ബ്രസീലിലെ നദിക്ക്‌ ഇന്ത്യക്കാരന്റെ പേര്‌

Friday 26 August 2011 11:33 pm IST

ബ്രസീലിയ: ബ്രസീലില്‍ ആമസോണ്‍ നദിക്ക്‌ താഴെയായി ഒഴുകുന്ന ഭൂഗര്‍ഭ നദിക്ക്‌ ബ്രസീലിയന്‍ ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യന്‍ വംശജനായ ഭൗമശാസ്ത്രജ്ഞന്റെ പേര്‌ നല്‍കി. നാല്‌ പതിറ്റാണ്ടിലേറെയായി ആമസോണ്‍ പ്രദേശത്ത്‌ പഠനങ്ങള്‍ നടത്തിവരുന്ന വലിയ മന്നത്താല്‍ ഹംസക്കാണ്‌ ഈ ബഹുമതി. ആമസോണ്‍ നദിക്ക്‌ ആയിരക്കണക്കിന്‌ അടി താഴ്ചയിലായി കണ്ടെത്തിയ നദിക്ക്‌ ആറായിരം കിലോമീറ്ററോളം നീളമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ആമസോണ്‍ പ്രദേശത്ത്‌ എണ്ണ നിക്ഷേപം കണ്ടെത്താനായി 1970കളില്‍ പെട്രോബാസ്‌ എണ്ണക്കമ്പനി 241 കിണറുകള്‍ കുഴിച്ചുനോക്കിയിരുന്നു. ഈ പരിശോധനക്കിടെയാണ്‌ ഭൂഗര്‍ഭ നദിയുടെ സൂചനകള്‍ ലഭിച്ചത്‌. 4000ത്തോളം മീറ്റര്‍ താഴ്ചയില്‍ക്കൂടി പ്രവഹിക്കുന്ന നദിയുടെ നീരൊഴുക്ക്‌ സെക്കന്റില്‍ മൂവായിരം ക്യുബിക്‌ മീറ്ററാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. നാഷണല്‍ ജിയോഫിസിക്സ്‌ ഒബ്സര്‍വേറ്ററി പഠന റിപ്പോര്‍ട്ടിലാണ്‌ ഈ ഭൂഗര്‍ഭ നദിക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്‌.