ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 86

Tuesday 14 January 2014 8:13 pm IST

122 : ഹിരണ്യകശിപുക്രൗര്യഭീതലോകാഭിരക്ഷകഃ - ഹിരണ്യകശിപുവിന്റെ ക്രൂരതകൊണ്ട്‌ ഭയപ്പെട്ട ലോകത്തെ രക്ഷിച്ചവന്‍. ഭഗവാന്റെ ഭക്തരും ദ്വാരപാലകരുമായിരുന്ന ജയനും വിജയനും സനകാദികളുടെ ശാപം കൊണ്ട്‌ ദൈത്യരായി. കശ്യപന്റെയും ദിതിയുടെയും മക്കളായി ജനിച്ചു. ഇവരില്‍ ഹിരണ്യാക്ഷനെ വരാഹാവതാരത്തില്‍ വിഷ്ണുഭഗവാന്‍ വധിച്ചു. രണ്ടാമനായ ഹിരണ്യകശിപു തന്റെ സഹോദരനെ വധിച്ച വിഷ്ണുവിനെ വധിക്കുമെന്ന്‌ പ്രതിജഞ്ഞ ചെയ്തു. ഘോരമായ തപസ്സുചെയ്ത്‌ ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി 'സുരന്മാരാലും നരന്മാരാലും മൃഗങ്ങള്‍ തുടങ്ങി ബ്രഹ്മാവ്‌ സൃഷ്ടിച്ച ഒന്നില്‍ നിന്നും മരണമുണ്ടാകരുത്‌. ഉള്ളിലും പുറത്തും പകലും രാത്രിയും മരണമുണ്ടാകരുത്‌. ഭൂമിയിലും ആകാശത്തും ലോഹപാഷാദികളാലും മരണം സംഭവിക്കരുത്‌. അസുരരിലും സര്‍പ്പങ്ങളിലും നിന്ന്‌ മരണമുണ്ടാകരുത്‌. യുദ്ധത്തില്‍ തനിക്ക്‌ തുല്യരായി ആരുമുണ്ടാകരുത്‌. ദേഹികള്‍ക്കെല്ലാം നാഥന്‍ താനാകണം. സകലലോകപാലകരുടെയും പദവി തനിക്കാകണം. ഒരിക്കലും നശിക്കാത്ത തപോയോഗപ്രഭാവങ്ങളും ഐശ്വര്യവുമുണ്ടാകണം.' എന്നിങ്ങനെ ഒരിക്കലും തോല്‍വിയും മരണവുമുണ്ടാകാത്തവിധമുള്ള വരങ്ങള്‍ നേടി. വരബലം കൊണ്ടഹങ്കരിച്ച്‌ ലോകത്തെ പലതരത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വിഷ്ണുവിനെ വധിക്കാനായി ഹിരണ്യകശിപു വൈകുണ്ഠത്തിലെത്തിയെങ്കിലും ഭഗവാന്‍ അസുരന്റെ ഹൃദയത്തില്‍ ഒളിച്ചുകളഞ്ഞതുകൊണ്ട്‌ കണ്ടുപിടിക്കാന്‍ കഴിയില്ല.
ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്‍ ഭഗവാന്റെ ഭക്തനായിരുന്നു. മകന്റെ ഹരിഭക്തി നശിപ്പിക്കാന്‍ ഹിരണ്യകശിപു പലതരത്തില്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മകനെ കൊല്ലാന്‍തീരുമാനിച്ചു. ശൂലം കൊണ്ടുപിളര്‍ന്നു. ദിഗ്ഗജങ്ങളെ കൊണ്ട്‌ മഥിച്ചും മഹാസര്‍പ്പങ്ങളെ കൊണ്ട്‌ കടിപ്പിച്ചും പട്ടിണിക്കിട്ടും പര്‍വതത്തില്‍ നിന്ന്‌ താഴത്തേക്കെറിഞ്ഞും വിഷം കുടിപ്പിച്ചും ആ കൊച്ചുകുട്ടിയെ കൊല്ലാന്‍ മഹാശക്തനായ ഹിരണ്യകശിപു ശ്രമിച്ചു. പക്ഷേ, ഭഗവാന്റെ വാത്സല്യം പ്രഹ്ലാദനെ രക്ഷിച്ചു. ഒടുവില്‍ അതിഭയങ്കരമായ നരസിംഹരൂപത്തില്‍ അവതരിച്ച ഭഗവാന്‍ തന്റെ വജ്രക്രൂരങ്ങളായ നഖങ്ങള്‍കൊണ്ട്‌ മാറുപിളര്‍ന്ന്‌ ഹിരണ്യകശിപുവിനെ വധിച്ചു. ഹിരണ്യകശിപുവിന്റെ ക്രൂരതകൊണ്ട്‌ പേടിച്ച ലോകത്തെ രക്ഷിച്ചവനായി ഈ നാമം ഗുരുവായൂരപ്പനെ സ്തുതിക്കുന്നു. (തുടരും) ഡോ. ബി.സി.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.