ആധാര്‍: സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പിന്മാറി

Monday 13 January 2014 9:44 pm IST

തിരുവനന്തപുരം: ആധാര്‍ നടപ്പാക്കുന്നതിനെ അനുകൂലിച്ച്‌ തയ്യാറാക്കിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കുന്നതില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറി.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നടപടി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തശേഷം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്ന്‌ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിക്ക്‌ നിര്‍ദേശം നല്‍കി. ഇന്നലെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും ഭക്ഷ്യവകുപ്പുമായി ആലോചിക്കാതെയും തയ്യാറാക്കിയ സത്യവാങ്മൂലമാണ്‌ പിന്‍വലിച്ചത്‌.
ആധാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. പല സംസ്ഥാനങ്ങളും ഇതിനെ അനുകൂലിക്കുന്നില്ലെന്നിരിക്കെയാണ്‌ കേരളം തിടുക്കത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചത്‌. ആധാര്‍ നടപ്പാക്കണമെന്നും ഇതിന്‌ വേണ്ട ഏത്‌ ഉത്തരവും നല്‍കണമെന്നും കാണിച്ചായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ആധാര്‍ പേര്‌ ചേര്‍ക്കലിന്‌ 67 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത്‌. ഇത്‌ നടപ്പായില്ലെങ്കില്‍ പണം പാഴാവുമെന്നാണ്‌ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്‌.
കൂടിയാലോചനകള്‍ ഇല്ലാതെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥരാണ്‌ സത്യവാങ്മൂലം തയ്യാറാക്കിയത്‌. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ച്‌ മാത്രമേ ആധാര്‍ സംബന്ധിച്ച കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുകയുള്ളൂവെന്ന്‌ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച്‌ വരുന്ന വാര്‍ത്തകള്‍ക്ക്‌ ആധാരമായ സത്യവാങ്മൂലം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണ്‌. ആധാര്‍ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്ന്‌ മന്ത്രി വകുപ്പിലെ ഉദ്യോഗസ്ഥരോട്‌ വിശദാംശങ്ങള്‍ തേടി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം തേടാനാണ്‌ കേരളത്തിന്റെ ആലോചന.
സബ്സിഡികള്‍ അര്‍ഹരായവര്‍ക്കുതന്നെ ലഭിക്കാന്‍ ആധാര്‍ സഹായകരമാകുമെന്ന നിലപാടാണ്‌ പൊതുവില്‍ സര്‍ക്കാറിനുള്ളത്‌. ആധാര്‍ വിതരണത്തിന്‌ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുമായി കേരളം കരാറുണ്ടാക്കിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ 90 ശതമാനത്തിലധികം പേര്‍ ആധാറിനായി എന്‍റോള്‍ ചെയ്തിട്ടുണ്ട്‌. ഇതില്‍ 71.85 ശതമാനം പേര്‍ക്ക്‌ കാര്‍ഡും ലഭിച്ചു. സബ്സിഡിക്കായി ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ചത്‌ 59.33 ശതമാനം പേരാണ്‌. വലിയൊരു വിഭാഗം ആധാറിന്‌ പുറത്ത്‌ നില്‍ക്കെ തീരുമാനത്തെ അനുകൂലിക്കുന്നത്‌ തിരിച്ചടിയാകുമെന്ന്‌ കണ്ടതോടെയാണ്‌ സര്‍ക്കാറിന്റെ നിലപാട്‌ മാറ്റം.
ആധാര്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റപ്പോര്‍ തന്നെ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്റെ നൂറ്‌ ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ആധാര്‍ കാര്‍ഡ്‌ വിതരണത്തിന്‌ നടപടി തുടങ്ങിയത്‌. ബാങ്കുമായി ബന്ധിപ്പിച്ചവര്‍ക്ക്‌ നിലവില്‍ സബ്സിഡി നേരിട്ട്‌ നല്‍കുന്നുണ്ട്‌. എന്നാല്‍, പലയിടത്തും അവ്യക്തതകള്‍ നിലനില്‍ക്കുകയുമാണ്‌. ഗ്യാസ്‌ സബ്സിഡിക്കായി ആധാര്‍ വഴി ബന്ധിപ്പിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ അത്‌ ലഭിക്കാന്‍ ഏറെ പ്രയാസം നേരിടുന്നു. ആധാര്‍ വഴി ബന്ധിപ്പിച്ച ഗ്യാസിന്‌ വില വന്‍തോതില്‍ വര്‍ധിപ്പിച്ചു. 1300 ഓളം രൂപയുണ്ടെങ്കിലേ ഒരു സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. സബ്സിഡി അക്കൗണ്ടില്‍ വരുമെങ്കിലും 1350 രൂപ ഒരുമിച്ചെടുക്കാന്‍ നിവൃത്തിയില്ലാത്തവരാണ്‌ സംസ്ഥാനത്തിലെ പകുതിയിലേറെ കുടുംബങ്ങള്‍. ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ സത്യവാങ്മൂലം തയ്യാറാക്കിയിരുന്നത്‌. പത്തനംതിട്ട, വയനാട്‌ ജില്ലകളില്‍ ഇത്‌ പൂര്‍ണ്ണമായി നടപ്പാക്കിയിട്ടുണ്ട്‌. മറ്റു ജില്ലകളില്‍ ഫെബ്രുവരി 28 വരെയാണ്‌ അനുവദിച്ചിരിക്കുന്ന സമയം.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.