ഷഡ്ഗുണങ്ങളും ഷഡ്‌വൈരികളും

Friday 26 August 2011 11:16 pm IST

ഐശ്വര്യം, വീര്യം, യശസ്‌, ശ്രീ, ജ്ഞാനം, േ‍#ാ‍വൈരാഗ്യം എന്നീ ആറ്‌ ഗുണങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കുന്നവനാണ്‌ ഭഗവാനെന്ന്‌ വിഷ്‌ണു പുരാണത്തില്‍ പറയുന്നു. ഈ ഗുണങ്ങള്‍ പരിമിതമായ തോതില്‍ മനുഷ്യരിലും കാണപ്പെടുന്നു. ഉദാഹരണമായി ഐശ്വര്യമെന്നതിന്‌ ഈശ്വരന്റെ ഭാവമെന്നാണ്‌ അര്‍ത്ഥം. സര്‍വതിനെയും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും അധിപതിയായിരിക്കുന്നതിനുമുള്ള ശക്തിയെന്ന്‌ ഐശ്വര്യത്തെ വിശേഷിപ്പിക്കാം. ഈശ്വരാനുഗ്രഹം കൊണ്ട്‌ മനുഷ്യന്‍ ഗൃഹത്തിന്റെയോ, രാഷ്ട്രത്തിന്റെയോ അധിപതിയായി ഭവിക്കുന്നു. ഈശ്വരനിലാകട്ടെ, സര്‍വലോകത്തിന്റെയും അധിപതിയും സര്‍വതിനെയും പരിപാലിക്കുന്നവനുമാണ്‌. ഇതുപോലെ മറ്റ്‌ ഗുണങ്ങളെയും കണക്കാക്കാം. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ്‌ വൈരികള്‍ അഥവാ ദുര്‍വികാരങ്ങള്‍ മനുഷ്യനിലുള്ള ഈ ഭഗവദ്ഗുണങ്ങളെ നശിപ്പിക്കുകയും അവനെ ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു. ഭഗവദ്ഗുണങ്ങളും ഷഡ്‌വൈരികളും പരസ്പരവിരുദ്ധമായ സ്വഭാവത്തോടുകൂടിയയാണ്‌. അതായത്‌ മനുഷ്യന്‍ ഷഡ്ഗുണങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ഷഡ്‌വൈരികള്‍ക്കും, ഷഡ്‌വൈരികള്‍ക്ക്‌ വിധേയനായിത്തീര്‍ന്നാല്‍ ഷഡ്ഗുണങ്ങള്‍ക്കും ക്ഷയം സംഭവിക്കുമെന്ന്‌ അര്‍ത്ഥമെടുക്കേണ്ടതാണ്‌. അതുപോലെ ഷഡ്ഗുണങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കുന്ന ഭഗവാനെ ആശ്രയിച്ചാല്‍ ഷഡ്‌വൈരികളെ അനായാസമായി ജയിക്കാമെന്നും അര്‍ത്ഥം കല്‍പിക്കേണ്ടതാണ്‌. ഐശ്വര്യാദി ഷഡ്ഗുണങ്ങള്‍ മനസ്സിനെ ഏകാഗ്രതയിലേക്കും അനുവഴി ശാന്തിയിലേക്കും നയിക്കുന്നു. അതേസമയം കാമക്രോധാദി ഷഡ്‌വൈരികള്‍ മനോനിയന്ത്രണം നശിപ്പിക്കുകയും അതുവഴി അശാന്തിയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. അശാന്തന്‌ എവിടെയാണ്‌ സുഖമെന്ന്‌ ഗീതയില്‍ ഭഗവാന്‍ ചോദിക്കുന്നുണ്ട്‌. ശാന്തചിത്തനായവന്‍ ജീവിക്കുന്നു. അശാന്തചിന്തനായവന്‍ മൃതതുല്യനായും ജീവിക്കുന്നു. മര്‍ത്ത്യന്‍ എല്ലായ്പോഴും ആശ്രയിക്കേണ്ടത്‌ ശാന്തിയെ പ്രദാനം ചെയ്യുന്ന ഭഗവാനെ തന്നെയാണെന്നും, അശാന്തിയെ പ്രദാനം ചെയ്യുന്ന കാമക്രോധാദികള്‍ ആവാസ സ്ഥാനമായിരിക്കുന്ന കലിയെ ജയിക്കണമെന്നും ഇതിന്റെ സാരമായി കണക്കാക്കാം. മനുഷ്യന്‌ പരമമായ ശാന്തിയെ പ്രദാനം ചെയ്യുന്നതുകൊണ്ട്‌ തന്നെയാണ്‌ ഭഗവാന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന ഭാഗവതം എല്ലാ പുരാണങ്ങളേക്കാളും അഗ്രിമസ്ഥാനത്തിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.