ചന്ദനത്തിന് നല്ല ഔഷധഗുണമുണ്ട്. പ്രത്യേക സ്ഥാനങ്ങളില്‍ ചന്ദനം തൊടുന്നതുവഴി ശരീരവും നാഡികളും തണുക്കുന്നു. അവയുടെ ആരോഗ്യം വര്‍ധിക്കുന്നു. കൂടാതെ ചന്ദനം ധരിക്കുന്നതിന് പിറകില്‍ ഒരു തത്ത്വവുമുണ്ട്. ചന്ദനത്തിന് പരിമളമുണ്ട്. ആ പരിമളം അതില്‍ തന്നെയാണ്. അത് വേറെങ്ങും ഉള്ളതല്ല. അതുപോലെ ആനന്ദം നമ്മില്‍ത്തന്നെയുണ്ട്. നമ്മള് അത് മനസ്സിലാക്കി ജീവിക്കണം എന്നുള്ളതാണ്. ചന്ദനത്തടി ചെളിയില്ക്കിടന്നാല് പുറം ചീഞ്ഞുനാറും. എന്നാല്‍ അത് കഴുകി വൃത്തിയാക്കി ചാണയിലുരച്ചാല്‍ എത്ര നല്ല സുഗന്ധം! അതുപോലെ ചീഞ്ഞുനാറുന്ന ഭൗതികകാര്യങ്ങളില്‍ ആണ്ടുകിടക്കുന്നതിനാല് ആത്മാവിന്റെ സുഗന്ധം അനുഭവിക്കാനാവുന്നില്ല. ഇന്ന് നമ്മള് നിസ്സാരമായ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി നമ്മിലെ ജീവചൈതന്യത്തെ നശിപ്പിക്കുകയാണ്. ഈ ശരീരത്തിന്റെ ഉദ്ദേശ്യം ആത്മസാക്ഷാല്‍ക്കാരമാണ്. അത് മനസ്സിലാക്കാതെ അല്പനേരത്തെ സുഖത്തിനുവേണ്ടി നമ്മള് ഇന്ദ്രിയങ്ങളെയും ശരീരത്തെയും പാഴാക്കിക്കളയുന്നു. ഈ തത്ത്വമാണ് ചന്ദനം നമ്മെ പഠിപ്പിക്കുന്നത്. ഈ ജീവിതത്തെ ആത്മാവിനെ അറിയുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തിയാല്‍ എന്നെന്നും ആനന്ദകരമായി ജീവിക്കാം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: