ളാലംതോടിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം: അധികൃതര്‍ക്ക് അനാസ്ഥ

Tuesday 14 January 2014 10:24 pm IST

പാലാ: നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ മുന്‍പില്‍ തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം. മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സിരാകേന്ദ്രവുമായ പാലായിലാണ് ദുരവസ്ഥ. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് കനത്ത മഴയെ തുടര്‍ന്ന് ളാലം തോടിനോട് ചേര്‍ന്നുള്ള നഗരസഭയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. സംരംക്ഷണഭിത്തിയുടെ 50 മീറ്ററോളം വരുന്ന ദൂരത്തിലാണ് ഭിത്തി തോട്ടിലേക്ക് തകര്‍ന്നു വീണിരിക്കുന്നത്. കല്‍ക്കെട്ട് തകര്‍ന്നതോടെ മുനിസിപ്പല്‍ ഓഫീസിനും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ന്നിരുന്നു. 1974 ല്‍ നിര്‍മ്മിച്ച നഗരസഭാ കെട്ടിടത്തിന്റെ തറയോട് ചേര്‍ന്നുള്ള ഭാഗംവരെ ഇടിഞ്ഞുപോയത്. റോഡിലേക്കും വിള്ളല്‍ രൂപപ്പെട്ടതോടെ ഗതാഗതം ഉള്‍പ്പെടെയുള്ളത് നിര്‍ത്തിവെച്ചിരുന്നെങ്കിലും വിദഗ്ധര്‍ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കിയതോടെയാണ് പാലം ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ സംരംക്ഷണഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ ഇവിടെ മൂന്ന് സെന്റിലേറെ സ്ഥലവും നഗരസഭയ്ക്ക് നഷ്ടമായിക്കഴിഞ്ഞു. ഇതോടെ നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണാധികാരികളും എത്തുന്ന വാഹനങ്ങളും മറ്റും കോംപ്ലക്‌സിലുള്ള വ്യാപാരസമുച്ചയങ്ങള്‍ക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ്. ഇവിടെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ ദൂരെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നുവേണം എത്താന്‍. നഗരസഭയുടെ ഓഫീസിന് താഴെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപാരം നടക്കുന്നില്ല എന്ന് ഉടമകളുടെ ആരോപണവുമുണ്ട്. അപകട ഭീഷണി ഉയര്‍ത്തുന്ന ഈ സ്ഥലത്തേക്ക് ആവശ്യക്കാര്‍ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. കല്‍ക്കെട്ടിന്റെ ബാക്കിഭാഗവും ഇടിയുന്നതിനുള്ള സാഹചര്യവും നിലവിലുണ്ട്. റോഡില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെതന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണത്തിനായി നഗരസഭയ്ക്ക് ഫണ്ടില്ലെന്നാണ് അറിയുന്നത്. ഏകദേശം 32 ലക്ഷത്തിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും തുക എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭിക്കുന്നതിനായി മന്ത്രി കെ.എം.മാണിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിനായി തുക വകയിരുത്തിയാല്‍ കാലതാമസമില്ലാതെ നിര്‍മ്മാണം ആരംഭിക്കാനാവുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.