ജപ്പാന്‍ പ്രധാനമന്ത്രി രാജിവെച്ചു

Friday 26 August 2011 11:34 pm IST

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാന്‍ രാജിവെച്ചതായി പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയാകും ഇതുമൂലം അധികാരത്തിലെത്തുന്നത്‌. മാര്‍ച്ച്‌ 11ന്‌ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ആണവവികിരണമുണ്ടായി. ഈ സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ നയിക്കാനുള്ള നേതൃപാടവം പ്രധാനമന്ത്രി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന്‌ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാര്‍ലമെന്റ്‌ മൂന്ന്‌ പ്രധാന നിയമങ്ങള്‍ പാസാക്കിയാല്‍ താന്‍ രാജിവെക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പാര്‍ലമെന്റ്‌ നിയമങ്ങള്‍ പാസാക്കി ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ജപ്പാന്‍ തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഒരു യോഗത്തിലാണ്‌ അധികാരമൊഴിയാനുള്ള തീരുമാനം പ്രധാനമന്ത്രി അറിയിച്ചത്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ 15 മാസത്തെ ഭരണത്തിനിടയില്‍ സുനാമിയെത്തുടര്‍ന്ന്‌ തകര്‍ന്ന ആണവനിലയങ്ങളായ ഫുക്കുഷിമ ഡെയിച്ചി ഇവ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കിടയിലും തന്നാലാവുന്നത്‌ ചെയ്തുവെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. അറുപത്തിനാലുകാരനായ പ്രധാനമന്ത്രിയുടെ രാജി പ്രതീക്ഷിച്ചിരുന്നതുതന്നെയാണ്‌ കഴിഞ്ഞ ജൂണ്‍ 2 ന്‌ ഡയറ്റില്‍ (പാര്‍ലമെന്റ്‌) ഒരു വിശ്വാസപ്രമേയത്തെ അദ്ദേഹം അതിജീവിച്ചിരുന്നു. താന്‍ അധികം താമസിയാതെ അധികാരമൊഴിയുമെന്ന്‌ പ്രധാനമന്ത്രി അന്ന്‌ പ്രഖ്യാപിച്ചതാണ്‌. ബജറ്റിനെക്കുറിച്ചും വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജത്തെക്കുറിച്ചുമുള്ള രണ്ട്‌ ബില്ലുകളാണ്‌ ജപ്പാന്‍ പാര്‍ലമെന്റ്‌ വെള്ളിയാഴ്ച പാസാക്കിയത്‌. ഈ ബില്ലുകള്‍ പാസായാലുടന്‍ താന്‍ രാജിവെക്കുമെന്ന്‌ പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു. പുതുതായി നിയമിതനാകുന്ന പ്രധാനമന്ത്രിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഫുക്കുഷിമയിലെ ആണവവികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന തകര്‍ന്ന ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി നേരിടുകയാവുമെന്ന്‌ വാര്‍ത്താലേഖകര്‍ അഭിപ്രായപ്പെട്ടു. വ്യാവസായികമായുള്ള കടംവരുത്തിവച്ച ജപ്പാന്റെ സാമ്പത്തികസ്ഥിതി പുനസ്ഥാപിക്കാന്‍ പുതിയ പ്രധാനമന്ത്രിക്ക്‌ ഏറെ പണിപ്പെടേണ്ടിവരുമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.