പാല്‍ വില വര്‍ദ്ധന: മില്‍മ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം 18ന്‌

Monday 13 January 2014 10:40 pm IST

കോഴിക്കോട്‌: പാല്‍വില വര്‍ദ്ധനയടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ചേരുന്നു.ഈ മാസം 18 ന്‌ തിരുവനന്തപുരത്ത്‌ മില്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ ആസ്ഥാനത്താണ്‌ യോഗം.
സംസ്ഥാനത്ത്‌ കുളമ്പ്‌ രോഗം പടര്‍ന്ന്‌ പിടിച്ചതും അതുമൂലം പാല്‍ലഭ്യതയിലുണ്ടായ വന്‍ കുറവിന്റെയും പശ്ചാത്തലത്തിലാണിത്‌. സംസ്ഥാനത്തെ പാല്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മില്‍മക്കുണ്ടായ അധിക സാമ്പത്തിക ബാധ്യത,ക്ഷീര കര്‍ഷകരുടെ ദുരിതം എന്നിവയാകും യോഗത്തിലെ പ്രധാന ചര്‍ച്ച. സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ മില്‍മ ഉന്നയിക്കും. ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും അവര്‍ക്ക്‌ കൂടുതല്‍ ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്നും ഡയറക്ടര്‍ ബോര്‍ഡ്‌ ആവശ്യപ്പെടും. ഇതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന നിലപാടാകും യോഗം സ്വീകരിക്കുക.
പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡിന്‌ താല്‍പ്പര്യമില്ലെന്നാണറിയുന്നത്‌. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പാല്‍ വില വര്‍ദ്ധന സര്‍ക്കാരിന്‌ ഗുണകരമാകില്ലെന്ന കണക്ക്‌ കൂട്ടലാണ്‌ ഡയറക്ടര്‍മാര്‍ക്ക്‌. അതുകൊണ്ടു തന്നെ കര്‍ഷകക്ഷേമപദ്ധതി പ്രഖ്യാപിച്ച്‌ മില്‍മയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന്‌ യോഗം ഊന്നല്‍ നല്‍കും.
അധികച്ചെലവ്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി മില്‍മ തൈരിനും നെയ്ക്കും ഈയിടെ വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഈ നടപടിയും യോഗത്തില്‍ ന്യായീകരിക്കപ്പെടും.
കുളമ്പ്‌ രോഗവും വേനലും കാരണം മില്‍മയുടെ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകള്‍ക്ക്‌ കീഴിലാണ്‌ പാല്‍ക്ഷാമം രൂക്ഷമായിട്ടുള്ളത്‌. മലബാര്‍ യൂണിയനിലും പാല്‍ ലഭ്യതയില്‍ കുറവുമുണ്ട്‌. പ്രശ്നം പരിഹരിക്കാന്‍ കര്‍ണ്ണാടക, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ്‌ മില്‍മ പാല്‍ കൊണ്ട്‌ വരുന്നത്‌. ഇതെത്തുടര്‍ന്ന്‌ കടത്ത്‌ കൂലിയും മറ്റുമായി വന്‍തോതില്‍ അധികച്ചെലവുണ്ടായതായാണ്‌ മില്‍മ പറയുന്നത്‌.
കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും കുളമ്പ്‌ രോഗത്തെ തുടര്‍ന്ന്‌ പാല്‍ ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ അവിടെയും വിലക്കയറ്റമുണ്ടായി. മില്‍മക്ക്‌ പതിവായി വില്‍ക്കുന്നതിനേക്കാള്‍ കൂടിയ വിലക്കാണ്‌ ഇപ്പോള്‍ പാല്‍ നല്‍കുന്നത്‌.
ശനിയാഴ്ച രാവിലെ 11ന്‌ തുടങ്ങുന്ന ബോര്‍ഡ്‌ യോഗത്തില്‍ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂണിയനിലെ ഡയരക്ടര്‍മാര്‍ക്ക്‌ പുറമെ ദേശീയ ക്ഷീരവികസന, സംസ്ഥാന ക്ഷീരവകുപ്പ്‌ പ്രതിനിധികള്‍, എം.ഡി. തുടങ്ങയവരടക്കം 17 പേര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.