നല്ലനാളുകള്‍ ഉടന്‍ വരുമെന്ന്‌ മോദി

Thursday 9 January 2014 10:39 pm IST

ന്യൂദല്‍ഹി: രാജ്യത്തിന്റെ നല്ല നാളുകള്‍ ഉടന്‍ വരുമെന്ന്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. നല്ല നാളുകള്‍ക്കായി വേണ്ടതു ചെയ്തിട്ടുണ്ടെന്ന്‌ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയോട്‌ അതേ വേദിയില്‍ പ്രതികരിക്കുകയായിരുന്നു നരേന്ദ്രമോദി. പ്രവാസികളടക്കം നൂറുകണക്കിനു പ്രതിനിധികള്‍ കരഘോഷത്തോടെയാണ്‌ മോദിയുടെ വാക്കുകളെ എതിരേറ്റത്‌.
'ഞാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട്‌ യോജിക്കുന്നു. ഇന്ത്യയുടെ നല്ലനാളുകള്‍ മുന്നില്‍ത്തന്നെയുണ്ട്‌. നമ്മള്‍ അതിനായി അഞ്ചാറു മാസങ്ങള്‍ കൂടി കാത്തിരിക്കണം. പക്ഷേ നല്ല നാളുകള്‍ വരുമെന്ന്‌ ഉറപ്പാണ്‌, മോദി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്‌ വലിയ ദുരന്തമാകുമെന്ന മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ ആദ്യമായാണ്‌ മോദി രംഗത്തെത്തിയത്‌.
യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ തുറന്നടിച്ച നരേന്ദ്രമോദി അഴിമതിയും കുംഭകോണങ്ങളും രാഷ്ട്രീയരംഗത്തെ വിഭാഗീയ ഘടകങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക്‌ സര്‍ക്കാരിലും അതിന്റെ നേതാക്കളിലുമുള്ള വിശ്വാസത്തെ ഇല്ലാതാക്കിയെന്നും പറഞ്ഞു.
ഡോളറും പൗണ്ടും ഇന്ത്യയിലേക്ക്‌ കൊണ്ടുന്നവരായി മാത്രമാണ്‌ വിദേശ ഇന്ത്യക്കാരെ കാണുന്നതെന്നും അതുമാത്രമല്ല അവരെന്ന്‌ തിരിച്ചറിയണമെന്നും മോദി പറഞ്ഞു. തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന അവരുടെ അനുഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. വിവിധ ദിശാബോധം അവരില്‍ നിന്നും നമുക്ക്‌ പ്രയോജനപ്പെടുത്താം. വിദേശ ഇന്ത്യക്കാരേയും സംസ്ഥാന സര്‍ക്കാരുകളേയും തമ്മില്‍ ബന്ധിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനം രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിച്ചുകൊണ്ട്‌ നിക്ഷേപസാഹചര്യങ്ങള്‍ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 75,000 കോടി രൂപയാണ്‌ പ്രവാസി മലയാളികളില്‍ നിന്നും സംസ്ഥാനത്തേക്ക്‌ വര്‍ഷംതോറും എത്തുന്നത്‌. ഇതെല്ലാം മികച്ച സാധ്യതകളാണ്‌ മുന്നോട്ടു വയ്ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.