ഭക്തകോടികള്‍ക്ക്‌ നിര്‍വൃതിയേകി മകരജ്യോതിദര്‍ശനം

Tuesday 14 January 2014 10:37 pm IST

ശബരിമല : ശരണമന്ത്ര ധ്വനികള്‍ ഉയര്‍ന്നസന്ധ്യയില്‍ മകരജ്യോതി ദര്‍ശിച്ച്‌ ഭക്തജനലക്ഷങ്ങള്‍ നിര്‍വൃതിനേടി. അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ നിന്ന്‌ ഉയര്‍ന്ന ശരണമന്ത്ര ധ്വനിയില്‍ സന്നിധാനം ഭക്തി സാന്ദ്രമായി. കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ ജ്യോതിര്‍രൂപവും ദര്‍ശിച്ചശേഷം ഭക്തലക്ഷങ്ങള്‍്‌ മലയിറങ്ങി. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന്‌ എത്തിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയായിരുന്നു ഹരിഹരപുത്രന്‌ ദീപാരാധന. സര്‍വ്വാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയേയും മകരജ്യോതിയും ദര്‍ശിക്കാനായി കഴിഞ്ഞ ഒരാഴ്ചയായി പൂങ്കാവനത്തിലും പരിസരപ്രദേശങ്ങളിലും പര്‍ണ്ണശാലകള്‍ ഒരുക്കി ഭക്തലക്ഷങ്ങളാണ്‌ കാത്തിരുന്നത്‌.
ഇന്നലെ വൈകിട്ട്‌ 5.30 ഓടെ ശരംകുത്തിയില്‍എത്തിയ തിരുവാഭരണപേടകത്തെ ആചാരപ്പെരുമകളോടെ ഘോഷയാത്രയായിട്ടാണ്‌ സന്നിധാനത്തേക്ക്‌ എതിരേറ്റത്‌. എക്സിക്യൂട്ടീവ്‌ ഓഫീസര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്ഥരും അയ്യപ്പ സേവാസംഘവും അയ്യപ്പ സേവാസമാജം പ്രവര്‍ത്തകരും ചേര്‍ന്നാണ്‌ പേടകം സന്നിധാനത്ത്‌ എത്തിച്ചത്‌. ഈ സമയം ശൈവവൈഷ്ണവ സാന്നിധ്യം അറിയിച്ച്‌ ആകാശത്ത്‌ ശ്രീകൃഷ്ണപരുന്ത്‌ വട്ടമിട്ടുപറന്നു.
തിരുവാഭരണ പേടക ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍, ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സോപാനത്ത്‌ എത്തിച്ചു. തുടര്‍ന്ന്‌ തിരുവാഭരണ പേടകം തന്ത്രി കണ്ഠരര്‌ മഹേശ്വരരും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന്‌ ഏറ്റുവാങ്ങി ശ്രീലകത്ത്‌ എത്തിച്ചാണ്‌ ഭഗവാന്‌ ചാര്‍ത്തി ദീപാരാധന നടത്തിയത്‌. ഈ സമയത്ത്‌ ആകാശനീലിമയില്‍ മകരനക്ഷത്രം മിഴിതുറന്നു. തുടര്‍ന്ന്‌ പതിനെട്ട്‌ മലകള്‍ക്കും ദൃശ്യമാകുന്നതരത്തില്‍ പൊന്നമ്പലമേട്ടില്‍ വൈകിട്ട്‌ 6.33 ന്‌ മൂന്ന്‌ പ്രാവശ്യം തെളിഞ്ഞ ജ്യോതിര്‍രൂപം കണ്ട്‌ സ്വാമി ഭക്തര്‍ ആനന്ദനിര്‍വൃതിയില്‍ ആറാടി ശരണം വിളികളോടെ മലയിറങ്ങി.
ജി.ഗോപകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.