നിയമന നിരോധനം പൂര്‍ണ്ണം

Tuesday 14 January 2014 10:30 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ നിയമന നിരോധനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പുതിയ നിയമനങ്ങളൊന്നും നടത്തേണ്ടെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. വിവിധ വകുപ്പു മേധാവികളോട്‌ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടന്ന വാക്കാല്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. വവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 35,000ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ നിലനില്‍ക്കുമ്പോഴാണ്‌ പുതിയ നിയമനങ്ങളൊന്നും നടത്തേണ്ടന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഔദ്യോഗിക കണക്കുപ്രകാരം 20,368 ഒഴിവുകളാണ്‌ വിവിധ വകുപ്പുകളിലുള്ളത്‌. അനൗദ്യോഗിക കണക്കുപ്രകാരം അത്‌ 35,000നു മുകളിലാണ്‌.
സംസ്ഥാനത്ത്‌ കടബാധ്യത കൂടിവരികയും വരുമാനം കുറയുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. കടമെടുക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 24011.69 കോടി രൂപ കടമെടുത്തു. വികസന പ്രവൃത്തികള്‍ക്കായി ഡിസംബര്‍ 31 വരെ പൊതുവിപണിയില്‍ നിന്നും 9700 കോടിയും ദേശീയലഘു സമ്പാദ്യ പദ്ധതിയില്‍ നിന്നും 107 കോടിയും കേന്ദ്രസര്‍ക്കാരില്‍ നിന്നും 330.67 കോടിയും നബാര്‍ഡില്‍ നിന്നും 218.56 കോടിയും കടമെടുത്തിട്ടുണ്ട്‌. ആകെ കടം കയറിയ സര്‍ക്കാര്‍ ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ ഞെരുങ്ങുകയാണ്‌. ഈ അവസ്ഥയിലാണ്‌ പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന്‌ തീരുമാനിച്ചിരിക്കുന്നത്‌.
വകുപ്പുകള്‍ ഒഴിവുകള്‍ പിഎസ്സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്താല്‍ അഡ്വൈസ്‌ മെമ്മോ അയച്ച ശേഷം പിന്നീട്‌ നിയമം നല്‍കാതിരിക്കുന്ന സ്ഥിതിയുണ്ട്‌. കെഎസ്‌ആര്‍ടിസിയില്‍ സംഭവിച്ചത്‌ അതാണ്‌. 9300 പേര്‍ക്ക്‌ കെഎസ്‌ആര്‍ടിസിയിലെ ഒഴിവുകളിലേക്ക്‌ പിഎസ്സി മെമ്മോ അയച്ചെങ്കിലും ഒരാള്‍ക്കു പോലും നിയമനം നല്‍കിയില്ല. കെഎസ്‌ആര്‍ടിസിയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പുതിയ നിയമനങ്ങളൊന്നും നടത്തേണ്ടെന്ന്‌ എംഡി പിഎസ്സിക്ക്‌ കത്തും നല്‍കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ വകുപ്പുകളോട്‌ ഒഴിവുകളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യേണ്ടെന്ന്‌ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസിയില്‍ 3000 ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ടെങ്കിലും അതിനിയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
വിവിധ വകുപ്പുകളിലെ ഒഴിവുള്ള എല്‍ഡി ക്ലര്‍ക്ക്‌ നിയമനത്തിനായി പിഎസ്സി 57606 പേരുടെ റാങ്ക്‌ പട്ടിക തയ്യാറാക്കിയിരുന്നു. 2010-11 വര്‍ഷത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന്‌ 4000ല്‍ താഴെ നിയമനങ്ങള്‍ മാത്രമാണിതുവരെ നടന്നിട്ടുള്ളത്‌. ചില ജില്ലകളില്‍ വിരലില്‍ എണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ്‌ നടത്തിയത്‌. ഈ റാങ്ക്‌ പട്ടിക നിലനില്‍ക്കെ തന്നെ പിഎസ്സി പുതിയ പരീക്ഷ നടത്തി. സര്‍ക്കാര്‍ നിയമന നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ പിഎസ്സി വീണ്ടും വീണ്ടും പരീക്ഷകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. ചില പരീക്ഷാ ലോബികളെ സഹായിക്കാനും ഗൈഡ്‌ മാഫിയക്ക്‌ പണമുണ്ടാക്കാനും വേണ്ടിയാണ്‌ പരീക്ഷകള്‍ ഇടയ്ക്കിടയ്ക്ക്‌ നടത്തുന്നത്‌. 2010-11 വര്‍ഷത്തില്‍ തയ്യാറാക്കിയ പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതംഗീകരിക്കാതെയായിരുന്നു പുതിയ പരീക്ഷ നടത്തിയത്‌.
പരീക്ഷകള്‍ നടത്തുന്നത്‌ പിഎസ്സിക്ക്‌ വലിയ സാമ്പത്തിക ബാധ്യതയും വരുത്തുന്നുണ്ട്‌. 2010-11 ലെ എല്‍ഡിസി പരീക്ഷയുടെ നടത്തിപ്പിന്‌ മൊത്തം ചെലവായത്‌ 56 കോടിരൂപയായിരുന്നു. 2011-12ല്‍ നടത്തിയ പരീക്ഷയ്ക്ക്‌ ചിലവായത്‌ 76.65 കോടിയും. നിയമനം നടത്തില്ലെന്ന്‌ ഉറപ്പുണ്ടായിട്ടും ചടങ്ങുപോലെ സ്ഥിരമായി പരീക്ഷ നടത്തുന്ന പിഎസ്സിയുടെ നടപടി അഴിമതിയാണെന്ന ആക്ഷേപമാണ്‌ ഉയരുന്നത്‌. സര്‍ക്കാര്‍ നിയമന നിരോധനം പ്രഖ്യാപിച്ചെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പിഎസ്സിയിലും പിന്‍വാതില്‍ നിയമനങ്ങള്‍ കാര്യമായി നടക്കുന്നുണ്ട്‌. പണം വാങ്ങിയും സ്വന്തക്കാര്‍ക്കുവേണ്ടിയുമാണ്‌ ഇത്തരം നിയമനങ്ങള്‍ നടത്തിവരുന്നത്‌. പിഎസ്സിയിലുള്ള ഒഴിവുകള്‍ പോലും നികത്തുന്നതിന്‌ പിന്‍വാതില്‍ നിയമനങ്ങളാണ്‌ നടത്തുന്നത്‌. കോഴിക്കോട്‌, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ പിഎസ്സി ആസ്ഥാനത്തും ഇത്തരം നിയമനങ്ങള്‍ നടന്നിട്ടുണ്ട്‌. താല്‍ക്കാലിക നിയമനം നേടിയവരെ പിരിച്ചുവിടാതിരിക്കാന്‍ വേണ്ടിയും സ്ഥിരം നിയമനം നടത്താതിരിക്കുന്നുണ്ട്‌.
ആര്‍. പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.