സംസ്ഥാനത്തെ ആദ്യ യുഎഇ കോണ്‍സുലേറ്റ്‌ തലസ്ഥാനത്ത്‌

Saturday 11 January 2014 10:16 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ യുഎഇ കോണ്‍സുലേറ്റ്‌ തിരുവനന്തപുരത്തു സ്ഥാപിക്കുമെന്ന്‌ യുഎഇ അംബാസിഡര്‍ മുഹമ്മദ്‌ സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഒവായിസ്‌. മൂന്നു മാസത്തിനകം കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനം ആരംഭിക്കും. കോണ്‍സുലേറ്റ്‌ തുടങ്ങുന്നതോടെ കേരളവും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ്‌ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ തിരുവനന്തപുരത്തു നടത്തി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ തലസ്ഥാനത്തു കോണ്‍സുലേറ്റ്‌ തുടങ്ങുന്ന കാര്യത്തില്‍ യുഎഇ യും കേരളവും തമ്മില്‍ ധാരണയിലെത്തുകയും തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിക്കണമെന്നുള്ളതിനാലാണു വൈകിയത്‌. യുഎഇയിലെ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതു ജനുവരിയിലാണ്‌. പുതുവര്‍ഷത്തില്‍ ബജറ്റിനു ശേഷം ആദ്യം പ്രഖ്യാപിക്കുന്ന പദ്ധതി കേരളത്തിലെ കോണ്‍സുലേറ്റ്‌ ആരംഭിക്കുക എന്നതായിരിക്കുമെന്നു കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ യുഎഇ വിദേശകാര്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. കോണ്‍സുലേറ്റ്‌ വരുന്നതോടെ കേരളവും യുഎഇ യും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്കും കൂടുതല്‍ കരുത്തു പകരും. ഇതിനു പുറമെ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള കൂടുതല്‍ രാജ്യങ്ങള്‍ തലസ്ഥാനത്തു സ്ഥാനപതി കാര്യാലയങ്ങള്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കാം. രണ്ടോ മൂന്നോ ആഴ്ചക്കകം ശ്രീലങ്കന്‍ കോണ്‍സുലേറ്റിന്റെ പ്രഖ്യാപനവും തിരുവനന്തപുരത്തു നടക്കും.
വല്ലാര്‍പാടം, സ്മാര്‍ട്ട്‌ സിറ്റി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനും നിരീക്ഷണത്തിനും ഗള്‍ഫ്‌ മേഖലയില്‍ നിന്നു കേരളത്തിലേക്കു കുടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കോണ്‍സുലേറ്റ്‌ സഹായകരമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഎഇയുമായുള്ള സൗഹൃദബന്ധത്തിനും തൊഴില്‍ ബന്ധത്തിനും കൂടുതല്‍ ഗുണപ്രദമാകും കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനമെന്നു നോര്‍ക്ക മന്ത്രി കെ.സി ജോസഫ്‌ പറഞ്ഞു. യുഎഇയിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്‌. അവര്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനകരമായിരിക്കും. കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണയാക പങ്കു വഹിക്കാന്‍ കോണ്‍സുലേറ്റിനു കഴിയും. കോണ്‍സുലേറ്റ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും വഹിക്കുന്നതു യുഎഇ സര്‍ക്കാരാണ്‌. സ്ഥലം, ഓഫിസ്‌, സ്റ്റാഫ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ മൂന്നു മാസം സമയം എടുക്കും. പ്രമുഖ വ്യവസായി എം.എ.യൂസഫലി, സുനന്ദ പുഷ്കര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.