ഐഒസിക്ക്‌ 'മഹാരത്ന': സര്‍ക്കാര്‍ വഞ്ചന വെളിപ്പെടുന്നു

Friday 26 August 2011 11:27 pm IST

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‌ 'മഹാരത്ന' പദവി നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവിലവര്‍ധന ജനവഞ്ചന വെളിപ്പെട്ടു. നിശ്ചിത കാലയളവില്‍ ലാഭം നേടുകയും ഉയര്‍ന്ന ഇടപാട്‌ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കാണ്‌ മഹാരത്ന പദവി നല്‍കുക. ഐഒസി അടക്കം അഞ്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളെയാണ്‌ കേന്ദ്രസര്‍ക്കാര്‍ മഹാരത്ന പദവിയിലേക്കുയര്‍ത്തിയത്‌. പൊതുമേഖലാ ഓയില്‍ കമ്പനികള്‍ നിരന്തരം നഷ്ടത്തിലാണെന്നും നിലനില്‍പ്പിന്‌ ഇന്ധനവില വര്‍ധന അനിവാര്യമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ന്യായീകരണം. ഇതിന്റെ മറവില്‍ ഓയില്‍ കമ്പനികള്‍ക്ക്‌ പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയം വിലനിര്‍ണയാവകാശം നല്‍കുകയും ചെയ്തു. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി വന്‍ വിലവര്‍ധനവും ഓയില്‍ കമ്പനികള്‍ നടപ്പിലാക്കി. സ്വകാര്യ മേഖലയിലെ ഇന്ധന വിതരണ ശൃംഖലക്കും കോര്‍പ്പറേറ്റുകള്‍ക്കും വന്‍ലാഭം നേടുവാനുള്ള അവസരമൊരുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ ഇതിനിടെ ആരോപണമുയര്‍ന്നിരുന്നു. ഐഒസിയുടെ മഹാരത്ന പദവി അംഗീകാരം കേന്ദ്രസര്‍ക്കാര്‍ ന്യായീകരണം അസത്യമായിരുന്നുവെന്നും ജനവഞ്ചനയാണെന്നും ആരോപണം ശരിവെക്കുന്നതുമാണെന്ന്‌ വിലയിരുത്തുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, വിറ്റുവരവ്‌, ലാഭം ആസ്തി മൂല്യം, നേട്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്‌ കമ്പനി-വ്യവസായശാലകള്‍ക്ക്‌ അംഗീകാരപദവിപട്ടം നല്‍കുക. ഇത്‌ ഓഹരിവിപണിയിലും വ്യാവസായികമേഖലയിലും മൂല്യനിര്‍ണയത്തില്‍ വന്‍നേട്ടമുണ്ടാക്കുകയും ചെയ്യും. നിശ്ചിത കാലയളവില്‍ നിശ്ചിത തുക നിരന്തരമായി ലാഭം നേടുകയും ഉയര്‍ന്ന വില്‍പന വരുമാനം നേടുന്ന കമ്പനികളെ മാനദണ്ഡപ്രകാരമാണ്‌ മിനിരത്ന, നവരത്ന, മഹാരത്ന പദവിലകളിലേക്കുയര്‍ത്തുക. മൂന്നുവര്‍ഷം ഒരേസമയം തുടര്‍ച്ചയായി പ്രതിവര്‍ഷം 25,000 കോടി രൂപയുടെ വിറ്റുവരവും 15,000 കോടി രൂപയുടെ ആസ്തിമൂല്യവും തുടര്‍ച്ചയായി മൂന്നുവര്‍ഷം 2500 കോടി രൂപയുടെ അറ്റാദായ (ലാഭം) നേടുകയും ചെയ്യന്ന പൊതുമേഖലാ സ്ഥാപനങ്ങളെയാണ്‌ മഹാരത്ന പദവി നല്‍കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, എന്‍ടിപിസി, സെയില്‍, കോള്‍ ഇന്ത്യാ ലിമിറ്റഡ്‌ എന്നീ കമ്പനികള്‍ക്കാണ്‌ ഇപ്പോള്‍ മഹാരത്ന പദവി നല്‍കിയരിക്കുന്നത്‌. അതായത്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മഹാരത്ന പദവിക്കുള്ള ഉയര്‍ന്ന ലാഭവും ഇതര നേട്ടങ്ങളും നേടിയതായി സര്‍ക്കാര്‍ അംഗീകരിക്കുന്നു. രാജ്യത്തെ ഇന്ധന വിതരണത്തിന്റെ 60 ശതമാനം വിഹിതവും ഐഒസിയുടേതാണ്‌. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത്‌ പെട്രോളിയം എന്നിവയാണ്‌ മറ്റ്‌ പൊതുമേഖലാ ഇന്ധന വിതരണ കമ്പനികള്‍. കൂടാതെ കോര്‍പ്പറേറ്റ്‌ ശൃംഖലകള്‍ സ്വകാര്യമേഖലയിലുമുണ്ട്‌. ആഗോളവിപണിയില്‍ ക്രൂഡ്‌ ഓയിലിന്‌ വില സര്‍വകാല റെക്കോഡില്‍ (ഉയര്‍ന്ന നിലവാരത്തില്‍ 2008 ജൂലായ്‌) ബാരലിന്‌ 148 ഡോളര്‍ നിലവാരത്തിലെത്തിയ 2008-09 ല്‍ 2949 കോടി രൂപയാണ്‌ ഐഒസി ലാഭം നേടിയത്‌. നികുതിയായി 1579 കോടി രൂപയും നല്‍കി. ഇതേ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയയത്‌ 40383 കോടി രൂപ. ഈവര്‍ഷം ഇന്ധന വില്‍പന ഇന്നുള്ള നിരക്കിനെക്കാള്‍ 20 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ്‌ വില്‍പന നടത്തിയിരുന്നത്‌. 2009-10 വര്‍ഷം ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ ശരാശരി 110-118 ഡോളറായി. ഐഒസിയുടെ ലാഭം 10220 കോടി രൂപയായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ്‌ 15172 കോടി രൂപ മാത്രം. വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല.എന്നാല്‍ 2010-11 വര്‍ഷം കേന്ദ്രബജറ്റില്‍ ഇന്ധനവിലവര്‍ധന പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക്മേല്‍ അമിതഭാരം ചുമത്തി. ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ ശരാശരി 90-95 ഡോളറായി കുറഞ്ഞു. ഐഒസിയുടെ ലാഭം 8085 കോടി രൂപയായി. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ്‌ 22064 കോടി രൂപ. തുടര്‍ന്ന്‌ 2010 ജൂണില്‍ പൊതുമേഖലാ ഓയില്‍കമ്പനികള്‍ക്ക്‌ പെട്രോള്‍ വിലയില്‍ സ്വയംനിര്‍ണയാവകാശം നല്‍കുകയും ചെയ്തു. തുടര്‍ന്ന്‌ ഒരുവര്‍ഷത്തിനകം ഇതിലൂടെ കമ്പനികള്‍ ലിറ്ററിന്‌ 12 രൂപയിലേറെയും വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വന്‍ലാഭം നേടി മഹാരത്ന പദവിയിലേക്കുയര്‍ന്നപ്പോള്‍ പൊതുമേഖലയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത്‌ പെട്രോളിയവും നവരത്ന പദവി പട്ടികയിലിടം നേടി. പ്രതിവര്‍ഷം 2500 കോടിയിലേറെ രൂപയുടെ ലാഭമാണ്‌ ഇവര്‍ നേടുന്നത്‌. ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗസാധനവില ഉയരുകയും നാണയപ്പെരുപ്പവും അനിയന്ത്രിതമായി കുതിക്കുകയും ചെയ്യുമ്പോള്‍ ഇവക്കെതിരെ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ-കോര്‍പ്പറേറ്റ്‌ കുത്തകകള്‍ക്കായി സഹായകരമായ നിലപാട്‌ കൈക്കൊള്ളുകയാണെന്നാണ്‌ ആരോപണം. ലോകത്ത്‌ ഇന്ധനവിലയില്‍ ഇന്ത്യ ഒന്നാംനിരയിലാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വഞ്ചനയിലൂടെ ജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്തുന്ന സമീപനം കൈക്കൊണ്ടിരിക്കുകയാണെന്ന്‌ വിവിധ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു