കല്ല്യാശ്ശേരിയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ്‌ തീപിടിച്ചു

Tuesday 14 January 2014 11:00 pm IST

കണ്ണൂര്‍: കണ്ണൂര്‍-തളിപ്പറമ്പ്‌ ദേശീയ പാതയില്‍ കല്ല്യാശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ തീപ്പിടിച്ചു. ഗ്യാസ്‌ ടാങ്കര്‍ പൊട്ടിത്തെറിക്കാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാപ്പിനിശ്ശേരി സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിനു മുന്നിലായിരുന്നു അപകടം. ഗ്യാസ്‌ ടാങ്കര്‍ ലോറിയുമായി എതിരെ വന്ന മറ്റൊരു ലോറി കൂട്ടിയിടിക്കുകയും ടാങ്കര്‍ ലോറി മറിയുകയും പാചക വാതകം ചോര്‍ന്ന്‌ തീപ്പിടിക്കുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.10 ഓടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും വന്ന 18 ടണ്‍ പാചക വാതകം നിറച്ച ഐഒസിയുടെ ടാങ്കറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഹൃദയരാജ്‌(28), സെബാസ്റ്റ്യന്‍ (18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും മറ്റ്‌ രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തി. വളപട്ടണം പോലീസ്‌ സ്ഥലത്തെത്തി ലോറി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ടാങ്കറിലിടിച്ച ലോറി നിര്‍ത്താതെ പോയതായി പോലീസ്‌ കണ്ടെത്തി.
അപകടം നടന്ന ഉടനെ പ്രദേശത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദേശീയ പാത വഴിയുളള ഗതാഗതം തിരിച്ചു വിടുകയും ഇതു വഴിയുളള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുളള 20 യൂണിറ്റ്‌ അഗ്നിശമന സേന സ്ഥലത്തെത്തി 10 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തി. പൊട്ടിത്തെറിക്കാതിരിക്കാനായി അഗ്നിശമന സേന തുടര്‍ച്ചയായി ടാങ്കറിന്‌ പുറത്തേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുകയായിരുന്നു. ഉച്ചക്ക്‌ 12 മണിയോടെ ടാങ്കര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ടാങ്കര്‍ മറിഞ്ഞ്‌ രണ്ട്‌ മണിക്കൂറോളം കഴിഞ്ഞു മാത്രമേ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ പ്രദേശത്തേക്ക്‌ കടന്നു ചെന്നുളളൂ. അതുവരെ ദൂരെ നിന്ന്‌ വെളളം പമ്പിംഗ്‌ നടത്തുകയായിരുന്നു. അതിനാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായില്ല. ടാങ്കറിന്റെ ചെറിയ വാള്‍വിലൂടെ മാത്രം ഗ്യാസ്‌ ചോര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പ്രധാന വാല്‍വുവഴി ചോര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ മറ്റൊരു ചാല ദുരന്തം ആവര്‍ത്തിക്കലാകുമായിരുന്നു. ടാങ്കര്‍ കത്തിയമര്‍ന്നതിനു ശേഷം മാത്രമാണ്‌ ദേശീയ പാത വഴി ഗതാഗതം പുനസ്ഥാപിച്ചത്‌. അതുവരെ ഗതാഗതം വളപട്ടണം പാലത്തിന്‌ സമീപം വെച്ച്‌ വഴി തിരിച്ചു വിടുകയായിരുന്നു.
അപകടം നടന്നയുടന്‍ ഡിഐജി സുരേഷ്‌ രാജ്‌ പുരോഹിത്‌, എസ്‌.പി.ഡോ.എസ്‌.ശ്രീനിവാസ്‌ തുടങ്ങിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. തിരുവന്തപുരത്തായിരുന്ന കലക്ടര്‍ എം.ജി.രാജമാണിക്യം ഉച്ചയോടെ കണ്ണൂരിലെത്തി. മന്ത്രി കെ.പി.മോഹനന്‍, എംഎല്‍.എ മാരായ ജയിംസ്‌ മാത്യു, ടി.വി.രാജേഷ്‌, ബിജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.രഞ്ചിത്ത്‌ തുടങ്ങിയവരും വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.