ന്യൂദല്‍ഹി: സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി. സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.
എന്നാല്‍ ആധാര്‍ സബ്സിഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മന്ത്രി കോണ്‍ഗ്രസ് എംപിമാരെ അറിയിച്ചു. സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് പി.സി. ചാക്കോ, സഞ്ജയ് നിരുപം, മഹാബല്‍ മിശ്ര എന്നീ എംപിമാരാണ് വീരപ്പമൊയ്ലിയെ കണ്ടത്.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തില്‍ മൊയ്ലി നിലപാട് മയപ്പെടുത്തുകയായിരുന്നു
പാചകവാതക വിലവര്‍ധനയുടെ സാഹചര്യത്തില്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: