ബേഡകത്ത് സി.പി.എം പ്രവര്‍ത്തകരുടെ കൂട്ടരാജി തുടരുന്നു

Thursday 9 January 2014 2:05 pm IST

കാസര്‍കോട്: ബേഡകത്ത് നേതൃത്വത്തെ ധിക്കരിച്ച് സി.പി.എമ്മില്‍നിന്നുള്ള രാജി തുടരുന്നു. ഇന്നലെ ഏരിയ കമ്മിറ്റിക്കു കീഴിലെ നൂറോളം പ്രവര്‍ത്തകര്‍ രാജിവച്ചതിനുപിന്നാലെ ഇന്ന് നേതാക്കളടക്കം കൂടുതല്‍ പേര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. പുറത്താക്കിയ ഏരിയ സെക്രട്ടറിയായ സി ബാലനെ വീണ്ടും നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ നേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം മുന്‍ ഏരിയ സെകട്ടറി പി ദിവാകരന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും ഏരിയാകമ്മിറ്റി അംഗവുമായ ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ നടപടി തിരുത്തണമെന്ന് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ക്ക് അനുകൂലമായി നൂറോളം പ്രവര്‍ത്തകര്‍ രാജിവെച്ചത്. ബേഡകം ഏരിയക്ക് കീഴിലെ ബേഡകം, പടുപ്പ്, കുറ്റിക്കോല്‍ മേഖലയില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകരാണ് ഇന്നലെ ജില്ലാനേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. എതിര്‍പ്പ് വകവെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോകാനുള്ള പാര്‍ട്ടി തീരുമാനമാണ് പ്രവര്‍ത്തകരുടെ രാജിക്ക് കാരണമായിട്ടുള്ളത്. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടും രാജിതുടരുകയാണ്. ഇന്ന് ഏരിയാ കമ്മിറ്റിയോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് രാജികളുണ്ടായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.