പണമില്ലെന്ന്‌ മാണി

Wednesday 8 January 2014 11:00 pm IST

തിരുവനന്തപുരം: ബജറ്റവതരിപ്പിക്കാന്‍ രണ്ടാഴ്ച മാത്രംശേഷിക്കെ,സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്ന്‌ ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പ്രസ്താവിച്ചു. നികുതിവരുമാനം പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്നു വിശദീകരിച്ച മന്ത്രി സാമ്പത്തിക മാന്ദ്യത്തെയാണ്‌ ഇതിനു കുറ്റപ്പെടുത്തിയത്‌. സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ വര്‍ധനയുണ്ടായതായും മന്ത്രി വിശദീകരിച്ചു.
പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റവതരണത്തിനു മുമ്പ്‌ നടത്തിയ ഈ സാമ്പത്തിക സ്ഥിതി പ്രസ്താവനക്ക്‌ ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്‌. ബജറ്റിനു മുമ്പ്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും വന്‍ പ്രതിസന്ധിയിലും ജനകീയ ബജറ്റ്‌ അവതരിപ്പിച്ചുവെന്ന ഇമേജ്‌ വര്‍ദ്ധിപ്പിക്കാനും ഈ പ്രസ്താവന സഹായിക്കുമെന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്‌.
അധികാരത്തിലേറിയ സമയത്ത്‌ സര്‍ക്കാരിന്റെ മൊത്തം കടബാധ്യത 78673.24 കോടി രൂപയായിരുന്നുവെന്ന്‌ മന്ത്രി മാണി വിശദീകരിച്ചു. രണ്ടുവര്‍ഷത്തിനിടെ കടബാധ്യതയില്‍ 24011.69 കോടിയുടെ വര്‍ധനയാണുണ്ടായത്‌. ഇത്‌ ഉണ്ടായിരുന്ന കടബാധ്യതയുടെ 30.52 ശതമാനമാണ്‌. പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 30 വരെ ലഭിച്ച ആകെ ലഭിച്ച റവന്യു വരുമാനം 30154.46 കോടിയും ചെലവ്‌ 35199.79 കോടിയുമാണ്‌. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ എസ്റ്റിമേറ്റ്‌ പ്രകാരം 58057.87 കോടി രൂപയാണ്‌ റവന്യുവരുമാനമായി പ്രതീക്ഷിക്കുന്നത്‌. 70076.34 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു.
അക്കൗണ്ടന്റ്‌ ജനറലിന്റെ പ്രാഥമിക കണക്കനുസരിച്ച്‌ കഴിഞ്ഞവര്‍ഷം നവംബര്‍ 30 വരെയുള്ള സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 102684.93 കോടി രൂപയാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24011.69 കോടി രൂപ കടമെടുത്തു. ആഭ്യന്തരകടമായി 16621.39 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്നു 333.7 കോടിയും ലഘുസമ്പാദ്യം, പിഎഫ്‌ എന്നിവയില്‍ നിന്നും 7056.6 കോടിയുമാണ്‌ കടംകൊണ്ടത്‌. വികസന പ്രവൃത്തികള്‍ക്കായി ഡിസംബര്‍ 31 വരെ പൊതുവിപണിയില്‍ നിന്നും 9700 കോടിയും ദേശീയ ലഘു സമ്പാദ്യ പദ്ധതിയില്‍ നിന്നും 107 കോടിയും കേന്ദ്രസര്‍ക്കാരില്‍ നിന്നും 330.67 കോടിയും നബാര്‍ഡില്‍ നിന്നും 218.56 കോടിയും കടമെടുത്തിട്ടുണ്ട്‌.
ബസ്ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന്‌ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ രണ്ടുതവണ ബസ്ചാര്‍ജ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌. സംസ്ഥാനത്താകെ 608929 ഓട്ടോറിക്ഷകള്‍ നിയമാനുസൃതം സര്‍വീസ്‌ നടത്തുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
വൈദ്യുതി ചാര്‍ജ്‌ കുടിശിക ഇനത്തില്‍ 1405.83 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന്‌ മന്ത്രി ആര്യാടന്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 669.65 കോടിയും കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളില്‍ നിന്നായി 112.46 കോടിയും വാട്ടര്‍ അതോറിറ്റിയില്‍ നിന്ന്‌ 475.76 കോടിയും സ്വകാര്യ മേഖലയില്‍ നിന്നു 582.44 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്‌. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന കേന്ദ്രവൈദ്യുതി വിഹിതത്തില്‍ 193.87 ദശലക്ഷം യൂണിറ്റിന്റെ കുറവ്‌ അനുഭവപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.