ബേഡകത്ത്‌ വിമതര്‍ പിണറായിയെയും തള്ളി

Saturday 11 January 2014 10:44 pm IST

കാസര്‍കോട്‌: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ട്‌ ഇടപെട്ടിട്ടും ബേഡകത്തെ വിഭാഗീയത കൂടുതല്‍ കുഴപ്പത്തിലേക്ക്‌. നിലപാട്‌ കര്‍ശനമാക്കി വിമതവിഭാഗത്തെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുന്നു. ജില്ലാ കമ്മറ്റിക്ക്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി നേരിട്ട്‌ രാജിക്കത്ത്‌ നല്‍കിയിട്ടുണ്ട്‌.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ഗോപാലന്‍ മാസ്റ്റര്‍, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സജു അഗസ്റ്റിന്‍, പഞ്ചായത്ത്‌ അംഗങ്ങളായ വി.കെ.അരവിന്ദന്‍, കെ.ജെ.രാജു എന്നിവരാണ്‌ ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചത്‌. ഇവര്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ബന്തടുക്ക ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ്‌ അരവിന്ദന്‍.
പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതില്‍ വിമതവിഭാഗം നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചത്‌ പ്രശ്നം പരിഹരിക്കപ്പെടുകയാണെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി കേന്ദ്രകമ്മറ്റി അംഗം പി.കരുണാകരന്‍ എംപിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി യോഗത്തില്‍ ഔദ്യോഗിക വിഭാഗം നടത്തിയ പരാമര്‍ശങ്ങളാണ്‌ വിമതവിഭാഗത്തെ പ്രകോപിപ്പിച്ചത്‌. പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നവര്‍ പാര്‍ട്ടി നല്‍കിയ മറ്റ്‌ സ്ഥാനമാനങ്ങള്‍ രാജി വയ്ക്കാത്തതെന്തെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ പരിഹാസം. ഇത്‌ സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ച നീട്ടിക്കൊണ്ട്‌ പോവുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഗോപാലന്‍ മാസ്റ്റര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്ഥാനം രാജി വെക്കാത്തത്‌ ഔദ്യോഗിക വിഭാഗം എടുത്തുകാട്ടി.
ഏരിയാ സെക്രട്ടറി ബാലനെ മാറ്റണമെന്ന വിമതരുടെ നിലപാടിനെ മൂന്ന്‌ പേര്‍ യോഗത്തില്‍ പിന്തുണച്ചു. എന്നാല്‍ വിമതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ മറുഭാഗവും രംഗത്തെത്തിയതോടെ പ്രശ്ന പരിഹാരം മങ്ങി. യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി സന്നദ്ധത അറിയിച്ചത്‌. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ പി.രാഘവന്‍, സി.എച്ച്‌.കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്ത യോഗം വിമതവിഭാഗം ബഹിഷ്കരിച്ചിരുന്നു.
ഇതേ സമയം വിമതര്‍ക്ക്‌ പിന്തുണയുമായി കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി പ്രഖ്യാപനം വന്നുകൊണ്ടിരിക്കുകയാണ്‌. ബേഡകം, കുറ്റിക്കോല്‍, പടുപ്പ്‌ തുടങ്ങിയ പ്രദേശങ്ങള്‍ക്കുപുറമെ കൈരളിപ്പാറ, മുന്നാട്‌ തുടങ്ങിയ പുതിയ സ്ഥലങ്ങളിലും രാജി ഭീഷണി തുടരുകയാണ്‌. ഇന്നലെ മുപ്പതോളം പേര്‍ രാജി നല്‍കിയതായാണ്‌ അറിയുന്നത്‌. വിഭാഗീയ പ്രശ്നം തെരുവിലെത്തുന്നതിന്റെ സൂചനയും ബേഡകത്ത്‌ ദൃശ്യമാകുന്നുണ്ട്‌. പാര്‍ട്ടിക്കെതിരെ നിരവധി സ്ഥലങ്ങളില്‍ ഫ്ലക്സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഗോപാലന്‍ മാസ്റ്റര്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചും ഫ്ലക്സ്‌ ഉയരുന്നുണ്ട്‌. ഡിവൈഎഫ്‌ഐ കുറ്റിക്കോല്‍ മേഖലാ കമ്മറ്റി തന്നെ പാര്‍ട്ടിക്കെതിരെ ബോര്‍ഡുയര്‍ത്തി. പാര്‍ട്ടി ഇടപെട്ട്‌ അഴിച്ചുമാറ്റിയ ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിച്ചിട്ടുണ്ട്‌.
വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ സെക്രട്ടറിയായെന്ന്‌ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ സി.ബാലനെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കിയതോടെയാണ്‌ ബേഡകത്ത്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്‌. ബാലനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്ന കടുത്ത നിലപാടിലാണ്‌ വിമതര്‍. പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചിട്ടും അച്ചടക്ക നടപടിയെടുക്കാന്‍ പോലുമാകാതെ നിസ്സഹായതയിലാണ്‌ നേതൃത്വം.
നേരത്തെ പിണറായി നേരിട്ട്‌ വിമത നേതാക്കളെ ബന്ധപ്പെട്ട്‌ രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന്‌ ഉറപ്പുനല്‍കിയിരുന്നു. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്‌. വിമതര്‍ വീണ്ടും ശക്തമായ നിലപാടെടുത്തതോടെ പിണറായി വിജയന്റെ ഇടപെടലും വിഫലമായിരിക്കയാണ്‌.
കെ.സുജിത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.