വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു: സിപിഎം പ്രതിസന്ധിയില്‍ വിഎസിന്റെ നിലപാടിനെ തള്ളാനും കൊള്ളാനുമാകാതെ നേതൃത്വം

Thursday 9 January 2014 10:36 pm IST

കൊച്ചി: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തലപൊക്കുന്ന വിഭാഗീയത സിപിഎം നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. വിഎസ്‌ വിഭാഗത്തെ പാടെ വെട്ടി നിരത്തിയെന്ന്‌ ആശ്വാസം കൊള്ളുന്നതിനിടെയാണ്‌ സംസ്ഥാനത്തെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ഒരേ സമയം നേതൃത്വത്തെ വെല്ലുവിളിച്ച്‌ വിമതസ്വരം ഉയരുന്നത്‌.
ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ്‌ വി എസും രംഗത്ത്‌ വന്നതോടെ വിഭാഗീയത അവസാനിച്ചുവെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊളിയുകയാണ്‌. കോഴിക്കോട്‌, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത നീക്കം സജീവമായിട്ടുള്ളത്‌. ഇതിന്റെ ചുവട്‌ പിടിച്ച്‌ മറ്റു ജില്ലകളിലും നേതൃത്വത്തിനെതിരെ വിമതര്‍ കലാപത്തിനൊരുങ്ങുന്നതായാണ്‌ സൂചനകള്‍. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കാനാകാത്തതും പാര്‍ട്ടിക്ക്‌ തലവേദനയാകുന്നു.
തിരക്കിട്ട്‌ ഒരു നടപടിയും വേണ്ടെന്ന നിലപാടിലാണ്‌ സംസ്താന നേതൃത്വം. ബേഡകത്തും കൊയിലാണ്ടിയിലും വിമതര്‍ക്കു മുന്നില്‍ തലകുനിച്ചതിനു പിന്നാലെ എറണാകുളത്തും വിമത നീക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരെയുളള നടപടികളില്‍ നിന്ന്‌ നേതൃത്വം പിന്നോക്കം പോയി. വൈപ്പിന്‍, മുളന്തുരുത്തി ഏരിയ കമ്മിറ്റികളാണ്‌ ഔദ്യോഗിക നേതൃത്വത്തിനെതിരെ കലാപത്തിനൊരുങ്ങിയത്‌. രണ്ടിടത്തും കീഴടങ്ങുന്ന സമീപനമാണ്‌ പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്‌. ജില്ലാനേതൃത്വം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ കഴിയും വരെ ഒരു നടപടിയും വേണ്ടെന്ന്‌ ജില്ലാ നേതൃത്വത്തിന്‌ ഇന്നലെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായാണ്‌ സൂചന. അതേസമയം ജില്ലയിലെ പ്രമുഖ വിഎസ്പക്ഷ നേതാക്കളായ എസ്‌ ശര്‍മ്മക്കും കെ. ചന്ദ്രന്‍ പിള്ളക്കുമെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ജില്ലാനേതൃത്വം.
പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ച ദിവസം ഇരുവരും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്‌ ശരിയായില്ല എന്നാണ്‌ ജില്ലാക്കമ്മിറ്റി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ പരാതി നല്‍കാന്‍ വേണ്ടി പറയുന്ന ഒരു കാരണം മാത്രമാണെന്നും ഈ പരാതിയുടെ മറവില്‍ ശര്‍മ്മക്കും ചന്ദ്രന്‍ പിള്ളക്കുമെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ജില്ലാനേതൃത്വം സംസ്ഥാന കമ്മിറ്റിക്കു മുന്നിലെത്തിക്കുമെന്നാണ്‌ വിവരം. ഇതില്‍ നിരവധി അഴിമതി ആരോപണങ്ങളും പെടും. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ ഒളിക്യാമറ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്‌ ചന്ദ്രന്‍ പിള്ളയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നുവെന്നും ആരോപണമുണ്ട്‌. ജില്ലാക്കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരായ സമീപനമാണ്‌ ഇരുവരും പലപ്പോഴും കൈക്കൊള്ളുന്നതെന്നും സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഉടന്‍ നടപടി വേണമെന്നാണ്‌ ആവശ്യമെങ്കിലും ജില്ലയിലെ പ്രമുഖ നേതാക്കളായ ഇരുവര്‍ക്കുമെതിരെ തെരഞ്ഞടുപ്പിന്‌ മുന്‍പ്‌ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ഭയപ്പെടുകയാണ്‌.
ഏരിയ-ജില്ലാ തലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിഎസ്‌ അച്യുതാനന്ദന്‍ വീണ്ടും ഔദ്യോഗികപക്ഷത്തെ വെല്ലുവിളിക്കാന്‍ ഒരുങ്ങുകയാണ്‌. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്ന്‌ വിഎസ്‌ കഴിഞ്ഞദിവസം പരസ്യപ്രസ്താവനയില്‍ ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്ന നിലപാടു സ്വീകരിച്ചതിനു പിന്നാലെയാണ്‌ ഇതിനെതിരെ വിഎസ്‌ പരസ്യ നിലപാട്‌ സ്വീകരിച്ചത്‌.
വിഎസിന്റെ നിലപാട്‌ തള്ളി സീതാറാം യച്ചൂരി തന്നെ ഇന്നലെ രംഗത്തു വന്നിട്ടുണ്ട്‌. എന്നാല്‍ വി എസ്‌ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പക്ഷം ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ തെരഞ്ഞടുപ്പില്‍ പ്രചരണായുധമാക്കാമെന്ന പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍ പിഴക്കും. പിണറായി വിജയന്‍ അരമനകള്‍ തോറും കയറിയിറങ്ങി കൃസ്ത്യന്‍ സഭയെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ്‌ വി എസിന്റെ എതിര്‍ നിലപാട്‌ എന്നതും ശ്രദ്ധേയമാണ്‌. ഔദ്യോഗിക നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടും വിഎസിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ പാര്‍ട്ടി. നടപടിയുണ്ടായാല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തിറങ്ങണമെന്ന വാദവും വിഎസ്‌ വിഭാഗത്തിനിടയില്‍ പ്രബലമാണ്‌.
ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.