തിരുവഞ്ചൂരിന്റെ നിലപാടുമാറ്റം ഭൂമാഫിയയെ സഹായിക്കാന്‍: രാധാകൃഷ്ണന്‍

Friday 26 August 2011 11:35 pm IST

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കയ്യേറിയ സ്വകാര്യ കമ്പനിയെ ഒഴിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സുസ്ലോണ്‍ കമ്പനിയുടെ കാറ്റാടി വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ സംസ്ഥാന റവന്യൂ, വൈദ്യുതി മന്ത്രിമാര്‍ക്കും ഒരു കേന്ദ്ര മന്ത്രിക്കും പങ്കുണ്ട്‌. ഇതു സംബന്ധിച്ച്‌ സമഗ്രാന്വേഷണം നടത്തണം-രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോട്ടത്തറ വില്ലേജിലെ 36 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ മുതല്‍ പതിനഞ്ച്‌ ഏക്കര്‍വരെ ഭൂമിയുണ്ടായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ കൈവശമുള്ള അവര്‍ കരം അടച്ചിട്ടുണ്ട്‌. പലരും സ്ഥലം ഈടുവച്ച്‌ വായ്പ്പയെടുത്തിട്ടുമുണ്ട്‌. ഈ സ്ഥലമാണ്‌ കാറ്റാടി കമ്പനിക്ക്‌ കൈമാറിയത്‌. സ്വകാര്യസ്ഥലം അനധികൃതമായി കയ്യേറുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സര്‍ക്കാരിന്‌ അധികാരമില്ല. ഇതു സംബന്ധിച്ച്‌ മുന്‍ മന്ത്രി എ.കെ. ബാലനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാണ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്‌. പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബാലനെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ?-രാധാകൃഷ്ണന്‍ ചോദിച്ചു. തിരുവഞ്ചൂര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌ പ്രതിനിധി സംഘം കോട്ടത്തറയില്‍ സന്ദര്‍ശനം നടത്തി, ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര പട്ടികജാതി കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ നേതാക്കള്‍ക്കൊപ്പം തിരുവഞ്ചൂര്‍ ദല്‍ഹിയില്‍ പോകുകയും ചെയ്തിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാട്‌ മാറ്റിയത്‌ ഭൂമാഫിയയെ സഹായിക്കാനാണ്‌-രാധാകൃഷ്ണന്‍ ആരോപിച്ചു. നിലവിലെ തീരുമാനവുമായി സര്‍ക്കാര്‍ മൂന്നോട്ടുപോയാല്‍ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടും. ഇതിനെതിരെ പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‌ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.