ബേഡകം: സിപിഎം കീഴടങ്ങുന്നു

Wednesday 8 January 2014 10:50 pm IST

കാസര്‍കോട്‌: കൊയിലാണ്ടിക്കു പിന്നാലെ ബേഡകത്തും വിമതര്‍ക്കുമുന്നില്‍ സിപിഎം കീഴടങ്ങുന്നു. എങ്കിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്‌. പി.ദിവാകരനും പി.ഗോപാലനും ഇന്നലെ വൈകിട്ട്‌ ജില്ലാ പാര്‍ട്ടി ഓഫീസിലെത്തി രാജി സമര്‍പ്പിച്ചു. ജില്ലാക്കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു ഇത്‌. വിവിധ ഭാഗങ്ങളില്‍നിന്നായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപനം വന്നുകൊണ്ടിവരിക്കുകയാണ്‌.
ബേഡകത്ത്‌ ഒരിടവേളയ്ക്കുശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഔദ്യോഗിക നേതൃത്വം അനുരഞ്ജനത്തിന്‌ ശ്രമമാരംഭിച്ചിട്ടുണ്ട്‌. പരസ്യപ്രതികരണവുമായി പാര്‍ട്ടിയെ ഞെട്ടിച്ച വിമതരുമായി കേന്ദ്രകമ്മറ്റി അംഗം പി.കരുണാകരന്‍ എംപിയും ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രനും നേരിട്ട്‌ ചര്‍ച്ച നടത്തി. പരസ്യപ്രതികരണത്തില്‍ അതൃപ്തി അറിയിച്ച നേതാക്കള്‍ കടുത്ത നടപടികളില്‍ നിന്നും പിന്തിരിയണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. വിവാദങ്ങള്‍ക്കിടെ ബേഡകം ഏരിയാ കമ്മറ്റിയുടെ അടിയന്തരയോഗം ഇന്ന്‌ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. അതിനിടയ്ക്കാണു നേതാക്കളുടെ രാജിസമര്‍പ്പണം.
വിഭാഗീയത നടന്നുവെന്ന്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയ ഏരിയാസെക്രട്ടറി സി.ബാലനെ വീണ്ടും നിയമിച്ചതിനെച്ചൊല്ലിയാണ്‌ ബേഡകം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പുകയുന്നത്‌. അഴിമതിയില്‍ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നയാളെ ഏരിയാസെക്രട്ടറിയായി അംഗീകരിക്കാനാകില്ലെന്ന്‌ ജില്ലാ കമ്മറ്റി അംഗം പി.ദിവാകരനും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ഗോപാലനും പരസ്യമായി പ്രതികരിച്ചിരുന്നു. രണ്ടുപേരും ബേഡകം മുന്‍ ഏരിയാ സെക്രട്ടറിമാരുമാണ്‌. മുന്‍കാലങ്ങളിലേതിനേക്കാള്‍ രൂക്ഷമായി പ്രതിഷേധമുയര്‍ന്നത്‌ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇന്നലെ നടന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ നിന്ന്‌ ദിവാകരന്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന്‌ ജില്ലാ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്നാണ്‌ ജില്ലാ കമ്മറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്‌. പരസ്യപ്രതികരണം തെറ്റാണെന്ന്‌ അറിയിച്ചതായും ആവര്‍ത്തിക്കില്ലെന്ന്‌ വിമതര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ്‌ പാര്‍ട്ടി വിശദീകരിക്കുന്നത്‌. എന്നാല്‍ പ്രതിഷേധം തുടരുമെന്ന്‌ തന്നെയാണ്‌ വിമതവിഭാഗം നല്‍കുന്ന സൂചന.
തെറ്റുപറ്റിയത്‌ നേതൃത്വത്തിനാണെന്ന നിലപാടിലാണവര്‍. വിജിലന്‍സ്‌ അന്വേഷണം നേരിടുന്നയാള്‍ക്ക്‌ പാര്‍ട്ടിഭാരവാഹിത്വം നല്‍കുന്നത്‌ പ്ലീനം തീരുമാനങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. വിഭാഗീയത നടത്തിയാണ്‌ ബാലന്‍ ഏരിയാ സെക്രട്ടറിയായതെന്ന്‌ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതുമാണ്‌. ബാലനെ തിരിച്ചെടുക്കണമെന്ന ആവശ്യം നേരത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗം തള്ളിയിരുന്നു. എന്നാല്‍ അതിനുശേഷം ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്ത്‌ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ വിമതര്‍ കുറ്റപ്പെടുത്തുന്നത്‌. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ ബാലന്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‌ നല്‍കിയ അപ്പീല്‍ തള്ളിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തീരുമാനം അംഗീകരിക്കാനാകില്ലെന്ന്‌ ഇവര്‍ നേതൃത്വത്തെ വീണ്ടും അറിയിച്ചിട്ടുണ്ട്‌.
2011-ല്‍ കുറ്റിക്കോലില്‍ നടന്ന ഏരിയാ സമ്മേളനത്തിലാണ്‌ ബേഡകത്തെ വിഭാഗീയത പരസ്യമാകുന്നത്‌. ഔദ്യോഗിക പാനലില്‍ മത്സരിച്ച അഞ്ച്‌ പേര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്‌ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബാലനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എം.രാജഗോപാലന്‌ ചുമതല നല്‍കുകയായിരുന്നു. തോറ്റവരെ കൂടി ഏരിയാക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയത കെട്ടടങ്ങിയെന്ന വിലയിരുത്തലില്‍ സി.ബാലനെ വീണ്ടും ഏരിയാ സെക്രട്ടറിയായി നിയമിച്ചതോടെയാണ്‌ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിഷയം എത്രയും പെട്ടെന്ന്‌ ഒതുക്കി തീര്‍ക്കാനാണ്‌ നേതൃത്വത്തിന്റെ ശ്രമം.
കെ. സുജിത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.