പറവൂര്‍-മട്ടന്നൂര്‍ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു

Monday 13 January 2014 11:44 pm IST

ഏലൂര്‍: പറവൂര്‍, മട്ടന്നൂര്‍ പീഡനകേസുകളിലെ പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ പാതാളം പള്ളിക്കര വീട്ടില്‍ പാതാളം ബീരാന്‍ എന്ന ബീരാ (62)ന്റെ മൃതദേഹമാണ്‌ തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്വീകരണമുറിയില്‍ കണ്ടെത്തിയത്‌. പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വിധിപറഞ്ഞ അഞ്ചാമത്തെ കേസില്‍ പത്തുവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട ബീരാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയശേഷം ജാമ്യത്തിലിറങ്ങിയതാണ്‌. മട്ടന്നൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലും വിചാരണ നേരിടുന്നുണ്ട്‌. കരാറുകാരനാണ്‌.
നിലവില്‍ കൂടെയുള്ള നാലാംഭാര്യ ആലുവയിലെ സ്വവസതിയിലും കുട്ടി ട്യൂഷനും പോയ സമയത്താണ്‌ സംഭവമെന്ന്‌ പോലീസ്‌ പറഞ്ഞു. ജോലിക്കാരി പുറത്തിറങ്ങിയ സമയത്ത്‌ ബീരാന്‍ വാതിലുകള്‍ അകത്തുനിന്ന്‌ പൂട്ടിയശേഷം തൂങ്ങിയെന്നാണ്‌ പൊലീസ്‌ നിഗമനം. വാതില്‍ തുറക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ജനലിലൂടെ കണ്ട ജോലിക്കാരി തൊട്ടടുത്തുള്ള ബീരാന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഏലൂര്‍ പൊലീസ്‌ സ്ഥലത്തെത്തി വാതിലിന്റെ പൂട്ട്‌ തകര്‍ത്ത്‌ അകത്തുകയറിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിന്‌ അയക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. ഹൈക്കോടതിയില്‍നിന്ന്‌ അപ്പീല്‍ ജാമ്യം ലഭിച്ചെങ്കിലും ശിക്ഷശരിവച്ചാല്‍ ദീര്‍ഘകാലത്തേക്ക്‌ ജയിലില്‍ പോകേണ്ടിവരുമെന്നതിനാല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ബീരാനെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.