കൊച്ചി: 36-ാമത് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം കൊച്ചിയില്‍ നിന്നും ടൂര്‍ണമെന്റിന്റെ മറ്റൊരു വേദിയായ മഞ്ചേരിയിലേക്ക് റോഡ്ഷോ സംഘടിപ്പിക്കും. ഇന്ത്യയിലെ 16 ഗ്ലാമര്‍ ടീമുകളുടെ തീ പാറുന്ന മത്സരങ്ങളുടെ ആവേശം പൊതുജനങ്ങളിലേക്കും ഫുട്ബോള്‍ പ്രേമികളിലേക്കും പകരുകയാണ് റോഡ് ഷോയുടേ ഉദ്ദേശ്യം.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ 16 പ്രൊഫഷണല്‍ ക്ലബുകളുടെ പതാകകള്‍ അലങ്കരിക്കുന്ന റോഡ്ഷോയിലെ വാഹനങ്ങളില്‍ മഞ്ചേരിയിലെ മത്സരത്തിനുള്ള പന്തുകളും ഫെഡറേഷന് കപ്പ് പതാകയും ഉണ്ടായിരിക്കും. ഇന്ന് രാവിലെ 9.30 ന് മുന്‍ ഫുട്ബോള്‍ താരം കൂടിയായ ബെന്നി ബഹനാന് എംഎല്‍എ റോഡ്ഷോ ഫ്ലാഗ് ഓഫ് ചെയ്യും.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പത്ത് കലാകാരന്മാര് അണിനിരക്കുന്ന റോഡ്ഷോ എറണാകുളം, തൃശൂര്‍, പാലക്കാട് വഴി മഞ്ചേരിയില്‍ എത്തും. വാഹന ഘോഷയാത്രക്ക് വമ്പിച്ച വരവേല്‍പ്പാണ് മഞ്ചേരിയിലെ സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
കളമശ്ശേരി, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ റോഡ്ഷോയ്ക്ക് വിവിധ സംഘടനകളും ഫുട്ബോള്‍ ക്ലബുകളും സ്വീകരണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
‘പച്ചപുല്ലിന്മേല് പന്തുരുളുമ്പോള്‍’ എന്ന ഷിബു ചക്രവര്‍ത്തി രചിച്ച് ബേണി ഇഗ്നേഷ്യസ് ഈണം നല്കിയ ഫുട്ബോള്‍ ഗീതമാണ് ഫെഡറേഷന് കപ്പിന്റെയും തീംസോങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: