ആയുര്‍വ്വേദ മെഡി. അസോസിയേഷന്‍ സമ്മേളനത്തിന്‌ തുടക്കം

Saturday 11 January 2014 10:10 pm IST

കല്‍പ്പറ്റ : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എഎംഎഐ) 35ാ‍ം വാര്‍ഷിക സമ്മേളനം കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക്‌ ആയുര്‍വേദ ചികിത്സ അനിവാര്യമായിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയിലെ വിവിധ ചികിത്സാരീതികള്‍ ഏകോപിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായുള്ള ഒന്‍പത്‌ ഉപാധികളില്‍ ഒന്ന്‌ ആയുര്‍വ്വേദമാണെന്ന്‌ പ്രശസ്ത ആസൂത്രണ വിദഗ്ധന്‍ സാം പിത്രോഡ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍, അതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം നടപ്പില്‍ വരുത്തേണ്ടതുണ്ടെന്ന്‌ എഎംഎഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. രജിത്‌ ആനന്ദ്‌ സ്വാഗതപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. എഎംഎഐ സംസ്ഥാന പ്രസിഡണ്ട്‌ ഡോ. ജി.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍.കെ.റഷീദ്‌, ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ശിവദാസന്‍, ആയുര്‍വ്വേദ ഡ്രഗ്‌ മാനുഫാക്ചേഴ്സ്‌ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ട്‌ ഡോ. പി.എം.വാരിയര്‍, എകെപിസിടിഎ പ്രതിനിധി ഡോ.എം.വി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡണ്ട്‌ ഡോ. മുഹമ്മദ്‌ റാസി നന്ദി പറഞ്ഞു.
ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എ.എം.എ.ഐ) ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡ്‌ മാതൃഭൂമി ഗ്രൂപ്പും ആയുര്‍വ്വേദത്തിന്റെ വിവിധമേഖലകളില്‍ പ്രശസ്തമായ സംഭാവന നല്‍കിയവര്‍ക്കുള്ള എഎംഎഐ ഭിഷഗ്‌രത്ന അവാര്‍ഡിന്‌ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹോസ്പിറ്റല്‍സ്‌ സൂപ്രണ്ട്‌ ഡോ. കെ.മുരളീധരനും ഡോ. എന്‍.വി.കെ.വാരിയര്‍ മെമ്മോറിയല്‍ ആയുര്‍വേദ പ്രചാരണ്‍ അവാര്‍ഡിന്‌ തൃശൂരിലെ സുനേത്രി ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ ഡോ. എം.പ്രസാദും ഏറ്റവും നല്ല കോളേജ്‌ മാഗസിനായി കോഴിക്കോട്‌ കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഒറിഗാമിയും പങ്കിട്ടു. ഡോ. കെ.രഘുനാഥന്‍ (കൊല്ലം), ഡോ. എന്‍.ശ്രീകുമാര്‍ (കോഴിക്കോട്‌) എന്നിവര്‍ പ്രത്യേക അവാര്‍ഡിനും അര്‍ഹരായി. സംസ്ഥാന സമ്മേളനം നാളെ അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.