ്കില്‍ പതിക്കുന്ന മഴവെള്ളം ഫില്‍ട്ടര്‍ ചെയ്ത് മറ്റൊരു കുഴല്‍ വഴി കിണറിലേക്ക് പതിച്ച് ഉറവകള്‍ സംരക്ഷിക്കപ്പെടുന്നു. മണ്ണിലെ ജലാംശത്തെ നിലനില്‍ത്തി കിണറുകള്‍ വറ്റിവരളുന്ന പ്രവണതയെ ചെറുക്കാന് കഴിയുന്നു. പ്രകൃതി കനിഞ്ഞുനല്‍കുന്ന മഴവെള്ളം പാഴായിപ്പോകാതെ കുടിവെള്ളത്തിനും കൃഷിക്കുമായി ഉപയോഗിക്കാന്‍ കഴിയുന്ന കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതി വരും വര്‍ഷങ്ങളില്‍ പഞ്ചായത്തിലാകമാനം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.പി.കരുണാകരന്‍ നായര്‍, കൃഷി ഓഫീസര്‍ കെ.എസ്.ഷീബ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.