അയ്യപ്പഭക്തര്‍ക്കുനേരെ വീണ്ടും പോലീസ്‌ തേര്‍വാഴ്ച

Wednesday 8 January 2014 11:00 pm IST

ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്കുനേരെ വീണ്ടും പോലീസ്‌ തേര്‍വാഴ്ച. നിലയ്ക്കല്‍, പമ്പ ഗണപതി കോവില്‍ ഭാഗത്ത്‌ പോലീസ്‌ ഇന്നലെ തീര്‍ത്ഥാടകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന്‌ എത്തിയ അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനം വണ്‍വേ തെറ്റിച്ചെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ നിലയ്ക്കലില്‍ സംഘര്‍ഷത്തിന്‌ കാരണമായത്‌. ഇവിടെ അയ്യപ്പന്‍മാരെ പോലീസ്‌ നടുറോഡില്‍ ഓടിച്ചിട്ട്‌ തല്ലുകയായിരുന്നു.
പോലീസിന്റെ മര്‍ദ്ദനത്തില്‍ നിരവധി അയ്യപ്പന്‍മാര്‍ക്ക്്പരിക്കേറ്റിട്ടുണ്ട്‌. ഓടി രക്ഷപ്പെടുന്നതിനിടയില്‍ മിക്ക അയ്യപ്പഭക്തന്‍മാര്‍ക്കും വീണ്‌ പരിക്കേറ്റു. ശബരിമലയില്‍ അയ്യപ്പ ഭക്തരെ പോലീസ്‌ തല്ലിച്ചതച്ചത്‌ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്‌ ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ്‌ നിലയ്ക്കലും പമ്പയിലും വീണ്ടും നിയമപാലകര്‍ അക്രമമഴിച്ചുവിട്ടത്‌.
മര്‍ദ്ദനമേറ്റതിനെതുടര്‍ന്ന്‌ അയ്യപ്പന്മാര്‍ രണ്ട്‌ മണിക്കൂര്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഗതാഗതം ഉപരോധിച്ചു. പമ്പ ഗണപതി കോവിലില്‍ ദര്‍ശനത്തിന്‌ എത്തുന്ന ഭക്തര്‍ക്ക്‌ നേരെയും പോലീസ്‌ അതിക്രമം കാട്ടുന്നതായി വ്യാപകപരാതി ഉയര്‍ന്നു. ഭക്തര്‍ക്ക്‌ കാണിക്ക അര്‍പ്പിക്കുവാന്‍ പോലും പോലീസ്‌ അവസരം നല്‍കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. അയ്യപ്പഭക്തര്‍ക്ക്‌ മതിയായ സംരക്ഷണവും സഹായവും നല്‍കുക എന്ന ഉദ്ദേശത്തോടെ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പോലീസ്‌ അതില്‍ പരാജയപ്പെടുകയാണ്‌. പലപ്പോഴും സെക്രട്ടറിയേറ്റ്‌ പടിക്കല്‍ എത്തുന്ന സമരക്കാരെ നേരിടുന്ന രീതിയിലാണ്‌ തീര്‍ത്ഥാടകരോട്‌ പോലീസ്‌ പെരുമാറുന്നത്‌.
പമ്പ ദേവസ്വം ഓഫീസില്‍ നിന്ന്‌ നല്‍കുന്ന പ്രത്യേക പ്രവേശന പാസ്‌ മരക്കൂട്ടത്തുവെച്ച്‌ പോലീസുകാര്‍ വലിച്ചുകീറി കളയുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇതിന്റെ പേരില്‍ ദേവസ്വം അധികൃതര്‍ പോലീസുകാരുമായി നിരന്തരം വാക്കുതര്‍ക്കത്തിന്‌ ഇടയാക്കുന്നു. ഇതിലുള്ള വിദ്വേഷമാണ്‌ പോലീസ്‌ അയ്യപ്പഭക്തരോട്‌ കാണിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌. പോലീസ്‌ തീര്‍ത്ഥാടകരെ മര്‍ദിക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ ദേവസ്വം വിജിലന്‍സ്‌ എസ്‌ പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത്‌ നിരീക്ഷണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പോലീസുകാര്‍ ഹരിവരാസനം കഴിഞ്ഞയുടന്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടാന്‍ സഹായിക്കുന്ന ജോലി മതിയാക്കി പടിയില്‍ നിന്നും മാറി നിന്നു. ഇതും വിവാദമായിരിക്കുകയാണ്‌.
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഡി എഫ്‌ എം ഡിയിലൂടെ കടന്നുവന്ന തീര്‍ത്ഥാടകരെ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ മാരീശ്വരനെ സന്നിധാനത്തു നിന്നും മടക്കിഅയച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്തും പമ്പയിലും നടന്ന പോലീസ്‌ അതിക്രമങ്ങളെ കുറിച്ച്‌ അന്വേഷിക്കുവാനും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും ശബരിമല പോലീസ്‌ ചീഫ്‌ കോര്‍ഡിനേറ്ററും എ ഡി ജി പിയുമായ എ. ഹേമചന്ദ്രന്‍ ഇന്നലെ സന്നിധാനത്തെത്തി. പമ്പയില്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്തശേഷമാണ്‌ എ ഡി ജി പി സന്നിധാനത്ത്‌ എത്തിയത്‌.
നിലയ്ക്കലില്‍ ഇന്നലെ ഉണ്ടായ പോലീസ്‌ അതിക്രമങ്ങളെ കുറിച്ച്‌ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ബാബു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌.
അയ്യപ്പഭക്തരെ സംരക്ഷിക്കുകയും സഹായം നല്‍കുകയും ചെയ്തിരുന്ന സേനയെ പോലീസ്‌ അയ്യപ്പന്‍മാര്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തീര്‍ത്ഥാടകരോട്‌ കാട്ടുന്ന ഈ ക്രൂരസമീപനം പോലീസ്‌ അയ്യപ്പന്മാര്‍ എന്ന പദത്തിന്‌ കളങ്കം ചാര്‍ത്തിയിരിക്കുകയാണ്‌. ഭക്തരെ നിയന്ത്രിക്കുവാന്‍ ലാത്തിയോ വടിയോ ആവശ്യമില്ലെന്നിരിക്കെയാണ്‌ പോലീസ്‌ ഇവിടെ സമരക്കാരെ നിയന്ത്രിക്കുന്നതുപോലെ ഭക്തരെ വടിയും ലാത്തിയും ഉപയോഗിച്ച്‌ നേരിടുന്നത്‌. തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുള്ള പടലപിണക്കമാണ്‌ അയ്യപ്പഭക്തരോട്‌ പോലീസ്‌ കാണിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്‌. ഇതോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിലും ഭക്തര്‍ക്ക്‌ സംരക്ഷണമൊരുക്കുന്നതിലും ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
മണ്ഡലകാലത്ത്‌ ശബരിമലയില്‍ ഡ്യൂട്ടിനോക്കിയിരുന്ന പോലീസ്‌ സേന ഇന്നലെ ഉച്ചയോടെ മലയിറങ്ങി. നിലയ്ക്കലും പമ്പയിലും പോലീസ്‌ അതിക്രമമുണ്ടായിനെതുടര്‍ന്ന്‌ പുതിയതായി ജോലിക്കെത്തിയ സേനാവിഭാഗത്തിനോട്‌ യാതൊരുകാരണവശാലും അയ്യപ്പഭക്തന്‍മാരെ വടി ഉപയോഗിച്ചോ ബലംപ്രയോഗിച്ചോ നിയന്ത്രിക്കുവാന്‍ പാടില്ലന്നുള്ള കര്‍ശന നിര്‍ദ്ദേശമാണ്‌ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.