മുരിങ്ങക്കായയ്ക്കും പയറിനും റെക്കോര്‍ഡ്‌ വില

Monday 13 January 2014 9:40 pm IST

തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായി തുടരവെ വിപണിയില്‍ പയറുല്‍പന്നങ്ങള്‍ക്ക്‌ വില വന്‍തോതില്‍ കയറുന്നു. ചെറുപയര്‍, ഉഴുന്ന്‌, സാമ്പാര്‍ പരിപ്പ്‌ എന്നിവയ്ക്കാണ്‌ വില കയറുന്നത്‌. കഴിഞ്ഞയാഴ്ച 90 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ചെറുപയറിന്‌ ഇന്നലത്തെ ചില്ലറ വില്‍പന വില 98 രൂപയായി. ഉഴുന്നിന്‌ ഇന്നലത്തെ ചില്ലറവില്‍പന വില കിലോ 92 രൂപയും സാമ്പാര്‍ പരിപ്പിന്‌ 94 രൂപയുമാണ്‌. വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നും വില പിടിച്ചു നിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ്‌ ഈ വിലക്കയറ്റം.
പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക്‌ ഉയര്‍ന്ന വിലയാണെങ്കിലും കഴിഞ്ഞ 20 ദിവസങ്ങളായി വിലക്കയറ്റമില്ല. എന്നാല്‍ മുരിങ്ങക്കായ വില സര്‍വ്വകാല റിക്കോര്‍ഡിലേക്ക്‌ നീങ്ങുകയാണ്‌. ചില്ലറ വില്‍പന വിപിണിയില്‍ മുരിങ്ങക്കായക്ക്‌ ഇന്നലെ കിലോ 280 രൂപയായിരുന്നു. അതിനിയും ഉയരുമെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌. മുരിങ്ങക്കായ ഇല്ലാതെ സാമ്പാറും അവിയലും വയ്ക്കേണ്ട അവസ്ഥയിലാണ്‌ വീട്ടമ്മമാര്‍. സാമ്പാറിന്റെയും അവിയലിന്റെയും പച്ചക്കറി കഷണങ്ങള്‍ കിറ്റുകളിലാക്കി വില്‍പന നടത്തുന്നവര്‍ കിറ്റുകളില്‍ നിന്ന്‌ മുരിങ്ങക്കായ ഒഴിവാക്കിയിട്ട്‌ കാലങ്ങളായി. കഴിഞ്ഞ മാസം ഒരു കിലോ മുരിങ്ങക്കായക്ക്‌ 60 രൂപയായിരുന്നതാണ്‌ ഇപ്പോള്‍ 280 രൂപയിലെത്തിയിരിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നാണ്‌ കേരള വിപണിയില്‍ മുരിങ്ങക്കായ എത്തുന്നത്‌. അവിടുത്തെ മുരിങ്ങ കൃഷി രോഗം ബാധിച്ച്‌ വ്യാപകമായി നശിച്ചതാണ്‌ വിലകയറാനുള്ള കാരണം. തമിഴ്‌നാട്ടില്‍ മുരിങ്ങക്കായ ഇല്ലാതായതോടെ കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മുരിങ്ങ തോട്ടങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ ഇപ്പോള്‍ മുരിങ്ങക്കായ എത്തുന്നത്‌.
കേരളത്തിലെത്തുന്ന മുരിങ്ങക്കായക്ക്‌ ഇടനിലക്കാര്‍ വിലകയറ്റുന്നതാണെന്നും ആക്ഷേപമുണ്ട്‌. കൃഷിയിടങ്ങളില്‍ കിലോയ്ക്ക്‌ 40 രൂപയ്ക്കും 70 രൂപയ്ക്കും ഇടയില്‍ മാത്രം വിലയുള്ള മുരിങ്ങക്കായ കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ 280 രൂപയാകുന്നു. മുരിങ്ങക്കായക്ക്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌ കൃത്രിമ വിലക്കയറ്റമാണെന്നാണ്‌ ചില്ലറ വ്യാപാരികളുടെ പക്ഷം. ചെറുപയര്‍, ഉഴുന്ന്‌, സാമ്പാര്‍പരിപ്പ്‌ എന്നിവയുടെ വിലക്കയറ്റത്തിനു പിന്നിലും ഇത്തരം ഇടപെടലുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വില പിടിച്ചു നിര്‍ത്താന്‍ ഇടപെടേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യമായ ഒരു ഇടപെടലും നടത്തുന്നില്ല. സിവില്‍ സപ്ലൈസിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സ്റ്റാളുകളില്‍ ഉയര്‍ന്ന വിലയ്ക്കു തന്നെയാണ്‌ ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്‌.
വിപണിയില്‍ നാടന്‍ അരിയുടെ വില ഉയരാതെ നില്‍ക്കുന്നുണ്ടെങ്കിലും ജയ, സുലേഖ തുടങ്ങിയവയ്ക്ക്‌ ഉയര്‍ന്ന വിലയാണ്‌. ജയ അരിക്ക്‌ കിലോയ്ക്ക്‌ 38 രൂപയും സുലേഖയ്ക്ക്‌ 37 രൂപയുമാണ്‌. ഡൊപ്പി അരിക്കും വില കൂടിവരികയാണ്‌. കഴിഞ്ഞയാഴ്ച 33 രൂപ ഉണ്ടായിരുന്ന ഡൊപ്പി അരിയുടെ വില ഇന്നലെ 36 രൂപയിലെത്തി.
നിത്യോപയോഗ സാധനവില ഉയര്‍ച്ചയിലാണെങ്കിലും വില ഉയരുന്നതു തടയാന്‍ സര്‍ക്കാര്‍ ഇനിയും ഫലപ്രദമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇടനിലക്കാരുടെ ചൂഷണം തടയാന്‍ കര്‍ഷകരില്‍ നിന്നും മില്ലുകളില്‍ നിന്നും നേരിട്ട്‌ സാധനങ്ങള്‍ സംഭരിക്കണമെന്ന നിര്‍ദ്ദേശം ഉത്സവ കാലങ്ങളില്‍ മാത്രമെ നടപ്പാകുന്നുള്ളു. വിലക്കയറ്റം രൂക്ഷമല്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ്‌ സര്‍ക്കാര്‍ ഭാഷ്യം. വന്‍ വിലയുള്ള പയറുവര്‍ഗ്ഗങ്ങളും മറ്റും ഭക്ഷണത്തില്‍ നിന്നൊഴിവാക്കുകയാണ്‌ ജനങ്ങളിപ്പോള്‍. ഇന്ധന വില ഇനിയും കൂടുമെന്നതിനാല്‍ സാധന വില ഇനിയും ഉയരും.
ആര്‍. പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.