കൊച്ചി കാന്‍സര്‍ സെന്റര്‍ അട്ടിമറിക്കുന്നത്‌ സംസ്ഥാന സര്‍ക്കാര്‍

Tuesday 14 January 2014 10:25 pm IST

കൊച്ചി: മധ്യ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ പ്രതീക്ഷയുണര്‍ത്തിയ കൊച്ചി കാന്‍സര്‍ സെന്റര്‍ നീക്കം അട്ടിമറിക്കപ്പെടുന്നതായി ആരോപണം. കാന്‍സര്‍ സെന്ററിനായി 45 കോടി രൂപയില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന്‌ കേന്ദ്രം വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്‌. സംസ്ഥാനസര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ കൈമാറാന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ്‌ കേന്ദ്ര സഹായം നിക്ഷേധിക്കപ്പെട്ടതെന്നാണ്‌ വിവരം. 2000 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനമെങ്കിലും ഇതിനായി പദ്ധതി റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കൊച്ചിയില്‍ സ്വകാര്യ മേഖലയില്‍ 5000 കോടി രുപ മുതല്‍ മുടക്കില്‍ ആരംഭിക്കാനിരിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെന്ററിനെ സഹായിക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട കാന്‍സര്‍ സെന്റര്‍ നീക്കം അട്ടിമറിക്കുന്നതെന്നാണ്‌ സൂചന. ജില്ലയിലെ ഒരു മന്ത്രിയും എംഎല്‍എയും ആണ്‌ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും സൂചനയുണ്ട്‌. കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ആരോഗ്യ വകുപ്പ്‌ തയ്യാറാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചിലര്‍ ഫയല്‍ മുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്‌. ഇതോടൊപ്പം പ്രഖ്യാപിച്ച ഹരിയാന കാന്‍സര്‍ സെന്ററിന്‌ 2350 കോടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കൊച്ചിക്ക്‌ 45 കോടി മാത്രം അനുവദിക്കാനുള്ള തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന്‌ ഒരു കേന്ദ്ര മന്ത്രി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ പ്രൊജക്ട്‌ റിപ്പോര്‍ട്ടിനു പകരം പ്രേമലേഖനം പോലൊരു കുറിപ്പാണ്‌ സംസ്ഥാനം സമര്‍പ്പിച്ചിട്ടുളളതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. കാന്‍സര്‍ സെന്ററിനായി കൊച്ചിയിലെ പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഈ കൂട്ടായ്മകളില്‍ പങ്കെടുത്ത്‌ ഇക്കാര്യം ഉറപ്പ്‌ നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗമായി കാന്‍സര്‍ സെന്റര്‍ തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ പദ്ധതി നടപ്പാകാനിടയില്ല.
തിരുവനന്തപുരം അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം കേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങള്‍ കൊച്ചിയിലും കോഴിക്കോടും സ്ഥാപിക്കും ഇതിനാണ്‌ 45 കോടി അനുവദിച്ചിട്ടുള്ളത്‌. സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ നിര്‍ധന രോഗികളുടെയും കുടുംബാംഗങ്ങളുടെയും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണെന്നും സ്വകാര്യ മേഖലക്ക്‌ ചൂഷണത്തിന്‌ അവസരമൊരുക്കുന്നതാണെന്നും വിമര്‍ശനമുയരുന്നു.
ടി.എസ്‌.നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.