കൊച്ചി: കേരളം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്. 36-ാമത് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് കൊച്ചിയിലും മഞ്ചേരിയിലുമായി ഇന്ന് തുടക്കം കുറിക്കും. ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിരക്കാരായ 16 ടീമുകളാണ് ഫെഡറേഷന് കാപ്പില്‍ മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് എയില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ്, യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബ്, പൂനെ എഫ്സി, ഈഗിള്‍സ് എഫ്സി, ഗ്രൂപ്പ് ബിയില്‍ ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാള്‍, സ്പോര്‍ട്ടിംഗ്് ക്ലബ് ഗോവ, രംഗ്ദജിദ് യുണൈറ്റഡ് എഫ്സി, ഗ്രൂപ്പ് സിയില്‍ സാല്‍ഗോക്കര്‍, ഷില്ലോങ്ങ് ലജോങ്ങ് എഫ്സി, മോഹന്ബഗാന്, മുംബൈ എഫ്സി, ഗ്രൂപ്പ് ഡിയില്‍ ഡെംപോ ഗോവ, മുഹമ്മദന്‍ സ്പോര്‍ട്ടിങ്, ഭവാനിപൂര്‍ എഫ്സി, യുണൈറ്റഡ് സിക്കിം എഫ്സി എന്നീ ടീമുകള്‍ കിരീടത്തിനായി അങ്കത്തിനിറങ്ങും. ഗ്രൂപ്പ് എ, സി മത്സരങ്ങള്‍ കൊച്ചിയിലും ഗ്രൂപ്പ് ബി, ഡി പോരാട്ടങ്ങള്‍ മഞ്ചേരിയിലുമാണ് നടക്കുന്നത്.
കൊച്ചിയില്‍ ഗ്രൂപ്പ് എയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ വൈകിട്ട് 4ന് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബുമായും രണ്ടാം മത്സരത്തില്‍ രാത്രി 7ന് പൂനെ എഫ്സി ടൂര്‍ണമെന്റിലെ ഏക കേരള ടീമായ ഈഗിള്‍സ് എഫ്സിയുമായും ഏറ്റുമുട്ടും. മഞ്ചേരിയില്‍ ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ വൈകിട്ട് 5ന് ഡെംപോ സ്പോര്‍ട്സ് ക്ലബ് ഗോവ ഭവാനിപൂര്‍ എഫ്സിയുമായും രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് യുണൈറ്റഡ് സിക്കിം എഫ്സിയുമായും കൊമ്പുകോര്‍ക്കും.
ഐ ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന പൂനെ എഫ്സിയുമായുള്ള ഇന്നത്തെ പോരാട്ടം കേരളത്തിന്റെ പ്രതിനിധികളായ ഈഗിള്‍സ് എഫ്സിക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. എങ്കിലും സ്റ്റാന്‍ലി റൊസാരിയോയുടെ ശിക്ഷണത്തിലിറങ്ങുന്ന ഈഗിള്‍സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തംമണ്ണില്‍ അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈഗിള്‍സ് എഫ്സി. തുടര്‍ച്ചയായി നാല് വര്‍ഷം രണ്ടാം ഡിവിഷന് ലീഗില്‍ കളിക്കുന്ന ഈഗിള്‍സ് ആദ്യമായാണ് ഇന്ത്യയിലെ മുന്‍ ക്ലബുകളുമായുള്ള മുഖാമുഖത്തിന് ഇറങ്ങുന്നത്.മലയാളിയുടെ നേതൃത്വത്തിലണ് പൂനെ എഫ്സിയുടെ വരവ്. കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടികയാണ് അവരുടെ ക്യാപ്റ്റന്‍. ക്യാപ്റ്റനെ കൂടാതെ തിരുവനന്തപുരത്തുകാരന് ഒഥല്ലോ താബിയയും പൂനെ നിരയിലുണ്ട്.
നൈജീരിയന്‍ താരങ്ങളായ സക്കുബു കൊകൊ അറ്റാര്‍സ, ചാള്‍സ്, ഒഡിലി ഫെലിക്സ് ചിഡി, മലയാളി വേരുകളുള്ള വിജയ് റോബര്‍ട്ട് ഡയസ്(അമേരിക്ക) എന്നിവര്‍ ഈഗിള്‍സിന്റെ വിദേശ താരങ്ങളില്പ്പെടുന്നു. കൂടാതെ ഐഎംജി റിലയന്‍സില്‍ നിന്ന് 13 താരങ്ങളെകൂടി ഉള്‍പ്പെടുത്തി ടീം അടുത്തിടെ ശക്തമാക്കിയിട്ടുമുണ്ട്. ടീമിലെ സൂപ്പര്‍ സ്റ്റാറായ നൈജീരിയക്കാരന് സക്കുബു കൊകൊയെയാണ് നായകന്.
സന്തോഷ്ട്രോഫിയില്‍ കേരളത്തിന്റെ ജേഴ്സി ഗോള്‍കീപ്പര്‍ കെ.വി. നസീബ്, അഹമ്മദ് മാലിക്, എ.എം. സുമേഷ്, കെ. നവാസ്, കെ.ജെ. അരുണ്‍ എന്നിവര്‍ക്ക് പുറമെ പഞ്ചാബുകാരന് ഗോള്‍ കീപ്പര്‍ ജഗ്രൂപ്സിങ് പശ്ചിമബംഗാളില്‍നിന്നുള്ള സ്ട്രൈക്കര്‍ നദൂങ്ങ് ബൂട്ടിയ തുടങ്ങിയവരും ഈഗിള്‍സ് പടയിലെ പ്രധാനികളാണ്. പൂനെ എഫ്സിയുടെ നിരയില്‍ ജപ്പാന് വംശജനും ഇന്ത്യന്‍ താരവുമായ അരാട്ട ഇസുമി, ഡച്ച് താരം മുസ്തഫ ഋഗ, ഇംഗ്ലീഷ് താരം കാലം ആന്‍ഗസ്, ഓസ്ട്രേലിയന്‍ താരം ജെയിംസ് മേയര്‍, ഐവറി കോസ്റ്റിന്റെ ദൊഹു പിയറി എന്നിവരാണ് പ്രധാനികള്‍.
ഐ ലീഗില്‍ അഞ്ച് ഗോളുകളടിച്ച് നില്ക്കുന്ന ഡച്ച് താരം മുസ്തഫ ഋഗ, മൂന്ന് ഗോള്‍ വീതം നേടിയ ജെയിംസ് മേയര്‍, അരാട്ട ഇസുമി എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് ഈഗിള്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: