ഇന്ന്‌ നിര്‍ണായകം

Saturday 27 August 2011 11:31 am IST

ന്യൂദല്‍ഹി: ലോക്പാല്‍ പ്രശ്നം ഇന്ന്‌ ലോക്സഭ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ, ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയോ നടത്തുന്ന പ്രസ്താവനക്കുശേഷമായിരിക്കും ചര്‍ച്ച തുടങ്ങുക. അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹം പതിനൊന്നാം ദിനത്തില്‍ എത്തിയതോടെയാണിത്‌. ഹസാരെയുടെ ആരോഗ്യനില വഷളാവുകയും അഴിമതിവിരുദ്ധ പ്രക്ഷോഭം അനുദിനം ശക്തിപ്രാപിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെ സ്പീക്കര്‍ മീരാകുമാറിന്റെ ഓഫീസില്‍ ചേര്‍ന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സഭാ നേതാവിന്റെയും യോഗത്തിലുണ്ടായ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്ന്‌ ചര്‍ച്ച നടക്കുക. വോട്ടെടുപ്പ്‌ ആവശ്യമില്ലാത്ത ചട്ടം 193 പ്രകാരം ചര്‍ച്ച നടത്തുന്നതിനോട്‌ ബിജെപി വിയോജിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ ആവശ്യമായ ചട്ടം 184 പ്രകാരമുള്ള ചര്‍ച്ച വേണമെന്നാണ്‌ ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇതിനോട്‌ ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചതായി പാര്‍ലമെന്ററി കാര്യസഹമന്ത്രി ഹരീഷ്‌ റാവത്ത്‌ അവകാശപ്പെട്ടു. ചട്ടം 184 പ്രകാരം ചര്‍ച്ച വേണമെന്ന ആവശ്യം അംഗീകരിക്കുകയോ പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരില്‍ ആരെങ്കിലും നടത്തുന്ന പ്രസ്താവനക്കുശേഷം ചര്‍ച്ച തുടങ്ങുകയോ വേണമെന്ന രണ്ട്‌ നിര്‍ദ്ദേശങ്ങളാണ്‌ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്‌. പ്രസ്താവനക്കുശേഷം രണ്ടുചട്ടങ്ങളിലും പെടാതെ ചര്‍ച്ചയാരംഭിക്കുകയെന്ന നിര്‍ദ്ദേശവും ഉണ്ടായതായി പേര്‌ വെളിപ്പെടുത്താന്‍ വിസമ്മതിച്ച മറ്റൊരു കേന്ദ്രമന്ത്രി പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ എംപിമാരായ മിലിന്ദ്‌ ദേവ്‌റ, ജിതിന്‍ പ്രസാദ്‌, ദീപേന്ദ്രസിങ്ങ്‌ ഹൂഡ തുടങ്ങിയവരും സ്പീക്കര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തി. നേരത്തെ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, പവന്‍കുമാര്‍ ബന്‍സല്‍, രാജീവ്‌ ശുക്ല തുടങ്ങിയവര്‍ ബന്‍സലിന്റെ മുറിയില്‍ യോഗം ചേര്‍ന്നു. പിന്നീട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ബന്‍സല്‍ കൂടിക്കാഴ്ച നടത്തി. ചട്ടം 184 പ്രകാരം ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നത്‌ വിഷയം പരിശോധിച്ചുകൊണ്ടിരിക്കുന്ന സ്റ്റാന്റിങ്ങ്‌ കമ്മറ്റിയുടെ കൈകള്‍ ബന്ധിക്കുന്നതിന്‌ തുല്യമായിരിക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ലോക്സഭയില്‍ ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറെടുത്തിരുന്നെങ്കിലും വോട്ടെടുപ്പ്‌ വേണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന്‌ സഭ നിര്‍ത്തിവെക്കുകയായിരുന്നു. ഇതേസമയം, ഇന്ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ വരികളില്‍ പിടിച്ചും സിപിഎം, മുസ്ലീംലീഗ്‌ അംഗങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി. പ്രതിപക്ഷം ഹസാരെക്കൊപ്പം ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ബിജെപി ഉള്‍പ്പെടെ ഒട്ടേറെ പാര്‍ട്ടികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്‌ അറിയിച്ചിട്ടുണ്ടെന്ന്‌ ടീം ഹസാരെ വ്യക്തമാക്കി. ബിജെപിക്ക്‌ പുറമെ ഇടതുപാര്‍ട്ടികള്‍, ജനതാദള്‍ (യു), ശിവസേന, തെലുങ്കുദേശം പാര്‍ട്ടി തുടങ്ങിയവയാണ്‌ പൂര്‍ണ്ണപിന്തുണ അറിയിച്ചിട്ടുള്ളതെന്ന്‌ പൊതുസമൂഹ പ്രതിനിധിയും ഹസാരെയുടെ അടുത്ത അനുയായിയുമായ അരവിന്ദ്‌ കേജ്‌രിവാള്‍ വ്യക്തമാക്കി. ജന്‍ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി മറ്റ്‌ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ചകള്‍പുരോഗമിക്കുകയാണ്‌. കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൂന്ന്‌ ആവശ്യങ്ങള്‍ പാര്‍ലമെന്റ്‌ അംഗീകരിച്ചാല്‍ സത്യഗ്രഹം അവസാനിപ്പിക്കാമെന്ന്‌ ഹസാരെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനും കത്തയിച്ചിട്ടുണ്ട്‌. എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ലോക്പാലിന്‌ കീഴില്‍ കൊണ്ടുവരിക, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത സ്ഥാപിക്കുക എന്നിവയാണ്‌ ഈ ആവശ്യങ്ങള്‍. ജന്‍ലോക്പാല്‍ ബില്‍ ലോക്സഭയില്‍ വെക്കുകയോ തന്റെ മൂന്ന്‌ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയോ ചെയ്യുന്ന നിമിഷം ഹസാരെ സത്യഗ്രഹം അവസാനിപ്പിക്കുമെന്ന്‌ ടീം ഹസാരെ അംഗം പ്രശാന്ത്‌ ഭൂഷണ്‍ വ്യക്തമാക്കി. ഹസാരെ ഉന്നയിച്ച മൂന്ന്‌ പ്രധാന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.